ഐതിഹാസിക സമരത്തിന്റെ നാൾവഴികള്‍

രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നിന്‌ ഉജ്വലവിജയം. തല്ലിയാലും കൊന്നാലും പിൻമാറില്ലെന്ന്‌ കർഷകർ തീരുമാനിച്ചപ്പോൾ ബിജെപി സർക്കാരിന്‌ മറ്റ്‌ വഴികളില്ലാതെ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌ പ്രഖ്യാപിക്കേണ്ടിവന്നു.

ഒരു വർഷത്തെ പോരാട്ടത്തിനിടയിൽ 700 ൽ അധികം കർഷകർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടു. കർഷക സമരം അടിച്ചൊതുക്കാനുള്ള ബിജെപി മുഖ്യമന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ആഹ്വാനങ്ങളിലൂടെ അവരുടെ ഹിംസാത്മകമായ മനോഭാവം പലകുറി പുറത്തുവന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യമാകെ ഉയർന്നു.

യുപിയിലെ ലഖിംപുരിൽ ഒരു മാസം മുമ്പ്‌ സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്കുനേരെ കേന്ദ്രമന്ത്രി അജയ്‌ കുമാർ മിശ്രയുടെ മകനും ഗുണ്ടകളും വാഹനം ഇടിച്ചുകയറ്റി നാല്‌ കർഷകരെ കൊന്നു.

കർഷകപ്രക്ഷോഭത്തിന്റെ നാൾവഴികളിലൂടെ:

2020, ജൂൺ 5: കേന്ദ്ര സർക്കാർ മൂന്നു ബില്ലുകൾ പ്രഖ്യാപിച്ചു

സെപ്‌തംബർ 14: പാർലമെന്റിൽ ഓർഡിനൻസ്‌ അവതരിപ്പിച്ചു

സെപ്‌തംബർ 17: ലോക്സഭയിൽ ഓർഡിനൻസ്‌ പാസ്സാക്കി

സെപ്‌തംബർ 20: രാജ്യസഭ ശബ്ദ വോട്ടോടെ ഓർഡിനൻസ്‌ പാസ്സാക്കി

സെപ്‌തംബർ 24: പഞ്ചാബിലെ കർഷകർ മൂന്നു ദിവസത്തെ ട്രെയിന്‍ തടയൽ സമരം പ്രഖ്യാപിച്ചു.

സെപ്‌തംബർ 25: കിഷാൻ സംഘർഷ്‌ കോ – ഓഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്‌ത പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്താകമാനം പ്രതിഷേധം

നവംബർ 25: ദില്ലി ചല്ലോ റാലിക്ക്‌ പഞ്ചാബ്‌, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ ആഹ്വാനം ചെയ്‌തു. ദില്ലി പൊലീസ്‌ അനുമതി നിഷേധിച്ചു.

നവംബർ 26: ഹരിയാനയിലെ ആംബാല ജില്ലയിൽ വച്ച്‌ റാലിക്ക്‌ നേരെ പൊലീസ്‌ നരനായാട്ട്‌. ജലപീരങ്കി, ടിയർഗ്യാസ്‌, കണ്ണീർവാതകം ഉപയോഗിച്ചു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ നിരങ്കരി മൈതാനത്ത് സമാധാനപരമായ പ്രതിഷേധത്തിന് പൊലീസ്‌ അനുമതി നൽകി.

സെപ്‌തംബർ 27: കർഷക ബില്ലുകൾക്ക്‌ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു

നവംബർ 28: ദില്ലി അതിർത്തിയിൽ നിന്ന്‌ പ്രതിഷേധം ബുരാരിയിലെ നിയുക്ത പ്രതിഷേധ സ്ഥലത്തേക്ക് മാറ്റിയാൽ ചർച്ച നടത്താമെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം കർഷകർ തള്ളി. ജന്തർ മന്ദിറിൽ പ്രതിഷേധം നടത്തണമെന്നും കർഷകർ അറിയിച്ചു.

ഡിസംബർ 3: കർഷക പ്രതിനിധികളുമായി സർക്കാർ ആദ്യഘട്ട ചർച്ച നടത്തി.

ഡിസംബർ 8: ഭാരത്‌ ബന്ദിന്‌ കർഷകരുടെ ആഹ്വാനം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ.

ഡിസംബർ 9: മൂന്ന് നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കർഷക നേതാക്കൾ നിരസിച്ചു. നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും പ്രഖ്യാപനം.

ഡിസംബർ 11: ഭാരതീയ കിസാൻ യൂണിയൻ കർഷക നിയമങ്ങൾക്കെതിരെ സൂപ്രീം കോടതിയെ സമീപിച്ചു.

ഡിസംബർ 16: പ്രശ്‌ന പരിഹാരത്തിനായി സർക്കാർ, കർഷക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ രൂപീകരിക്കാമെന്ന്‌ സുപ്രീം കോടതി

ഡിസംബർ 21: എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും ഏക ദിന നിരാഹാരസമരം

ഡിസംബർ 30: ആറാം വട്ട ചർച്ചയിൽ 2020 ലെ വൈദ്യുതി ഭേദഗതി ബില്ലിലെ മാറ്റങ്ങൾ ഒഴിവാക്കാമെന്നും വൈക്കോൽ കത്തിക്കുന്നതിനുള്ള പിഴയിൽ നിന്നും കർഷകരെ ഒഴിവാക്കാമെന്നും കേന്ദ്രം സമ്മതിച്ചു.

2021, ജനുവരി 4: സർക്കാർ കർഷക നിയമം പിൻവലിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന്‌ ഏഴാം വട്ട ചർച്ചയും അലസി.

ജനുവരി 7: കർഷക നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുമെന്ന്‌ സുപ്രീം കോടതി

ജനുവരി 11: കർഷക സമരത്തെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തർക്കം പരിഹരിക്കാൻ മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി.

ജനുവരി 12: കർഷക നിയമങ്ങൾ നടപ്പാക്കുന്നത്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. നിയമ നിർമാണങ്ങളിൽ ശുപാർശകൾ നൽകാൻ നാലംഗ സമിതി രൂപീകരിച്ചു.

ജനുവരി 26: റിപ്പബ്ലിക്ക്‌ ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെ കർഷകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തിനിടെ ഒരു സമരക്കാരൻ മരിച്ചു.

ജനുവരി 28: യുപിയിലെ ഗാസിയാബാദ് ജില്ലയിൽ പ്രതിഷേധിച്ച കർഷകരോട്‌ രാത്രിയോടെ സ്ഥലം ഒഴിയാൻ ഭരണകൂടം ഉത്തരവിട്ടതിനെത്തുടർന്ന് ദില്ലിയിലെ ഗാസിപൂർ അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

ഫെബ്രുവരി 4: സമരത്തിന്‌ അന്താരാഷ്ട്ര പിന്തുണ ലഭിച്ചതിനു പിന്നാലെ സെലിബ്രിറ്റികളടക്കമുള്ളവരുടെ അഭിപ്രായങ്ങൾ കൃത്യമോ ഉത്തരവാദിത്തമോ ഇല്ലാത്താണെന്ന്‌ കേന്ദ്ര സർക്കാർ.

ഫെബ്രുവരി 5: കർഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ടൂൾകിറ്റ് സൃഷ്‌ടിച്ചവർക്കെതിരെ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷം വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ദില്ലി പൊലീസ്‌ കേസെടുത്തു. ഗ്രേറ്റ തുൺബർഗ്‌ അടക്കമുള്ളവർ ഇത്‌ പങ്കുവച്ചിരുന്നു.

ഫെബ്രുവരി 6: മൂന്നു മണിക്കൂർ റോഡ്‌ തടയൽ സമരം സംഘടിപ്പിച്ചു.

ഫെബ്രുവരി 9: നടൻ ദീപ്‌ സിദ്ദുവിലെ റിപ്പബ്ലിക് ദിന സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ്‌ ചെയ്‌തു.

ഫെബ്രുവരി 14: 21കാരിയായ കാലാവസ്ഥ പ്രവർത്തക ദിശ രാവിലെ ടൂൾക്കിറ്റ്‌ കേസിൽ അറസ്റ്റ്‌ ചെയ്‌തു.

ഫെബ്രുവരി 18: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു.

മാർച്ച്‌ 2: പഞ്ചാബ്‌ വിദാൻ സഭ ഉപരോധിക്കാൻ പോകുന്നതിനിടെ ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ്‌ ബാദലടക്കമുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

മാർച്ച്‌5: കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചാബ്‌ പ്രമേയം പാസ്സാക്കി

മാർച്ച്‌6: ദില്ലി അതിർത്തിയിലെ സമരം 100 ദിവസം പിന്നിട്ടു

മാർച്ച്‌ 8: സിൻഘുവിലെ സമര കേന്ദ്രത്തിൽ വെടിവയ്‌പ്പ്‌.

ഏപ്രിൽ 15: കർഷകരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന്‌ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല മോഡിയോട്‌ ആവശ്യപ്പെട്ടു.

മെയ്‌ 27: സമരം ആറു മാസം പിന്നിട്ടു. നിയമം പിൻവലിച്ചിലെങ്കിൽ 2024 വരെ സമരം തുടരുമെന്ന്‌ സംഘടനകൾ.

ജൂൺ 5: കർഷക നിയമങ്ങൾ പ്രഖ്യാപിച്ചതിന്റെ ഒരു വർഷം അടയാളപ്പെടുത്തുന്നതിനായി കർഷകർ സമ്പൂർണ വിപ്ലവ ദിനം ആചരിച്ചു.

ജൂൺ 26: പ്രക്ഷോഭം ആരംഭിച്ച്‌ ഏഴ്‌ മാസം പിന്നിടുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച ദില്ലിയിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു. ഹരിയാന, കർണാടക, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌, തെലങ്കാന എന്നിവിടങ്ങളിൽ കർഷകരെ കസ്റ്റഡിയിലെടുത്തു.

ജൂലൈ22 : പാർലമെന്റിന്റെ കാലവർഷ സമ്മേളനം നടക്കുമ്പോൾ കർഷകർ ജന്തർ മന്ദിറിൽ കർഷക പാർലമെന്റ് ആരംഭിച്ചു. കർഷക നിയമത്തിന്റെ പേരിൽ പാർലമെന്റും പ്രതിഷേധത്തിൽ മുങ്ങി.

ആഗസ്ത്‌ 7: 14 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന്‌ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷക പാർലമെന്റ്‌ സന്ദർശിക്കാൻ തീരുമാനിച്ചു.

ആഗസ്‌ത്‌ 28: പ്രക്ഷോഭകരെ ഹരിയാന കർണാലിൽ പൊലീസ്‌ ക്രൂരമായി ലാത്തി ചാർജ്‌ ചെയ്‌തു. ബസ്‌താര ടോൾ പ്ലാസയുടെ സമീപം നടന്ന അതിക്രമത്തിൽ ഒരാൾ മരിച്ചു. ബിജെപി പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എത്തുന്നതിനു മുമ്പായിരുന്നു സംഭവം.

സെപ്‌തംബർ 5: മുസാഫിർ നഗറിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ ഉത്തർ പ്രദേശ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന്‌ പ്രഖ്യാപിച്ചു.

സെപ്‌തംബർ 7-9: മിനി സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ കർഷകർ കർണാലിൽ എത്തി.

സെപ്‌തംബർ 11: കർഷകരുടെ ആവശ്യങ്ങൾക്ക്‌ ഹരിയാന സർക്കാർ വഴങ്ങി. ബസ്‌താര ടോൾ പ്ലാസയുടെ സമീപം കർഷകരെ ആക്രമിച്ച സംഭവത്തിൽ റിട്ട. ജഡ്‌ജ്‌ അന്വേഷിക്കുമെന്ന്‌ സർക്കാർ അറിയിച്ചു. കർണാൽ എസ്‌ഡിഎം ആയിരുന്ന ആയുഷ്‌ സിൻഹയെ അന്വേഷണത്തിന്റെ ഭാഗമായി മാറ്റി നിർത്തി.

ഒക്‌ടോബർ 3: കേന്ദ്ര മന്ത്രി അജയ്‌ മിശ്രയുടെ മകൻ ആശിഷ്‌ മിശ്ര ഓടിച്ച വാഹനം കർഷകർക്കിടയിലേക്ക്‌ ഇടിച്ച്‌ കയറ്റി നാലു പേരെ കൊന്നു. മന്ത്രി പുത്രനടക്കം കേസിൽ 10 പേർ ഇതുവരെ അറസ്റ്റിലായി.

നവംബർ 19: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here