സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിലൊന്നായിരുന്നു സംയുക്ത കർഷക സമരം: സ്പീക്കർ

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിലൊന്നായിരുന്നു സംയുക്ത കർഷക സമരം എന്ന് ബഹു.നിയമസഭാ സ്പീക്കർ ശ്രീ.എം ബി.രാജേഷ് അഭിപ്രായപ്പെട്ടു.

കർഷകസമരത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ കർഷകസമരം ചരിത്രവിജയം നേടിയിരിക്കയാണ്.

കാർഷിക ഉൽപാദന, വിപണന രംഗങ്ങളിൽ കോർപ്പറേറ്റുകൾക്കും വൻകിട മൂലധനത്തിനും സ്വൈരവിഹാരം അനുവദിക്കുന്ന മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്നതായിരുന്നു, ഈ സമരത്തിലെ പ്രധാന ആവശ്യം . ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായി ആ ആവശ്യങ്ങൾ ഇപ്പോൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുകയാണ്.

അതോടൊപ്പം കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക, വൈദ്യുത ചാർജിന്റെ വൻവർധനവിനും സ്വകാര്യവൽകരണത്തിനും വഴിയൊരുക്കുന്ന വൈദ്യുത നിയമ ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും സംയുക്ത കിസാൻ മോർച്ച ഉന്നയിച്ചിരുന്നു. ആ ആവശ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്.

കർഷകരുടെ വിശാലമായ ഐക്യവും യോജിപ്പും സമാനതകളില്ലാത്ത സഹനവും ത്യാഗവുമാണ് ഈ ചരിത്രവിജയം സാധ്യമാക്കിയത്. കർഷകസമരത്തെ അടിച്ചമർത്താനും സമരം ചെയ്യുന്ന കൃഷിക്കാരെ ഖലിസ്ഥാൻ തീവ്രവാദികളായും രാജ്യദ്രോഹികളായും മുദ്രകുത്താനും അവർക്കിടയിൽ ഭിന്നിപ്പ് വളർത്താനുമുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയമാണിത്. വിണ്ടുപൊട്ടിയ കാൽപാദങ്ങൾ കൊണ്ട്, തീവ്ര സഹനസമരത്തിന്റെ ദൂരം താണ്ടിയെത്തിയ വിജയം.

ഈ വിജയം കർഷകർക്ക് മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിലപ്പെട്ട പാഠം നൽകുന്നുണ്ട്.

കോർപ്പറേറ്റ് താൽപര്യങ്ങളെ മുൻനിർത്തിയുള്ള നവ ഉദാരവൽകരണ നയങ്ങളെ വിജയകരമായി ചെറുത്തുതോൽപിക്കാൻ കഴിയുമെന്ന പ്രധാനപ്പെട്ട പാഠവും കൂടിയാണ് കർഷകരുടെ ഈ ഐക്യം.

എഴുനൂറിലേറെ കൃഷിക്കാരാണ് കർഷകസമരത്തിൽ രക്തസാക്ഷികളായത് എന്നു കൂടി ഓർക്കണം. ഇന്നത്തെ തീരുമാനം നേരത്തേ എടുത്തിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നു.

സമരമുഖത്ത് രക്തസാക്ഷികളായവരുടെ ജ്വലിക്കുന്ന ഓർമകളെ ആദരവോടെ സ്മരിക്കുന്നു. ഒരു വർഷം നീണ്ട പോരാട്ടത്തിൽ പതറാതെയും പിന്മാറാതെയും അടിയുറച്ചുനിന്ന് പോരാടിയ കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News