കമ്പാലയിലെ ഇരട്ട ബോംബ് സ്‌ഫോടനം; ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലയിലെ ഇരട്ട ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഇന്നലെ നടന്ന ഇരട്ട ബോംബാക്രമണത്തില്‍ അക്രമികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലെ കമ്പാലയില്‍ രണ്ടിടത്തായി നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുന്നത്. കോംഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന തീവ്രവാദ ഗ്രൂപ്പ് ആണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ ഉഗാണ്ടന്‍ പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍, സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് തങ്ങളുടെ അമാഖ് ന്യൂസ് ഏജന്‍സിയിലൂടെ ഐഎസ് രംഗത്തെത്തി.

ഈയിടെ കോംഗോയിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും എഡിഎഫ് നടത്തിയ ആക്രമണങ്ങളില്‍ പലതും ഐഎസ് ഏറ്റെടുത്തിരുന്നു. സൊമാലിയയിലെ മിലിറ്റന്റ് ഗ്രൂപ്പായ അല്‍ ഷബാബിനെ അമര്‍ച്ച ചെയ്യാനുള്ള ആഫ്രിക്കന്‍ യൂണിയന്‍ മിഷനിലേക്ക് പട്ടാളക്കാരെ നല്‍കിയതിന് പ്രതികാരമായാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍. ഇതോടെ ആഫ്രിക്കയിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ അന്താരാഷ്ട്ര ബന്ധം കൂടിയാണ് വെളിവാകുന്നത്.

ഉഗാണ്ടന്‍ പാര്‍ലമെന്റ് കെട്ടിടത്തിന് മുന്നിലേക്ക് മോട്ടോര്‍സൈക്കിള്‍ ടാക്‌സിയിലെത്തിയ രണ്ടക്രമികള്‍ പൊട്ടിത്തെറിച്ചപ്പോഴാണ് വഴിയാത്രക്കാരന്‍ കൊല്ലപ്പെട്ടത്. രണ്ടാമത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്ന ചാവേറാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മൂന്നാമതും ബോംബാക്രമണം ആസൂത്രണം ചെയ്തിരുന്നുവെങ്കിലും നിര്‍വീര്യമാക്കിയെന്നാണ് പൊലീസ് വിശദീകരണം.

പൊലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ ബോംബാക്രമണം നടത്താന്‍ ശ്രമിച്ച അക്രമിക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബോംബാക്രമണങ്ങളില്‍ കാറുകളും കത്തിനശിച്ചു. പരുക്കേറ്റ 33 പേരില്‍ 21 പേര്‍ പൊലീസ് ഓഫീസര്‍മാരാണെന്ന് ഉഗാണ്ടന്‍ റെഡ് ക്രോസ് അറിയിച്ചു. അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലാണ്.

പാര്‍ലമെന്റിന് മുന്നിലെ ബോംബാക്രമണത്തിനെ തുടര്‍ന്ന് പാര്‍ലമെന്റ് സെഷന്‍ നിര്‍ത്തിവച്ചിരുന്നു. സ്‌ഫോടനം നടന്ന ഇടങ്ങളെല്ലാം നേരത്തെ തന്നെ ശക്തമായ സുരക്ഷാവലയത്തിലായിരുന്നുവെന്നതിനാല്‍ ആശങ്ക വര്‍ധിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here