വസ്ത്രത്തിന് പുറത്ത് കൂടി സ്പർശിച്ചാൽ ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

വസ്ത്രത്തിന് പുറത്ത് കൂടി സ്പർശിച്ചാൽ ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്. ലൈംഗിക ചുവയോടെയുള്ള സ്പർശനം കുറ്റകരമെന്ന് വിധി വായിച്ചു കൊണ്ടു ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു.

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പോക്‌സോ നിയമത്തിലെ 7-ാം വകുപ്പ് നിലനിർത്തി കൊണ്ടാണ് ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. കുട്ടികളുടെ വസ്ത്രത്തിന് മുകളിലൂടെ സ്പർശിക്കുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധി.

ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് പോക്സോ നിയമത്തിന് കീഴിൽ വരുമെന്ന് വിധി വായിച്ചു കൊണ്ടു ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു.

ബോംബെ ഹൈക്കോടതി വിധിക്കെതിരെ അറ്റോർണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ വർഷം ആദ്യമാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗനേദിവാല വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

39 കാരൻ 12 വയസുള്ള കുട്ടിയുടെ സൽവാർ നീക്കം ചെയ്തത് ആണ് കേസിന് ആധാരം. ഇതിനു പുറമെ മറ്റൊരു വിവാദ ഉത്തരവും ഇതേ ജഡ്ജി ഇറക്കിയിരുന്നു. ഇതും കോടതി റദ്ദാക്കി.

നിയമം കർശനം ആയിട്ട് തന്നെ ഇക്കഴിഞ്ഞ വർഷം 43,000 അതിക്രമങ്ങൾ കുട്ടികൾക്ക് എതിരെ നടന്നുവെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അറിയിച്ചു. മുൻപ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ടെയുടെ ബഞ്ച് നിയോഗിച്ച അമിക്കസ് ക്യുറി സിദ്ധാർത്ഥ ദവെയുടെ റിപ്പോർട്ടും ഉത്തരവിൽ നിർണായകമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News