ഐ എസ് എൽ എട്ടാം സീസണ് ഇന്ന് കിക്കോഫ്

ഐ എസ് എൽ ഫുട്ബോൾ എട്ടാം സീസണ് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് ഗോവ ഫറ്റോർദയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് എതിരാളി എ.ടി.കെ മോഹൻ ബഗാനാണ്. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തുമായാണ് എടികെ മോഹന്‍ ബഗാന്‍ വരുന്നത്. രണ്ട് തവണ ഐഎസ്എല്‍ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് കിരീടം തട്ടിയെടുത്ത കൊല്‍ക്കത്ത എതിരാളിയായെത്തുമ്പോൾ മത്സരത്തിന് വീറും വാശിയും ഏറും.

സെർബിയക്കാരൻ‍ വുകോമനോവിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്തിന്റെ നാണക്കേട് കേരളത്തിന്റെ കൊമ്പന്മാർക്ക് മാറ്റണം. 20 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങൾ ഉൾപ്പെടെ 17 പോയിന്റാണ് ടീം നേടിയത്.

കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ അലകടലായി മറിയുന്ന സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സിനാകില്ല. വാസ്കോയിലെ തിലക് മൈതാനിയാണ് മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ട്. ആറ് വിദേശതാരങ്ങളുടെയും ആറ് മലയാളി താരങ്ങളുടെയും സാന്നിധ്യം ജെസ്സൽ കാർനെയ്റോ നയിക്കുന്ന കേരളാബ്ലാസ്റ്റേഴ്സിലുണ്ട്.

അഡ്രിയാന്‍ ലൂണയും മാര്‍കോ ലെസ്‌കോവിച്ചും അല്‍വാരോ വാസ്‌ക്വേസും ഹോര്‍ഗെ പെരേര ഡിയാസുമൊക്കെ കളം നിറഞ്ഞാല്‍ മുന്‍ സീസണിലെ നിരാശ കന്നി കിരീട നേട്ടത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് മറക്കാം. അതേസമയം പരിചയസമ്പന്നനായ അന്റോണിയോ ഹബാസാണ് എടികെ മോഹൻബഗാന്റെ പരിശീലകൻ.

ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകള്‍ തിരുത്തി പുത്തന്‍ താരങ്ങളെയെത്തിച്ചാണ് പുത്തൻ സീസണില്‍ കൊല്‍ക്കത്ത തുടങ്ങുന്നത്. ഫിജിയന്‍ താരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിന്‍ലന്‍ഡിന്റെ ജോണി കൗക്കോ, പരിചയസമ്പന്നനായ ടിരി എന്നിവരെല്ലാം കൊല്‍ക്കത്ത നിരയുടെ കരുത്ത് കൂട്ടും.

നേര്‍ക്കുനേര്‍ പോരില്‍ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കുണ്ട്. 14 കളികളില്‍ 5 ജയം കൊല്‍ക്കത്തയ്ക്കും 4 എണ്ണം ബ്ലാസ്റ്റേഴ്സിനുമാണ്. അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു.

കഴിഞ്ഞ സീസണിലെ കിരീടപ്പോരിൽ മുംബൈ സിറ്റിയോട് തോറ്റ എടികെ മോഹൻബഗാന് നടപ്പ് സീസണിൽ കപ്പെടുക്കാതെ മടക്കമില്ല. ഏതായാലും ത്രസിപ്പിക്കുന്ന പോരിനാണ് ഫറ്റോർദ സ്റ്റേഡിയം ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News