പരാതിയുടെ കൂമ്പാരവുമായി ഉമ്മൻ ചാണ്ടി; സോണിയാഗാന്ധിയുമായി ചർച്ച ഇന്ന്

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഉമ്മൻ ചാണ്ടി ഇന്ന് സോണിയാഗാന്ധിയുമായി ചർച്ച നടത്തും. പുനഃസംഘടനക്കെതിരെ ഹൈക്കമാൻഡിനെ പരാതി അറിയിക്കാൻ കഴിഞ്ഞ ദിവസമാണ് ഉമ്മൻചാണ്ടി ദില്ലിയിൽ എത്തിയത്. രമേശ് ചെന്നിത്തലയും പരാതിയുമായി ദില്ലിയിലെത്തി കോൺഗ്രസ് ദേശീയ നേതൃത്വത്തിനെ കണ്ടേക്കും എന്നാണ് സൂചന.

ഗ്രൂപ്പ് നേതാക്കൾക്കെതിരെ പരസ്യപ്പോര് പ്രഖ്യാപിച്ച കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉള്ള പരാതിയുമായി ആണ് ഉമ്മൻചാണ്ടി ദില്ലിയിൽ എത്തിയത്. എ ഐ സി സി സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡിസിസി പുനഃസംഘടന നിർത്തിവെക്കണമെന്ന് ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം തള്ളി കെ സുധാകരനും വിഡി സതീശനും പുനഃസംഘടനയുമായി മുന്നോട്ട് പോകുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ സംഘടന തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രസ്താവന തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിമർശനം. സംഘടനാ തെരഞ്ഞെടുപ്പ് നടന്നാൽ മതിയായ പിന്തുണ ലഭിക്കില്ല എന്ന ആശങ്ക കാരണമാണ് കെ സുധാകരനും വി ഡി സതീശനും പുനഃസംഘടനയുമായി മുന്നോട്ടുപോകുന്നത്.

കെപിസിസി പുനഃസംഘടന നിർത്തിവെക്കണമെന്ന് ആവശ്യവുമായാണ് ഇന്ന് ഉമ്മൻചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുക.സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറൽ സെക്രടറി താരിഖ് അൻവറുമായും കഴിഞ്ഞദിവസം ഉമ്മൻചാണ്ടി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.

ഉമ്മൻചാണ്ടിയുടെ പരാതി സ്വീകരിച്ചുവെന്നും പരാതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നും താരിഖ് അൻവർ കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കിയിരുന്നു.

ഉപദേശങ്ങൾ നൽകുക മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുടെ റോൾ എന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയും കാരണം പോലും ചോദിക്കാതെ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ രമേശ്‌ ചെന്നിത്തലയും പരാതി ബോധിപ്പിക്കാൻ ദില്ലിയിൽ എത്തുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News