
കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോട്ടലുടമ റോയി ജെ വയലാട്ടിനെ ചോദ്യം ചെയ്യുന്നു. എറണാകുളം സൗത്ത് എസിപിക്ക് മുമ്പാകെയാണ് ഹോട്ടല്‍ ഉടമ രാവിലെ ഹാജരായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഇയാള്‍ ഹാജരാക്കിയതായും എസിപി വൈ. നിസ്സാമുദ്ദീന്‍ പറഞ്ഞു.
രാവിലെ പത്ത് മണിയോടെയാണ് ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡിവിആറും ഇയാള്‍ ഹാജരാക്കി.
ഇതില്‍ ഡി ജെ പാര്‍ട്ടി നടന്നതിന്‍റെയും പാര്‍ക്കിംഗ് ഏരിയയിലെയും ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇതോടെ അപകടത്തിലെ ദുരൂഹത നീക്കാനാകുമെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തേ പൊലീസ് ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഡി വി ആര്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരമാണ് ഡി വി ആര്‍ മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ മൊഴി. ഇതെത്തുടര്‍ന്നാണ് ഹോട്ടലുടമ റോയിയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. അപകടം നടന്നതറിഞ്ഞയുടന്‍ സിസിടിവി ദൃശ്യങ്ങള്‍ എന്തിന് ഒളിപ്പിച്ചുവെന്ന കാര്യത്തില്‍ പൊലീസ് റോയിയില്‍ നിന്ന് വ്യക്തത തേടും.
അപകടത്തിനു തൊട്ടുമുന്‍പ് വരെ മറ്റൊരു കാര്‍ പിന്തുടര്‍ന്നതായും കണ്ടെത്തിയിരുന്നു. അപകടത്തിനു ശേഷം, പിന്തുര്‍ന്ന കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സൈജു,, റോയിയെ വിളിച്ചതായും ഫോണ്‍രേഖകളില്‍ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫോണ്‍വിളി എന്തിനായിരുന്നുവെന്നും പൊലീസ് ചോദിച്ചറിയും.
ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ എന്തെങ്കിലും തര്‍ക്കങ്ങളോ സംഘര്‍ഷമോ ഉണ്ടായോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാണ്. കാറുകള്‍ തമ്മില്‍ മത്സരയോട്ടമായിരുന്നോ അതോ യാത്രക്കിടെ രണ്ടു വാഹനങ്ങളിലുണ്ടായിരുന്നവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ എന്നെല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അബ്ദുള്‍ റഹ്മാനെയും പിന്തുടര്‍ന്ന വാഹനത്തിലുണ്ടായിരുന്ന സൈജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് റോയിയുടെ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണ്ണായകമാകുന്നതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here