പകരം വീട്ടി ഇന്ത്യ: ട്വന്റി 20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ  ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് വിജയം തകര്‍പ്പന്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍  സമ്മര്‍ദ്ദത്തില്‍ വീഴ്ത്താന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു.

ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്  ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിതും രാഹുലുമാണ് ഓപ്പണ്‍ ചെയ്തത്. സൗത്തി എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സുമടിച്ച് രോഹിത് ഫോമിലേക്കുയര്‍ന്നു. പിന്നാലെ രാഹുലും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. വെറും 4.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച രാഹുല്‍ മിച്ചല്‍ സാന്റ്‌നറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 15 റണ്‍സെടുത്ത രാഹുലിനെ ചാപ്മാന്‍ ക്യാച്ചെടുത്ത് പുറത്താക്കി. രാഹുലിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി.

ഡാരില്‍ മിച്ചലാണ് അവസാന ഓവറെറിഞ്ഞത്. താരത്തിന്റെ ആദ്യ പന്ത് തന്നെ വൈഡായി. ഇതോടെ വിജയലക്ഷ്യം ഒന്‍പത് റണ്‍സായി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിക്കൊണ്ട് വെങ്കടേഷ് ഇന്ത്യയുടെ സമ്മര്‍ദം കുറച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച വെങ്കടേഷ് രചിന് ക്യാച്ച് നല്‍കി മടങ്ങി.  പിന്നാലെ വന്ന അക്ഷര്‍ പട്ടേല്‍ സിംഗിളെടുത്തു. നാലാം പന്തില്‍ ഫോറടിച്ചുകൊണ്ട് പന്ത് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

ന്യൂസീലന്‍ഡിനുവേണ്ടി ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്റ്‌നര്‍, സൗത്തി, മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും  പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഒരു ഘട്ടത്തില്‍ വലിയ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ കിവീസ് ഓപ്പണര്‍ ഡാരില്‍ മിച്ചലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് സ്വപ്‌നത്തുടക്കം സമ്മാനിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങാനായിരുന്നു മിച്ചലിന്റെ വിധി.

ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഗപ്റ്റിലും ചാപ്മാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്‌കോര്‍ 92-ല്‍ നില്‍ക്കേ ചാപ്മാന്‍ അര്‍ധശതകം നേടി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയാണിത്. 12.4 ഓവറില്‍ ന്യൂസീലന്‍ഡ് സ്‌കോര്‍ 100-ല്‍ എത്തി. പിന്നാലെ ഗപ്റ്റിലും ചാപ്മാനും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 76 പന്തുകളില്‍ നിന്നാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്.

 19-ാം ഓവറില്‍ 12 റണ്‍സെടുത്ത സീഫേര്‍ട്ടിനെ സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ന്യൂസീലന്‍ഡിന്റെ അഞ്ചാം വിക്കറ്റെടുത്തു. പിന്നാലെ ക്രീസിലെത്തിയത് സാന്റ്‌നറാണ്. അവസാന ഓവറില്‍ സിറാജ് ഏഴുറണ്‍സെടുത്ത രചിന്റെ വിക്കറ്റ് പിഴുതു. സാന്റ്‌നര്‍ (4) പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News