സമരപോരാട്ടങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; സമര ചരിത്രത്തിന്റെ നാൾവഴികൾ ഇങ്ങനെ

ഒടുവിൽ ഇതാ കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ് കേന്ദ്രം. രാജ്യം സ്വാതന്ത്രസമരത്തിന് ശേഷം കണ്ട ഏറ്റവും വലിയ സമരങ്ങളിൽ ഒന്ന്. ഒന്നോ പത്തോ ആളുകളല്ല പകരം ലക്ഷകണക്കിന് ആളുകളാണ് രാവും പകലും ഇല്ലാതെ ഊണും ഉറക്കവുമില്ലാതെ കൊടുംതണുപ്പ് സഹിച്ച് കുടുംബംപോലും ഉപേക്ഷിച്ച് ജീവൻവരെ ത്യജിച്ച്സമരത്തിനായി അണിനിരന്നത്.

കർഷക സമരങ്ങൾ ആരംഭിച്ച് ഒരു വര്ഷം തികയാൻ ദിവസങ്ങൾബാക്കി നിൽക്കെ ആ സന്തോഷവാർത്ത നമ്മുടെ കാതുകളിൽ ഇപ്പോൾ മുഴങ്ങിയിരിക്കുകയാണ്. അതെ വിവാദമായ ആ കാർഷിക നിയമങ്ങൾ പിൻവലിച്ചു.

ആ സമരനാൾ വഴിയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം;

2020 ജൂണ്‍ 5ന് മോദി സര്‍ക്കാര്‍ രാജ്യം അടച്ചിട്ട വേളയില്‍ കാര്‍ഷികരംഗത്ത് ദൂരവ്യാപക മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നു. കാര്‍ഷികോല്‍പന്നങ്ങളുടെ ക്രയവിക്രയവും കൃഷിഭൂമി പാട്ടത്തിന് നല്‍കുന്നതും സംബന്ധിച്ച് കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന നിയമങ്ങളെയും ചട്ടങ്ങളെയും ആകെ തിരുത്തിക്കുറിക്കുന്നവയായിരുന്നു ആ ബില്ലുകള്‍.

സെപ്തംബർ 17 ന് ചേര്‍ന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലായിരുന്നു കർഷകരുടെ നട്ടെലോടിച്ച ആ കരിനിയമം പാസാക്കപ്പെട്ടത് . സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കു പോലും വിടാതെ ലോക്സഭയില്‍ ഭരണകക്ഷിക്കുള്ള മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് നിയമം പാസാക്കുകയും ചെയ്തു. രാജ്യസഭയില്‍ ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം ശബ്ദവോട്ടോടെ നിർദാക്ഷിണ്യം തള്ളപ്പെട്ടു. ബില്ലുകളുടെ ചര്‍ച്ചാവേളയില്‍ അവതരിപ്പിക്കപ്പെട്ട ഭേദഗതികള്‍ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം അധ്യക്ഷന്‍ സഭാചട്ടങ്ങളും കീഴ്വഴക്കവും ലംഘിച്ച് തള്ളി.

മോദി സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കയ്യേറ്റം നടത്തി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഈ മൂന്ന് കാര്‍ഷിക നിയമ ഭേദഗതികള്‍ക്കും എതിരെ സെപ്തംബര് 24ന് സംസ്ഥാനവ്യാപകമായി ജനങ്ങളുടെ പ്രതിഷേധ ശബ്ദം അങ് പഞ്ചാബിൽ നിന്നും മുഴങ്ങി.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ, കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹി ചലോ കർഷക പ്രക്ഷോഭം, അതിർത്തികളിൽ കർഷക നേതാക്കളുടെ നിരാഹാര സമരം. കർഷക സമരത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു.കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ അതിർത്തികളിൽ കര്‍ഷകർ സമരം ശക്തമാക്കി.

ഡിസംബർ മൂന്നിനാണ് കർഷക പ്രതിനിധികളുമായി സർക്കാർ ആദ്യഘട്ട ചർച്ച നടത്തിയത്.എന്നാൽ ഈ ചർച്ച പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് ഡിസംബർ 8ന് ഭാരത്‌ ബന്ദിന്‌ കർഷകർ ആഹ്വാനം ചെയ്യുന്നു അതിൽ . മറ്റു സംസ്ഥാനങ്ങളിൽ നിന്നും പിന്തുണയും ലഭിക്കുന്നു.

ഡിസംബർ 11ന് ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ചില്ലെന്നും ഭാരതീയ കിസാന്‍യൂണിയന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതിന്റെ ഫലമായി ഡിസംബർ 16ന് പ്രശ്‌നപരിഹാരത്തിനായി സർക്കാർ, കർഷക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ രൂപീകരിക്കാമെന്ന്‌ സുപ്രീം കോടതിയെ അറിയിക്കുന്നു. ജനുവരി 11ന് കർഷക സമരത്തെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി രംഗത്തെത്തുകയും തർക്കം പരിഹരിക്കാൻ മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി കർഷകരെ അറിയിക്കുന്നു .

ഇതിൻപ്രകാരം ജനുവരി 12ന്  കർഷക നിയമങ്ങൾ നടപ്പാക്കുന്നത്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. നിയമനിർമാണങ്ങളിൽ ശുപാർശകൾ നൽകാൻ നാലംഗ സമിതിയെയും കോടതി രൂപീകരിച്ചു.

ജനുവരി 26ന് റിപ്പബ്ലിക്ക്‌ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാകക്ക്​ താഴെയായി കർഷകർ തങ്ങളുടെ പതാക ഉയർത്തുകയും സമരത്തിലേക്ക്​ നുഴഞ്ഞുകയറിയ ആർ.എസ്​.എസ്​ ഗുണ്ടകൾ നടത്തിയ അക്രമത്തിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. സംഭവത്തിനിടെ ഒരു സമരക്കാരൻ ആണ് മരണപെട്ടത്.

പിന്നീട് ചരിത്രപരമായ നിരവധി കര്ഷകസമരങ്ങൾ രാജ്യത്ത് അരങ്ങേറി . മാർച്ച്‌6ന് ഡൽഹി അതിർത്തിയിലെ സമരം 100 ദിവസം പിന്നിട്ടു.കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കണമെന്നും സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ്‌ രാകേഷ്‌ ടിക്കായത്‌ വ്യക്തമാക്കി. സമരം ഇന്ത്യയിലെ നിരവധി സമാധാനങ്ങളിലേക്ക് ആളി പടർന്നു.

ഒക്‌ടോബർ മൂന്നിന് യുപിയിലെ ലഖിംപുരിൽ സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്കുനേരെ കേന്ദ്രമന്ത്രി അജയ്‌ കുമാർ മിശ്രയുടെ മകനും ഗുണ്ടകളും വാഹനം ഇടിച്ചുകയറ്റി നാല്‌ കർഷകരെ കൊന്നു. പിന്നീട് അങ്ങോട് നടന്നത് കേന്ദ്രം മനസിൽപോലും കരുതാത്ത കനലെരിയുന്ന പ്രതിഷേധങ്ങളാണ്.

ഇപ്പോഴിതാ, ദില്ലി നഗരത്തിൻ്റെ തെരുവീഥികളെ അക്ഷരാർഥത്തിൽ സമരഭൂമിയാക്കിയ സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും സംഘടിതമായ സമരം അങ്ങനെ വിജയവഴിയിലെത്തിയിരിക്കുന്നു. രാജ്യത്തെ കർഷകർ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.

വരും തലമുറയ്ക്ക് പ്രചോദനമായി ഈ സമരപോരാട്ടങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നുള്ള കാര്യം തീർച്ച. കേന്ദ്ര സർക്കാറിന് മുന്നിൽ മുട്ടുമടക്കാതെ പോരാട്ടം നയിച്ചവർക്ക്, ജീവിതം കൊണ്ടും ജീവരക്തം കൊണ്ടും ഈ സമരത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ രക്തസാക്ഷികൾക്ക് ഒരിക്കൽകൂടി അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here