മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 41 വര്‍ഷം

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ഓര്‍മയായിട്ട് ഇന്നേക്ക് 41 വര്‍ഷങ്ങള്‍ തികയുന്നു. 1980 നവംബര്‍ 16നാണ് ആ മഹാ നടനെ മലയാള സിനിമയ്ക്ക് നഷ്ടമായത് കൃഷ്ണന്‍ നായര്‍ അഥവാ ജയന്‍ ജീവിതത്തോട് വിട പറഞ്ഞ ദിവസമായിരുന്നു അത്. ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്.

1974-ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ കാലമായിരുന്നു. 120-ലധികം സിനിമകള്‍ അഭിനയിച്ച പാരമ്പര്യമുള്ള ജയന്‍ പിന്നീട് നിത്യഹരിത നടനായി തുടര്‍ന്നു.

ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തില്‍ ജയന്‍ ഗര്‍ജ്ജിക്കുമ്പോള്‍ ആ സ്വരഗാംഭീര്യത്തില്‍ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവര്‍ പോലും കയ്യടിച്ചു.

സാഹസികത നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളോട് ജയന് വലിയ താല്‍പര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തില്‍ സ്വന്തമായൊരു സിംഹാസനം ജയന്‍ തീര്‍ത്തത്. മറ്റ് നായകനടന്മാര്‍ക്കുവേണ്ടി ഡ്യൂപ്പുകള്‍ അടികൂടുമ്പോള്‍ ജയന്‍ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവില്‍ ജയന്റെ ജീവനെടുത്തത്.

തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകന്‍ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടില്‍ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിര്‍മാതാവ് പറയുന്നു. റീടേക്കില്‍ ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ബെല്‍ബോട്ടന്‍ പാന്റസും തീ പാറുന്ന ഡയലോഗും കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ ഒരു ജനപ്രിയ താരമായി മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here