സിൽവർലൈൻ സാമൂഹിക ആഘാത പഠനം: അതിരടയാള കല്ലിടൽ പുരോഗമിക്കുന്നു

കേരള റെയിൽ ഡവലപ്മെൻറ് കോർപറേഷൻ (കെ-റെയിൽ) നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിൻറെ മുന്നോടിയായി അലൈൻമെൻറിൻറെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ്  പാത നിർമിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കാസർഗോഡ് നിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം.

2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവര ശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്. പതിനൊന്ന് ജില്ലകളിലൂടെയാണ് സിൽവർലൈൻ കടന്നു പോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കും.

1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സർവേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. സിൽവർലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷ്യൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ ഇവിടെ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാത്. കുഞ്ഞിമംഗലം വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകൾ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചു.

തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News