ഡബിള്‍ ഡെക്കറില്‍ ഇരുന്ന് ഫുഡ് അടിച്ചാലോ? വൈക്കത്തേക്ക് വിട്ടോ?

ഡബിള്‍ഡെക്കര്‍ ബസുകള്‍ കാണുന്നത് ഏല്ലാവര്‍ക്കും ഒരു കൗതുകകരമായ കാര്യമാണ്. എന്നാല്‍, അതിലിരുന്ന് ഭക്ഷണം ക‍ഴിച്ചാലോ…? വൈക്കത്തേക്ക് വിട്ടോ എന്നാല്‍. വൈക്കം കായലോരത്ത് കെ.ടി.ഡി.സി. ഡബിള്‍ഡെക്കര്‍ ബസില്‍ ആരംഭിച്ച ഫുഡി വീൽസ് ഭക്ഷണശാല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

വൈക്കത്ത് ആരംഭിച്ച ഡബിൾ ഡെക്കർ ബസ് ഭക്ഷണശാല സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് പൊതുമരാമത്ത്, മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.  വൈക്കം കായലോരത്ത് കെ.ടി.ഡി.സി. ഒരുക്കിയ ഫുഡി വീൽസ് ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി.യുടെ ഉപയോഗശൂന്യമായ എല്ലാ ബസുകളെയും ടൂറിസത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം- അദ്ദേഹം പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി നിയന്ത്രണങ്ങൾ ഉള്ള കായലോരപ്രദേശങ്ങളിൽ ഗതാഗത യോഗ്യമല്ലാത്ത ബസുകൾ നവീകരിച്ചുള്ള സംരംഭങ്ങൾക്ക് വൻ സാധ്യതയാണുള്ളതെന്ന് മുഖ്യാതിഥി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുക രതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രഞ്ജിത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പുഷ്പ മണി, ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, വാർഡ് അംഗം ബിന്ദു ഷാജി എന്നിവർ പങ്കെടുത്തു. കെ.ടി.ഡി.സി മാനേജിങ്‌ ഡയറക്ടർ കൃഷ്ണതേജ സ്വാഗതവും മാർക്കറ്റിങ്‌ മാനേജർ ജി.എസ്. രാജ് മോഹൻ നന്ദിയും പറഞ്ഞു.

ഫുഡി വീൽസ് എന്ന പേരിൽ കെ.എസ്.ആർ.ടി.സി. എൻജിനീയറിങ്‌ വിഭാഗം നിർമിച്ച ഭക്ഷണശാല ഏഴ് മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. 40 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടംചെയ്ത ബസാണ് രൂപമാറ്റം വരുത്തി ഡബിൾ ഡെക്കർ ആക്കിയത്.

20 ഇരിപ്പിടങ്ങളുള്ള താഴത്തെനില പൂർണമായും ശീതീകരിച്ചതാണ്. 24 ഇരിപ്പിടങ്ങളുള്ള മുകളിലത്തെനില ഓപ്പൺ ഡെക്ക് മാതൃകയിലാണുള്ളത്. സമീപമുള്ള പുൽത്തകിടിയിലും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കെ.ടി.ഡി.സിയുടെ ബോട്ട് മാതൃകയിലുള്ള ഭക്ഷണശാലയ്ക്ക് സമീപമാണ് പുതിയ ഡബിൾ ഡെക്കർ ഭക്ഷണശാലയും സജ്ജമായിട്ടുള്ളത്. ടോയ്‌ലറ്റ് സൗകര്യമടക്കം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News