ഇന്ത്യയുടെ 52-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ തുടക്കം; പ്രദർശനം ഒ ടി ടിയിലും

ഇന്ത്യയുടെ 52-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തുടക്കം. ഗോവയില്‍ നേരിട്ടെത്താത്തവര്‍ക്ക് പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമുകളിലൂടെ വീടുകളിലിരുന്നും സിനിമകള്‍ കാണാനും സംവാദങ്ങളുടെ ഭാഗമാകാനും സൗകര്യം ഒരുക്കിയിട്ടുള്ള ഹൈബ്രിഡ് മേളയാണ് ഇത്തവണ. ലോക് ഡൗണ്‍ കാലത്ത് സിനിമാ ആസ്വാദനത്തില്‍ ഒടിടി പ്ലാറ്റ്‍ഫോമുകള്‍ സൃഷ്‍ടിച്ച മാറ്റമാണ് പുതിയ പരീക്ഷണത്തിന് കാരണമെന്നാണ് കേന്ദ്രസർക്കാർ ഇതേക്കുറിച്ച് പറയുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്ന സിനിമാവ്യവസായത്തിനും ഊര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രോത്സവത്തിന്‍റെ ഉദ്‍ഘാടന ചടങ്ങില്‍ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ശ്രദ്ധ കപൂര്‍, റിതേഷ് ദേശ്‍മുഖ്, ജെനിലിയ ഡിസൂസ, മനോജ് ബാജ്‍പേയി, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ താരങ്ങളുടെ സാന്നിധ്യമുണ്ടാവും.

96 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. സ്പാനിഷ് സംവിധായകൻ കാർലോസ് സോറയുടെ ‘കിംഗ് ഓഫ് ഓൾ ദ വേൾഡ്’ ആണ് ഉദ്‍ഘാടന ചിത്രം. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരത്തിനായി മത്സരിക്കുന്നത് 15 ചിത്രങ്ങളാണ്. മറാഠി ചിത്രങ്ങളായ ഗോദാവരി, മി ബസന്ത് റാവു, അസമിലെ ഗോത്രഭാഷയായ ദിമാസ ഭാഷയിലുള്ള സെംഖോര്‍ എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തിലെ ഇന്ത്യന്‍ സാന്നിധ്യം. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണ് ഇടംപിടിച്ചത്.

ജയരാജിന്‍റെ ‘നിറയെ തത്തകളുള്ള മര’വും രഞ്ജിത്ത് ശങ്കറിന്‍റെ ജയസൂര്യ ചിത്രം ‘സണ്ണി’യും. മലയാളിയായ യദു വിജയകൃഷ്ണകുമാർ ഒരുക്കിയ സംസ്കൃതചിത്രം ഭഗവദജ്ജുകവും ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ കൂഴാങ്കലും ഈ വിഭാഗത്തിലുണ്ട്. ജെയിംസ് ബോണ്ടിനെ അനശ്വരനാക്കിയ ഷോൺ കോണറിയുടെയും രജനീകാന്തിന്‍റെയും റെട്രോസ്പെക്റ്റീവുകളും മേളയുടെ ആകര്‍ഷണങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News