ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെയും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ ഉദ്ഘാടനം പമ്പയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പുകളുമായി ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. മൂന്നു ദിവസത്തേക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ശബരിമല തീര്‍ഥാടകള്‍ സുരക്ഷയെക്കരുതി അവരുടെ വരവ് ഒഴിവാക്കിയാല്‍ ഈ മാസം 18ന് ശേഷം ഒരാഴ്ചക്കാലം ഇതേ ടിക്കറ്റ് ഉപയോഗിച്ച് ശബരിമല ദര്‍ശനം നടത്താം. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഓരോ മുന്നറിയിപ്പുകളും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പമ്പയില്‍ ട്രാക്ടര്‍ സംവിധാനം സമയബന്ധിതമായി ക്രമീകരിക്കും. മഴ തുടരുന്നതിനാലും പമ്പയാറിലെ നീരൊഴുക്ക് ശക്തമായതിനാലും അടുത്ത മൂന്നു ദിവസം പമ്പാ സ്‌നാനം അനുവദിക്കുന്നതല്ല. അവ വ്യക്തമാക്കുന്ന മുന്നറിയിപ്പുകളും ബോര്‍ഡുകളും സ്ഥാപിക്കും.

കൊവിഡ് കാലഘട്ടമായതുകൊണ്ട് തന്നെ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുകയും വേണം. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട മൂന്ന് പ്രശ്‌നങ്ങളാണുള്ളത്.

194 ശതമാനം അധിക മഴയാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. എല്ലായിടവും മണ്ണ് കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയും ഉണ്ട്. കക്കി ഡാം തുറന്നതും കഠിനമായ മഴയും കാരണം പമ്പയില്‍ ശക്തമായ വെള്ളമാണുള്ളത്.

ഉള്‍മേഖലയില്‍ ഉരുള്‍ പൊട്ടുന്നത് അറിയാന്‍ വൈകുന്നതും പ്രശ്‌നമാണ്. മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ട് വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക് 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റായി വീശുമെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരുക്കങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെയും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെയും നേതൃത്വത്തില്‍ മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളാണ് ആരംഭിച്ചത്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവടങ്ങളിലാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

ശബരിമല അഡീഷണല്‍ മജിസ്ട്രേറ്റിനാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ ചുമല. സാറ്റലൈറ്റ് ഫോണ്‍, വോക്കി ടോക്കി, ഫോണ്‍ കണക്ഷന്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, ഹോട്ട്‌ലൈന്‍, ഹണ്ട് ലൈന്‍, അസ്‌കാ ലൈറ്റുകള്‍, മൈക്രോഫോണുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയ്, സെര്‍ച്ച് ലൈറ്റ് എന്നിവയാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ ഉണ്ടാകുക.

കാലാവസ്ഥ ഉയര്‍ത്തുന്ന പ്രതിസന്ധിയിലും സര്‍ക്കാരിന്റെ എല്ലാവകുപ്പുകളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും ശബരിമല തീര്‍ഥാടനം സുഗമമാക്കുവാന്‍ പൂര്‍ണ്ണസജ്ജമായി പ്രവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനവും വിലയിരുത്തുന്നുണ്ട്.പത്തനംതിട്ട ജില്ലയ്ക്ക് മതമായി സമഗ്രമായ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കുന്നതിനുള്ള ദുരന്തനിവാരണ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ പ്രത്യേകയോഗവും ചേര്‍ന്നു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News