
ന്യൂസിലൻഡിനെതിരായ ആദ്യ ടി20ക്ക് ശേഷം മനസ് തുറന്ന് സൂര്യകുമാർ യാദവ്.ന്യൂസിലൻഡിനെതിരെ ഇന്നലെ ജയ്പൂരിൽ വെച്ചു നടന്ന ആദ്യ ടി20 മത്സരത്തിൽ 40 പന്തിൽ 62 റൺസായിരുന്നു വലം കൈയ്യൻ ബാറ്റ്സ്മാനായ സൂര്യകുമാർ യാദവ് അടിച്ചത്. ഈ പ്രകടനം കളിയിലെ കേമൻ പട്ടവും അദ്ദേഹത്തിന് നേടിക്കൊടുത്തു. മത്സരത്തിൽ ഇന്ത്യ വിജയിച്ചതിന് ശേഷം സംസാരിക്കവെ ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നടന്ന മത്സരത്തിൽ തന്നെ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യാൻ അനുവദിച്ച മുൻ ടി20 നായകൻ വിരാട് കോഹ്ലിയോടുള്ള നന്ദിയും സൂര്യകുമാർ യാദവ് പ്രകടിപ്പിച്ചു.
പരിക്ക് മൂലം ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരം നഷ്ടമായത് തന്നെ വളരെയധികം നിരാശനാക്കിയിരുന്നുവെന്ന് സംസാരത്തിനിടെ വ്യക്തമാക്കിയ സൂര്യകുമാർ യാദവ്, ടി20 ലോകകപ്പിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും നമീബിയക്കെതിരെ നടന്ന മത്സരത്തിൽ മൂന്നാമനായി ബാറ്റിംഗിനിറങ്ങാൻ കഴിഞ്ഞത് അതിന് സഹായിച്ചുവെന്നും പറഞ്ഞു. ഇതിന് അന്ന് ടീമിന്റെ നായകനായിരുന്ന കോഹ്ലിയോട് നന്ദി പറയുന്ന സൂര്യകുമാർ, അരങ്ങേറ്റ മത്സരത്തിൽ കോഹ്ലി തനിക്ക് വേണ്ടി അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്ഥാനം ത്യജിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി.
“ഞാൻ എന്റെ ബാറ്റിംഗിൽ അരങ്ങേറ്റം കുറിച്ചത് ഇപ്പോളും ഓർക്കുന്നു. അന്ന് അദ്ദേഹം (കോഹ്ലി) തന്റെ ബാറ്റിംഗ് സ്ഥാനം ത്യജിക്കുകയും, എന്നെ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യാൻ അനുവദിക്കുകയും ചെയ്തു. അതേ കാര്യമായിരുന്നു ലോകകപ്പിലും. എന്നോട് ബാറ്റിംഗിന് പോണോയെന്ന് അദ്ദേഹം ചോദിച്ചു, അതിലൂടെ എനിക്ക് ലോകകപ്പിൽ കുറച്ച് കളി സമയം ലഭിക്കുമായിരുന്നു. അത് അദ്ദേഹത്തിൽ നിന്നുള്ള നല്ല കാര്യമായിരുന്നു, ആ മത്സരത്തിൽ പുറത്താകാതെ മടങ്ങി വന്നത് ഞാൻ ആസ്വദിച്ചു.” സൂര്യകുമാർ യാദവ് പറഞ്ഞു നിർത്തി.
അതേസമയം, ടി20 ലോകകപ്പിൽ ഇന്ത്യയുടെ അവസാന സൂപ്പർ 12 പോരാട്ടത്തിലായിരുന്നു സൂര്യകുമാർ യാദവിന് മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. ഇന്ത്യ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ, 19 പന്തിൽ 25 റൺസെടുത്താണ് മത്സരത്തിൽ പുറത്താകാതെ നിന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here