സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതിയും ഗുണമേന്മയും ഉറപ്പാക്കണം; മന്ത്രി ഡോ.ആര്‍.ബിന്ദു

സർവകലാശാലകൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതിയും ഗുണമേന്മയും ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ മികച്ച സർവ്വകലാശാലകൾക്കുള്ള ചാൻസലേഴ്സ് പുരസ്കാര ദാനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസരംഗത്തെ ശാക്തീകരിക്കലാണ് ഈ സർക്കാരിൻറെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളിലൊന്ന്. സർവകലാശാലകളിൽ ഗവേഷണവും അക്കാദമിക മികവും മെച്ചപ്പെടുത്തുന്നതുൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ഗുണമേന്മ വർദ്ധിപ്പിക്കാൻ സർക്കാർ ഒപ്പമുണ്ട്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഗവേഷണോത്സുകരായ വിദ്യാർത്ഥികൾക്ക് സമൂഹത്തിൻറെ ഉത്പാദനപ്രക്രിയയുമായി ബന്ധപ്പെട്ട ഗവേഷണപ്രവർത്തനങ്ങൾക്ക് സർവകലാശാലകളിൽ ഇടം ലഭ്യമാക്കും. അത്തരം ഗവേഷണങ്ങൾ വഴി അവർക്ക് സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ പ്രാപ്യമാക്കും.

2019, 2020 വർഷങ്ങളിൽ മൾട്ടിഡിസിപ്ലിനറി, സ്പെഷ്യലൈസ്ഡ്/എമർജിങ്ങ് യംങ് സർവ്വകലാശാല എന്നി വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർവ്വകലാശാലകൾക്കാണ് അവാർഡുകൾ നൽകിയത്. ഈ അവാർഡ് എല്ലാ സർവകലാശാലകൾക്കും മാർഗ്ഗദർശിയാകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

2019 ലെ മികച്ച സർവ്വകലാശാലയ്ക്കുള്ള ചാൻസലേഴ്സ് അവാർഡ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും, എമർജിങ്ങ് യംങ് സർവ്വകലാശാലയ്ക്കുള്ള അവാർഡ് കേരള വെറ്റിനറി സർവ്വകലാശാലയും ഏറ്റുവാങ്ങി. 2020 ലെ മികച്ച സർവ്വകലാശാലയ്ക്കുള്ള അവാർഡ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും മഹാത്മഗാന്ധി സർവ്വകലാശാലയും പങ്കിട്ടു. സ്പെഷ്യലൈസ്ഡ് വിഭാഗത്തിൽ കേരള കാർഷിക സർവ്വകലാശാലയാണ് അവാർഡ് നേടിയത്.

ഭാരത് രത്ന പ്രൊഫ. സി.എൻ.ആർ.റാവുവിൻറെ നേതൃത്വത്തിലുള്ള ഒമ്പതംഗ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിച്ചത്. പ്രശസ്തി പത്രവും ട്രോഫിയും ഉൾപ്പെടെ മികച്ച സർവ്വകലാശാലയ്ക്ക് അഞ്ചുകോടി രൂപയും, സ്പെഷ്യലൈസ്ഡ് സർവ്വകലാശാലയ്ക്ക് ഒരു കോടി രൂപയും അടങ്ങുന്നതാണ് അവാർഡ്.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു.ഐഎഎസ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗ്ഗീസ്, സർവകലാശാലകളിലെ വൈസ് ചാൻസിലർമാരായ പ്രൊഫ. സാബു തോമസ് (മഹാത്മാഗാന്ധി), പ്രൊഫ. കെ.എൻ മധുസൂദനൻ (കൊച്ചിൻ യൂണിവേഴ്സിറ്റി), ഡോ. ആർ. ചന്ദ്രബാബു (കാർഷിക), പ്രൊഫ. എം.ആർ ശശീന്ദ്രനാഥ് (വെറ്ററിനറി), ഡോ. മഹാദേവൻ പിള്ള (കേരള), ഡോ. സജി ഗോപിനാഥ് (ഡിജിറ്റൽ), ഡോ. ധർമ്മരാജ് അഡാട്ട് (സംസ്കൃതം) എന്നിവരും പ്രൊ. വൈസ് ചാൻസലർമാർ, സിൻഡിക്കേറ്റംഗങ്ങൾ, ഡീന്മാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News