രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, അന്വേഷണ മികവിനും പരിശീലന മികവിനുമുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ മെഡൽ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വിതരണം ചെയ്തു. പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, ജയിൽ, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരാണ് മെഡലുകൾ ഏറ്റുവാങ്ങിയത്.

മഹാമാരിയും പ്രകൃതി ദുരന്തവും പ്രതിസന്ധി സൃഷ്ടിച്ച നാളുകളിൽ ജനങ്ങൾക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും ഒരുക്കിയ വകുപ്പുകളിൽ എടുത്തുപറയേണ്ടവയാണ് പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, ജയിൽ, മോട്ടോർ വാഹന വകുപ്പ് എന്നിവയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്രിമിനൽ കേസുകളിലും സൈബർ കേസുകളിലും സ്ത്രീപീഡന കേസുകളിലും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ഫലപ്രദമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഉയർന്ന അന്വേഷണ മികവിനൊപ്പം ആധുനിക സാങ്കേതികവിദ്യ കൂടി സമന്വയിപ്പിച്ചാണ് ഈ മേഖലയിൽ മുന്നേറ്റം നേടാനായത്. ഫയർഫോഴ്സ്, എക്സൈസ്, ജയിൽ, മോട്ടോർവാഹന വകുപ്പുകൾ കാഴ്ചവച്ച സേവനങ്ങളെ മുഖ്യമന്ത്രി പ്രകീർത്തിച്ചു.

24 പൊലീസ് ഉദ്യോഗസ്ഥരാണ് വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമായി നൽകുന്ന രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്. അന്വേഷണ മികവ്, സ്പെഷ്യൽ ഓപ്പറേഷൻ, പരിശീലന മികവ് എന്നീ മേഖലകളിൽ 2018, 2019, 2020 വർഷങ്ങളിലായി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിൻറെ മെഡൽ ലഭിച്ച 19 പൊലീസ് ഉദ്യോഗസ്ഥർക്കും മെഡലുകൾ വിതരണം ചെയ്തു. വിവിധ ജില്ലകളിൽ നടന്ന ചടങ്ങിൽ 257 പേർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഏറ്റുവാങ്ങി.

ഫയർഫോഴ്സ്, എക്സൈസ് വകുപ്പുകളിൽ നിന്ന് 24 പേർ വീതവും ജയിൽ വകുപ്പിലെ 15 പേരും മോട്ടോർ വാഹനവകുപ്പിലെ 17 പേരും ബന്ധപ്പെട്ട വകുപ്പുമേധാവികളിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ സാന്നിധ്യത്തിൽ മെഡലുകൾ സ്വീകരിച്ചു.

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വിതരണം ചെയ്തു. സംസ്ഥാനത്തെ മറ്റ് 25 പൊലീസ് യൂണിറ്റുകളിൽ നടന്ന ചടങ്ങിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കുവേണ്ടി മറ്റ് പുരസ്കാരങ്ങളുടെ വിതരണം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News