ഇത് ചരിത്രം; യുഎസ് പ്രസിഡന്റിന്റെ താൽകാലിക ചുമതല വഹിച്ച് കമല ഹാരിസ്

അമേരിക്കൻ പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അധികാരത്തിൽ ഇരുന്നത് കുറച്ചു സമയമാണെങ്കിലും പുതുചരിത്രമാണ് കമല ഹാരിസ് കുറിച്ചത്.

ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡന്‍ കമല ഹാരിസിന് അധികാരം കൈമാറിയത്. ഇതോടെ അല്‍പനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറി.

57 കാരിയായ കമല ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും കമല തന്നെ. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന്‍ കുടല്‍ സംബന്ധമായ പരിശോധനയായ കൊളെനോസ്‌കോപി നടത്താന്‍ വേണ്ടിയാണ് അനസ്തേഷ്യക്ക് വിധേയനാകുന്നത്. വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ബൈഡന്‍ പരിശോധനയ്ക്ക് വിധേയനാകുക.

പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബൈഡന്‍ അന്സ്തേഷ്യയിലുള്ള സമയത്താകും കമല ഹാരിസ് അമേരിക്കയുടെ പരമാധികാര സ്ഥാനത്തിരിക്കുക. ഈ സമയം അമേരിക്കയുടെ സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ കമലയ്ക്കായിരിക്കും. നേരത്തെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലയളവിലും അമേരിക്കയില്‍ സമാനമായ അധികാര കൈമാറ്റം ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here