തകർപ്പൻ ചേസിംഗുമായി തമിഴ്നാട്; കേരളം മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് പുറത്ത്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് പരാജയം. അവസാന ഓവറിലേക്ക് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ കേരളത്തെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ തമിഴ്നാട്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലിലേക്ക് കടന്നു.

ദില്ലിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം അർധ സെഞ്ചുറികൾ നേടിയ വിഷ്ണു വിനോദിന്റേയും, രോഹന്റേയും കരുത്തിൽ 181/4 എന്ന മികച്ച സ്കോർ നേടിയപ്പോൾ, തമിഴ്നാട് 3 പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ തമിഴ്നാട്, കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു‌. ഓപ്പണിംഗ് വിക്കറ്റിൽ രോഹൻ കുന്നുമ്മലും, മൊഹമ്മദ് അസറുദ്ദീനും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോർ നിരക്ക് കുറവായിരുന്നു‌.

മൂന്നാമനായിറങ്ങിയ സച്ചിൻ ബേബിക്കും ടി20യുടെ വേഗതക്കനുസരിച്ച് ബാറ്റ് ചെയ്യാനായില്ല‌. ഇതിനിടെ 43 പന്തിൽ 5 ബൗണ്ടറികളുടെ സഹായത്തോടെ 51 റൺസെടുത്ത രോഹൻ കുന്നുമ്മൽ പുറത്തായി. പിന്നാലെയെത്തിയ നായകൻ സഞ്ജു രണ്ട് പന്തുകൾ മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായതോടെ കേരളം വിറച്ചു.

എന്നാൽ അഞ്ചാമനായി വിഷ്ണു വിനോദ് ക്രീസിലെത്തിയതോടെ കളി മാറി. അവസാന ഓവറുകളിൽ കത്തിക്കയറിയ വിഷ്ണു തമിഴ്നാട് ബോളർമാരെ അടിച്ചു പറത്തി. വെറും 22 പന്തുകളിൽ അർധ സെഞ്ചുറി തികച്ച താരം അതിന് ശേഷവും വെടിക്കെട്ട് തുടർന്നു. മത്സരത്തിൽ 26 പന്തുകൾ നേരിട്ട വിഷ്ണു വിനോദ്, 2 ബൗണ്ടറികളുടേയും, 7 സിക്സറുകളുടേയും സഹായത്തോടെ 65 റൺസെടുത്തും, അഖിൽ 4 പന്തിൽ 9 റൺസെടുത്തും പുറത്താകാതെ നിന്നു.

അതേസമയം, 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തമിഴ്നാടിന് വേണ്ടി ഓപ്പണറായ ഹരി നിശാന്ത് തുടക്കം മുതൽ തകർത്തടിച്ചു. സഹ ഓപ്പണറായ എൻ ജഗദീശൻ 7 റൺസിൽ പുറത്തായെങ്കിലും പിന്നാലെയെത്തിയ സായ് സുദർശനുമായി ചേർന്ന്‌ ഹരി നിശാന്ത് തമിഴ്നാടിന് മികച്ച തുടക്കം നൽകി. ടീം സ്കോർ 58 ലെത്തിയപ്പോൾ 22 പന്തിൽ 2 വീതം ബൗണ്ടറികളും, സിക്സറുകളുമടക്കം 32 റൺസ് നേടിയ ഹരി നിശാന്ത് പുറത്തായി. അദ്ദേഹം പുറത്തായതിന് ശേഷം സായ് സുദർശൻ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. മറുവശത്ത് നായകൻ വിജയ് ശങ്കർ ഉറച്ച പിന്തുണയും നൽകി.

31 പ‌ന്തിൽ 7 ബൗണ്ടറികളുടെ സഹായത്തോടെ 46 റൺസടിച്ച സുദർശൻ പതിമൂന്നാം ഓവറിൽ പുറത്താകുമ്പോൾ തമിഴ്നാട് 115/3. ടീം സ്കോർ 145 ലെത്തിയപ്പോൾ 33 റൺസെടുത്ത വിജയ് ശങ്കറും പുറത്തായെങ്കിലും ഷാരൂഖ് ഖാനും, സഞ്ജയും ചേർന്ന് തകർത്തടിച്ചതോടെ തമിഴ്നാട് 3 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തുകയായിരുന്നു‌. സഞ്ജയ് 22 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോൾ, ഷാരൂഖ് ഖാൻ 9 പന്തിൽ 19 റൺസുമായും, മുഹമ്മദ് ഒരു പ‌ന്തിൽ 6 റൺസുമായും മത്സരത്തിൽ പുറത്താകാതെ നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News