സംവിധായകന്‍ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത് മുതല്‍ ആ കഥ തന്നെ വേട്ടയാടുകയായിരുന്നു; ടോവിനോ തോമസ്

കൊവിഡിന് ശേഷം സിനിമാ തീയറ്ററുകളില്‍ ആഘോഷമാക്കിയ സിനിമയാണ് ‘കുറുപ്പ്’. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയില്‍ ദുല്‍ഖറാണ് കുറുപ്പിനെ അവതരിപ്പിക്കുന്നത്.

സുകുമാര കുറുപ്പിനാല്‍ കൊല്ലപ്പെടുന്ന ചാക്കോയെ ചാര്‍ലി എന്ന പേരില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ ടൊവിനോ തോമസാണ്.

ഇപ്പോള്‍ കുറുപ്പ് സിനിമയിലെത്തിയതിനെക്കുറിച്ചും ചാര്‍ലി എന്ന കഥാപാത്രമായതിനെക്കുറിച്ചും ചാക്കോയെക്കുറിച്ചും സംസാരിക്കുകയാണ് ടൊവിനോ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടൊവിനോ സിനിമയിലെ അനുഭവങ്ങള്‍ പറഞ്ഞത്.

ടോവിനോയുടെ വാക്കുകള്‍

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ കുറുപ്പിന്റെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത് മുതല്‍ ആ കഥ തന്നെ വേട്ടയാടുകയായിരുന്നു

”കുറുപ്പില്‍ ചാര്‍ലിയെ അവതരിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചില കാരണങ്ങള്‍ കൊണ്ടാണ്. ശ്രീനാഥ് രാജേന്ദ്രന്‍ എന്നെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത് മുതല്‍ അതെന്നെ വേട്ടയാടുകയായിരുന്നു.

സ്‌ക്രീനില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വൈകാരികപരമായും വെല്ലുവിളിയായിരുന്നു.

എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് ഞാന്‍ ആലോചിച്ചിരുന്നു. അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു,” ടൊവിനോ പറയുന്നു.

ചാക്കോ കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് താന്‍ ജനിച്ചത് എന്ന യാദൃശ്ചികതയും ടൊവിനോ പോസ്റ്റില്‍ എടുത്ത് പറയുന്നു. ചാക്കോയുടെ കഥ തന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്ന് തോന്നിയതായും താരം പറഞ്ഞു.

‘പിന്നീട് മറ്റൊരു യാദൃശ്ചികതയും ഞാന്‍ കണ്ടെത്തി. ചാക്കോ കൊല്ലപ്പെടുന്നത് 1984 ജനുവരി 21നാണ്. ഞാന്‍ ജനിക്കുന്നതിന് കൃത്യം അഞ്ച് വര്‍ഷം മുന്‍പ്. കേള്‍ക്കുമ്പോള്‍ കുറച്ച് ഭയാനകമായി തോന്നുമെങ്കിലും, ചാക്കോയുടെ കഥ എന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്നാണ് തോന്നിയത്.

അവസാനമായി, ഒപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയ കഴിവുറ്റ ഒരു ക്രൂ. ശ്രീ ഏട്ടന്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, ഓരോ വ്യക്തിയും. നിങ്ങളുടെയെല്ലാം കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിലും കുറുപ്പിന്റെ ഭാഗമാകാന്‍ സാധിച്ചതിലും വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്.

ചാക്കോയോടും കുടുംബത്തോടുമുള്ള എന്റെ സ്നേഹവും ഞാന്‍ ഈയവസരത്തില്‍ അറിയിക്കുന്നു. ചാര്‍ലി എന്ന കഥാപാത്രം എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും അതേസമയം വൈകാരികപരമായി വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമായിരിക്കും. എന്നെ ഈ സിനിമയിലെത്തിച്ച വേയ്ഫറര്‍ ഫിലിംസിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നു,” താരം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News