കെപിസിസി പുനഃസംഘടന; സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഉമ്മൻ ചാണ്ടി

കെപിസിസി പുനഃസംഘടനയിൽ എതിർപ്പ് അറിയിച്ച് ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃ സംഘടന അനുവദിക്കരുത് എന്ന് കോൺഗ്രസ് അധ്യക്ഷയുമായി നടത്തിയ ചർച്ചയിൽ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതായി ആണ് സൂചന.

അതേസമയം, ഗ്രൂപ്പ് നേതാക്കൾക്കെതിരെ വിശ്വസ്തരായ നേതാക്കളെ ഉപയോഗിച്ച് ഹൈക്കമാൻഡിന് പരാതി നൽകി ഉമ്മൻചാണ്ടിയുടെ നീക്കത്തെ തടയാനാണ് കെ സുധാകരൻ്റെ ശ്രമം. പാർട്ടിയെ തകർക്കാനും മക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കാൻ ഉള്ള ഗ്രൂപ്പ് നേതാക്കളുടെ പരാതി തള്ളിക്കളയണം എന്നുമാണ് പരാതിയിൽ പറയുന്നത്.

അതേസമയം, ദില്ലിയിലെ സോണിയാ ഗാന്ധിയുടെ വസതിയിൽ രാവിലെ 11.30 യോടെയാണ് ഉമ്മൻ ചാണ്ടി എത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ പുനഃ സംഘടന സംബന്ധിച്ച കാര്യങ്ങൾ ഉന്നയിച്ചതായി ഉമ്മൻ ചാണ്ടി പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടനയുമായി മുന്നോട്ട് പോകരുത് എന്നാണ് ഉമ്മൻചാണ്ടി അടക്കമുള്ള ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. പരാതി പാർട്ടിക്ക് ഉള്ളിൽ പറഞ്ഞെന്നും പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗ്രൂപ്പ് നേതാക്കളുടെ അനുയായികൾക്ക് എതിരെ കാരണം പോലും കാണിക്കാതെ അച്ചടക്ക നടപടി എടുക്കുന്ന വിഡി സതീശനും കെ സുധാകരനും എതിരെ താരിഖ് അൻവറിന് കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി പരാതി നൽകിയിരുന്നു. പരാതി ലഭിച്ചെന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുമെന്നും അറിയിച്ച താരിഖ് അൻവർ ഉടൻ കേരളത്തിലേക്ക് തിരിക്കും.

ഉമ്മൻ ചാണ്ടി ഉന്നയിച്ച സമാന പരാതി രമേശ് ചെന്നിത്തലയ്ക്കും ഉണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെ ഇതറിയിക്കാൻ ഈ ആഴ്ച തന്നെ ചെന്നിത്തല ദില്ലിയിൽ എത്തിയേക്കും. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ ഹൈക്കമാൻഡിൻ്റെ തീരുമാനം ഉമ്മൻചാണ്ടിക്ക് അനുകൂലമായിരിക്കും എന്നാണ് സൂചന. ഇത് മുൻകൂട്ടി കണ്ടാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. വിശ്വസ്തരായ അനുയായികളെ കൊണ്ട് സോണിയാഗാന്ധിക്ക് പരാതി പ്രവാഹം നൽകുകയാണ് കെ സുധാകരനും വിഡി സതീശനും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News