ഇന്ത്യ ഇനിയും പോരാടും, വർഗീയ ഭ്രാന്തരെ പുറത്താക്കും; എം എ ബേബി

കർഷക സമരം വിജയിച്ചതിനു പിന്നാലെ സമരസഖാക്കൾക്ക് അഭിവാദ്യങ്ങളുമായി എം എ ബേബി. ഗുജറാത്ത് മുഖ്യമന്ത്രി ആയി അധികാരത്തിൽ ഏറിയതിന് ശേഷം ആദ്യമായാണ് മോദി ഒരു ജനവിരുദ്ധതീരുമാനം പിൻവലിക്കുന്നത്. ഇന്ത്യയിലെ കർഷകരും അവരെ പിന്തുണച്ച ജനങ്ങളുമാണ് മോദിയെ ജനാധിപത്യത്തിന്റെ പാഠങ്ങൾ ഒരുപരിധിവരെ പഠിപ്പിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാം എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അതിപ്രധാനമാണ്. ഇന്ത്യയിലെ കർഷകരെ കാർഷിക മുതലാളിത്തത്തിന്റെ ആശ്രിതരാക്കി മാറ്റുന്ന നിയമങ്ങൾ ഇല്ലാതാവും എന്നത് പരമപ്രധാനമാണ്. പക്ഷേ, അത്രയുമോ അതിലും കൂടുതലോ പ്രധാനമാണ് നമ്മുടെ ജനാധിപത്യം നേടിയ വിജയം. ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ആർ എസ് എസ് അജണ്ട നടപ്പാക്കാം എന്ന ചിന്തയെ ഇന്ത്യയിലെ കർഷകർ ഇവിടെ സമരം ചെയ്തു പരാജയപ്പെടുത്തി.

സമരസഖാക്കൾക്ക് എൻറെ ഹാർദ്ദമായ അഭിവാദ്യങ്ങൾ. ഗുജറാത്ത് മുഖ്യമന്ത്രി ആയി അധികാരത്തിൽ ഏറിയതിന് ശേഷം ആദ്യമായാണ് മോദി ഒരു ജനവിരുദ്ധതീരുമാനം പിൻവലിക്കുന്നത്. ഇന്ത്യയിലെ കർഷകരും അവരെ പിന്തുണച്ച ജനങ്ങളുമാണ് മോദിയെ ജനാധിപത്യത്തിന്റെ പാഠങ്ങൾ ഒരുപരിധിവരെ പഠിപ്പിച്ചത്.

കാർഷിക ഉല്പന്നങ്ങൾക്ക് നിയമപരമായി ന്യായമായ താങ്ങു വില ഉറപ്പാക്കുക എന്ന ആവശ്യം ഇനിയും അംഗീകരിച്ചിട്ടില്ല. കർഷകവിരുദ്ധവും സാമാന്യജനതയെ ദ്രോഹിക്കുന്നതുമായ ഇലക്ട്രിസിറ്റി ബില്ല് ഉപേക്ഷിക്കണമെന്ന ന്യായമായ ആവശ്യവും നരേന്ദ്രമോദി ഇനിയും അംഗീകരിച്ചിട്ടില്ല .

കേന്ദ്ര സർക്കാരിന്റെ മർക്കട മുഷ്ടി കാരണമാണ് എഴുനൂറു കർഷകർ സമരഭൂമിയിൽ രക്തസാക്ഷികളായത്. ലഖിൻപൂരിലെ കൊലപാതകം അടക്കമുള്ള ഹീനമായ അക്രമങ്ങളും ഉണ്ടായി.കർഷകരുടേയും തൊഴിലാളികളുടേയും ജനസാമാന്യത്തിന്റേയും ഐക്യം ഇതുവരെ കൈവരിക്കാനായ നേട്ടത്തിന്റെ പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. കർഷക-തൊഴിലാളി- ബഹുജന ഐക്യമാണ് ഏതുകടന്നാക്രമണത്തേയും നേരിടാനുള്ള മാന്ത്രികവിദ്യ.

സമരമാണ് മുന്നേറ്റത്തിന്റെ ഒരേയൊരുസുനിശ്ഛിതപാത. നിതാന്ത ജാഗ്രത അനിവാര്യമാണ്. കാരണം പറഞ്ഞതിൽ ഉറച്ചുനില്ക്കാത്ത വഞ്ചകരാഷ്ട്രിയത്തെയാണ് നമുക്കഭിമുഖീകരിക്കാനുള്ളത് . അവരുടെതകർച്ചയുടെ ആരംഭംകുറിച്ചുകഴിഞ്ഞു. ഒരുസുദീർഘസമരമാണിത്.ഇന്ത്യ ഇനിയും പോരാടും. ഈ വർഗീയ ഭ്രാന്തരെ പുറത്താക്കുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News