മണ്ണില്‍ പണിയെടുക്കുന്നവരുടെ പോരാട്ട വീറിനും ആത്മാഭിമാനത്തിനും മുന്നില്‍ തല കുനിച്ച് നരേന്ദ്ര മോദി

മണ്ണില്‍ പണിയെടുക്കുന്നവരുടെ പോരാട്ട വീറിനും, ആത്മാഭിമാനത്തിനും മുന്നില്‍ തല കുനിച്ച് നില്‍ക്കുകയാണ് നരേന്ദ്ര മോദി. തല തിരിഞ്ഞതെന്ന് ലോകം മുഴുവന്‍ വിധിയെഴുതിയിട്ടും 56 ഇഞ്ച് നെഞ്ചളവിന്‍റെ വീരസ്യം പറഞ്ഞ് നിയമങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രിക്ക് അടി തെറ്റിയത് കര്‍ഷകരുടെ വര്‍ഗ ബോധത്തിന്‍റെയും, ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ സമര വീര്യത്തിനും മുന്നിലാണ്.

മറ്റാരും ഈ മഹാ വിജയത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ വരേണ്ട. എ സി മുറിയില്‍ നിന്ന് പുറത്തിറങ്ങി ട്രാക്ടറോടിച്ച് ഷോ ഓഫ് നടത്തിയവരും വിജയത്തിന്‍റെ പങ്ക് പറ്റാന്‍ വരേണ്ട. കേരളത്തിന് പുറത്ത് പത്താള് തെകച്ചെടുക്കാന്‍ ഉണ്ടോ എന്ന് സംഘപരിവാരും, കോണ്‍ഗ്രസും ആക്ഷേപിക്കുന്ന അതേ സി പി ഐ എമ്മും  അഖിലേന്ത്യാ കിസാന്‍ സഭയുമാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരവേദികളില്‍ നിറഞ്ഞ് നിന്നത്.

രക്ത സാക്ഷികളുടെ ചോരയില്‍ ചുവന്ന അതേ ചെങ്കൊടിയാണ് മഹാസമരത്തില്‍ മണ്ണിന്‍റെ മക്കള്‍ക്ക് തണലായതും. നിങ്ങള്‍ ഞങ്ങളെ എത്ര അടിച്ചമര്‍ത്തുന്നു വോ അത്രമേല്‍ നിവര്‍ന്നു നില്‍ക്കാന്‍ ഞങ്ങളും ശ്രമിക്കുമെന്നാണ് ഓരോ തവണയും കര്‍ഷകര്‍ ഭരണകൂടത്തോടും സംഘപരിവാറിന്‍റെ കൂലിക്കാരോടും കര്‍ഷകര്‍ വിളിച്ച് പറഞ്ഞത്.

650 ഓളം കര്‍ഷകരാണ് ഈ ഐതിഹാസിക സമരത്തില്‍ രക്ത സാക്ഷികളായത്. ഏത് മഹാസൗധത്തില്‍ പോയൊളിച്ചാലും രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആ ജീവനുകള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകു. ലോകം ശ്രദ്ധിച്ച സമരം ആരംഭിച്ച് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വിവാദ നിയമങ്ങള്‍ പ്രധാനമന്ത്രി പിന്‍വലിച്ചത് .

വരാന്‍ പോകുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നീക്കമെന്നത് വ്യക്തം . വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും മാറി ചിന്തിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചു .

പക്ഷെ ഇവിടം കൊണ്ടൊന്നും ഇതവസാനിക്കില്ല. കര്‍ഷക ശരീരങ്ങള്‍ക്ക് മേല്‍ വണ്ടിയോടിച്ച് കയറ്റിയ മന്ത്രി പുത്രന്‍മാരും, അവരെ പിന്തുണച്ച യോഗിമാരും സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച ചാണക നിരീക്ഷകന്‍മാരും കാലത്തിന് മുന്നില്‍ മറുപടി പറയേണ്ടിവരും.

നമ്മളൊന്ന് ചിന്തിക്കണം സഹനങ്ങളുടെ പരകോടി കണ്ടാണ് കര്‍ഷകര്‍ സമര മുഖത്ത് തുടര്‍ന്നത്. ഭരണകൂടത്തിന്‍റെ ഭീകരമായ ആക്രമണത്തോടൊപ്പം കൊവിഡിന്‍റെ അദൃശ്യമായ സാന്നിധ്യത്തോടുമായിരുന്നു അവര്‍ പോരടിച്ച് നിന്നത്.

ഏതെങ്കിലും വേളയില്‍ അവര്‍ പിന്തിരിഞ്ഞുവെങ്കില്‍ നാളെ നമ്മളുണ്ടാകുമായിരുന്നില്ല. അതേ സംഘടിച്ച് പോരടിച്ച് നേടിയതല്ലാതെ ഇവിടൊന്നും ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. അതേ പോരാട്ടങ്ങളില്ലാതെ നേട്ടങ്ങളില്ല, അഭിവാദ്യങ്ങള്‍ കര്‍ഷക പോരാളികള്‍ക്ക്, പോരാട്ട പാതയില്‍ സ്വന്തം ജീവന്‍ നല്‍കിയ അനശ്വര രക്തസാക്ഷികള്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News