
മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.അക്രമത്തിന് നേതൃത്വം കൊടുത്ത വി റാസിഖിനെ സംരക്ഷിച്ച് കോൺഗ്രസ് നേതാക്കൾ. അക്രമത്തിന് ശേഷം ടി.സിദിഖും കെ പ്രവീൺകുമാറും റാസിഖിനൊപ്പം ചടങ്ങിൽ പങ്കെടുത്തു. ഫോട്ടോ കൈരളി ന്യൂസിന്.
അക്രമത്തിൽ 3 പേർക്കെതിരെ മാത്രം നടപടിക്ക് ശുപാർശ പ്രശാന്ത്കുമാർ, രാജീവൻ,സുരേഷ്കുമാർ എന്നിവരെയാണ് അന്വേഷണ കമ്മിഷൻ കുറ്റക്കാരായി കണ്ടെത്തിയത്. അക്രമത്തിന് നേതൃത്വം നൽകിയ യു രാജീവൻ ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നല്‍കി.
കോഴിക്കോട്ട് എ ഗ്രൂപ്പ് രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ കുറ്റക്കാരെ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ മാത്രം ബലിയാടാക്കി മറ്റുള്ളവരെ രക്ഷിക്കാനാണ് നീക്കം.
ഡിസിസി നിയോഗിച്ച അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പ്രശാന്ത്കുമാർ,അരക്കിണർ മണ്ഡലം പ്രസിഡൻ്റ് രാജീവൻ, രാമനാട്ടുകര നഗരസഭ വൈസ്ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ സുരേഷ്കുമാർ എന്നിവരാണ് കുറ്റക്കാർ.അക്രമത്തിന് നേതൃത്വം നൽകിയ മുൻ ഡിസിസി പ്രസിഡൻറും എ ഗ്രൂപ്പ് നേതാവുമായ യു. രാജീവൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകി.
അതേസമയം, മാധ്യമ പ്രവർത്തകരെ അക്രമിച്ചവർ സംഭവത്തിന് ശേഷം കോൺഗ്രസ് നേതാക്കൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോ കൈരളിന്യുസ് പുറത്ത് വിട്ടു. പന്നിയങ്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി. റാസിഖ് ടി. സിദ്ദിഖിനും,കെ പ്രവീൺകുമാറിനും ഒപ്പമുള്ള ഫോട്ടോയാണ് പുറത്ത് വന്നത്.
കൈരളി റിപ്പോർട്ടർ മേഘ ഉൾപ്പെടെയുള്ളവരെ അക്രമിക്കുന്നതിന് നേതൃത്വം നൽകിയത് റാസിഖാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നിലപാട് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുമ്പോഴാണ് അക്രമിച്ചയാൾക്കൊപ്പമുള്ള നേതാക്കളുടെ ഫോട്ടോ പുറത്ത് വന്നത്.ബ്ലോക്ക് പ്രസിഡൻറായത് കൊണ്ടാണ് റാസിഖിനൊപ്പം ചടങ്ങിൽ പങ്കെടുത്തതെന്നാണ് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാറിൻ്റെ വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here