കേരളത്തിന് ലോജിസ്റ്റിക് പാർക്ക് വേണം എന്ന ആവശ്യം കേന്ദ്രത്തിനെ അറിയിച്ചു; മന്ത്രി പി രാജീവ്

കേന്ദ്രത്തിന് മുന്നിൽ കേരളത്തിൻ്റെ വിവിധ വികസന പദ്ധതികൾ സമർപ്പിച്ച് മന്ത്രി പി രാജീവ്. ദില്ലി സന്ദർശനത്തിന് എത്തിയ മന്ത്രി ആറു കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തി. ഫുഡ് പ്രോസസിങ് പാർക്ക്, ടെക്സ്റ്റൈൽ ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പടെയുള്ള വ്യവസായ പദ്ധതികൾക്ക് അനുകൂല പ്രതികരണമാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതെന്ന് പി രാജീവ് ദില്ലിയിൽ പറഞ്ഞു.

കേരളത്തിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളാണ് കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പി രാജീവ് ഉന്നയിച്ചത്. 7 മന്ത്രാലയങ്ങളിലെ ആറ് കേന്ദ്ര മന്ത്രിമാരുമായി ആണ് മന്ത്രി പി രാജീവ് ചർച്ച നടത്തിയത്. പല കേന്ദ്ര പദ്ധതികൾക്കും നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ കേരളത്തിന് സാധിക്കുന്നില്ല എന്ന കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പി രാജീവ് പറഞ്ഞു. ഫുഡ് പ്രോസസിംഗ് പാർക്ക് ഉൾപ്പെടെ കേരളത്തിന് ലഭ്യമായ കേന്ദ്ര പദ്ധതികളുടെ പൂർത്തീകരണത്തിനും നടത്തിപ്പിനും സംസ്ഥാനത്തെ കേന്ദ്ര സർക്കാർ അഭിനന്ദിച്ചു.

നിലവിലുള്ള രണ്ട് പാർക്കുകൾക്ക് പുറമെ മൂന്നു പാർക്കുകൾ കൂടി വേണമെന്ന ആവശ്യവും ഫുഡ് പ്രോസസിംഗ് ടെക്‌നോളജി ഇൻസ്റ്റിറ്റിയൂട്ട് വേണമെന്ന ആവശ്യവും കേരളം മുന്നോട്ട് വച്ചു. രാജ്യത്ത് ആദ്യമായി ലോജിസ്റ്റിക് പോളിസി മുന്നോട്ട് വെച്ച കേരളത്തിന് ലോജിസ്റ്റിക് പാർക്ക് വേണം എന്ന ആവശ്യം കേന്ദ്രത്തിനെ അറിയിച്ചു. കാക്കനാട് അന്താരാഷ്‌ട്ര ട്രേഡ് സെന്റർ നിർമാണം, ചേന്ദമംഗലം കൈത്തറി ഗ്രാമം തുടങ്ങിയ ആവശ്യങ്ങളും മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പി രാജീവ് ഉന്നയിച്ചു.

ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് മികച്ച പിന്തുണ ഈ സർക്കാർ ഇത് വരെ നൽകിയെന്നും കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത ചെറുകിട വ്യവസായ സംരംഭങ്ങളുടെ എണ്ണം ഇതിനു തെളിവ് ആണെന്നും പി രാജീവ് പറഞ്ഞു. കേരളത്തിൽ നിക്ഷേപം നടത്തുന്നത് വഴി നിക്ഷേപകർക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മികച്ച ജീവിത സാഹചര്യം ഒരുക്കുമെന് ഉറപ്പ് നൽകിയ മന്ത്രി കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല എന്ന നിലയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ തുറന്നുകാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News