ADVERTISEMENT
2021-22 സീസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ മത്സരത്തിൽ തമിഴ്നാടിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറുകളിൽ നേടിയത് 181/4 എന്ന തകർപ്പൻ സ്കോർ. വെടിക്കെട്ട് അർധ സെഞ്ചുറി നേടി തിളങ്ങിയ വിഷ്ണു വിനോദിന്റെ ബാറ്റിംഗാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. അവസാന 7 ഓവറുകളിൽ 90 റൺസാണ് കേരളം അടിച്ചു കൂട്ടിയത്.
ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ തമിഴ്നാട്, കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹൻ കുന്നുമ്മലും, മൊഹമ്മദ് അസറുദ്ദീനും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോർ നിരക്ക് കുറവായിരുന്നു. മൂന്നാമനായിറങ്ങിയ സച്ചിൻ ബേബിക്കും ടി-20യുടെ വേഗതക്കനുസരിച്ച് ബാറ്റ് ചെയ്യാനായില്ല. ഇതിനിടെ 43 പന്തിൽ 5 ബൗണ്ടറികളുടെ സഹായത്തോടെ 51 റൺസെടുത്ത രോഹൻ കുന്നുമ്മൽ പുറത്തായി. പിന്നാലെയെത്തിയ നായകൻ സഞ്ജു രണ്ട് പന്തുകൾ മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായതോടെ കേരളം വിറച്ചു.
എന്നാൽ അഞ്ചാമനായി വിഷ്ണു വിനോദ് ക്രീസിലെത്തിയതോടെ കളി മാറി. അവസാന ഓവറുകളിൽ കത്തിക്കയറിയ വിഷ്ണു തമിഴ്നാട് ബോളർമാരെ അടിച്ചു പറത്തി. വെറും 22 പന്തുകളിൽ അർധ സെഞ്ചുറി തികച്ച താരം അതിന് ശേഷവും വെടിക്കെട്ട് തുടർന്നു. മത്സരത്തിൽ 26 പന്തുകൾ നേരിട്ട വിഷ്ണു വിനോദ്, 2 ബൗണ്ടറികളുടേയും, 7 സിക്സറുകളുടേയും സഹായത്തോടെ 65 റൺസെടുത്തും, അഖിൽ 4 പന്തിൽ 9 റൺസെടുത്തും പുറത്താകാതെ നിന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.