അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ കടുപ്പിച്ച് ദില്ലി സർക്കാർ

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ കടുപ്പിച്ച് ദില്ലി സർക്കാർ. രാജ്യ തലസ്ഥാനത്തേക്ക് ട്രക്കുകൾക്ക് പ്രവേശനം വിലക്കി ദില്ലി സർക്കാർ ഇന്നലെ ഉത്തരവ് പുറത്തിറക്കിയിരുന്നു. രാജ്യ തലസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്കും ഞായറാഴ്ച വരെ വിലക്ക് ഉണ്ട്.

ശക്തമായ കാറ്റിൻ്റെ സാധ്യത കണക്കിലെടുത്ത് മലിനീകരണ തോത് കുറയും എന്ന പ്രതീക്ഷയിലായിരുന്നു ദില്ലി സർക്കാർ. എന്നാൽ ദീപാവലിക്ക് ശേഷം രാജ്യ തലസ്ഥാനത്തെ മലിനീകരണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉന്നത സമിതി യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ദില്ലി സർക്കാർ ആരംഭിച്ചത്.

രാജ്യ തലസ്ഥാനത്തേക്ക് ട്രക്കുകൾക്ക് നവംബർ 21 വരെ പ്രവേശനം വിലക്കി ദില്ലി സർക്കാർ ഇന്നലെ ഉത്തരവ് പുറത്തിറക്കിയിരുന്നു. പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പടെ അവശ്യ വസ്തുക്കളുമായി വരുന്ന ട്രക്കുകൾക്ക് വിലക്ക് ബാധകമല്ല. ഇതോടൊപ്പം തന്നെ ഈ മാസം 21 വരെ എൻസിആർ മേഖലയിൽ നിർമാണ ജോലികൾക്കും വിലക്ക് ഉണ്ട്.

കഴിഞ്ഞ ദിവസം മലിനീകരണം സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ രൂക്ഷ വിമർശനമാണ് കോടതിയിൽ നിന്ന് ദില്ലി സർക്കാരിന് കേൾക്കേണ്ടി വന്നത്. വാഹനങ്ങൾ ഉണ്ടാക്കുന്ന 40 % ഉം ഫാക്ടറികളുണ്ടാക്കുന്ന 19 % ഉം അന്തരിക്ഷ മലിനീകരണം തടയാൻ എന്തു ചെയ്തു എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതേ തുടർന്ന് ദില്ലി സർക്കാർ 1000 സിഎൻജി ബസുകൾ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചു.

വർക്ക് ഫ്രം ഹോം, വിദ്യാലയങ്ങൾക്ക് അവധി, എന്നിവ നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഹരിയാന സർക്കാർ ദില്ലി അതിർത്തിയിലെ ജില്ലകളിൽ അടുത്ത ആഴ്ച മുതൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്തി. ഈ ജില്ലകളിലുള്ളവർക്ക് 22 വരെ വർക്ക് ഫ്രം ഹോം തുടരും.

ഇതിനിടെ വൈക്കോൽ കത്തിച്ചതിൽ കർഷകർക്കെതിരായെടുത്ത കേസുകൾ പഞ്ചാബ് സർക്കാർ പിൻവലിച്ചു. വൈക്കോൽ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കർഷകരോട് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി അഭ്യർത്ഥിച്ചു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here