ദുരിതപ്പെയ്ത് അവസാനിക്കാതെ തമിഴ്നാട്; 16 ജില്ലകളിൽ റെഡ് അലർട്ട്

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ഇതുവരെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇത് നാളെ പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്.

ചെന്നൈ തീരത്തിന് 270 കിലോമീറ്റർ തെക്കുകിഴക്കായാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം ഉള്ളത്. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകൾക്കായിരുന്നു നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോളത് 16 ആക്കി. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, തിരുവള്ളൂർ ജില്ലകളിലും നല്ല മഴയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും കാവേരി ഡൽറ്റ മേഖലയിലെ ജില്ലകളിലും മഴ തുടരുകയാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

തീവ്രന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി ആന്ധ്രയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. പോണ്ടിച്ചേരിയിലും കനത്ത മഴ തുടരുകയാണ്. നഗരത്തിൽ പലമേഖലകളിലും ഇതിനോടകം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈ നഗരത്തിലും മറ്റ് തീരമേഖലകളിലും കഴിഞ്ഞയാഴ്ച പെയ്ത തീവ്രമഴ സൃഷ്ടിച്ചവെള്ളക്കെട്ട് ദുരിതം തീരുംമുമ്പാണ് വീണ്ടും മഴ ഭീഷണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News