വാർത്താചാനലുകളുടെ പോസിറ്റിവിറ്റി ജനങ്ങൾക്ക് നന്നായി ബോധ്യപ്പെട്ട ഒരു കാലമായിരുന്നു കൊവിഡിന്റേത്; ശരത് ചന്ദ്രൻ

കൊവിഡ് തീവ്രമായിരുന്ന കാലഘട്ടത്തിൽ രാജ്യം ലോക്ക്ഡൗണിലേക്ക് കടന്ന അവസരത്തിലും, ഇടവേളകളില്ലാതെ മാധ്യമപ്രവർത്തനം നടത്തിക്കൊണ്ടുപോകേണ്ടി വന്നതിനെക്കുറിച്ചും അതിനനുസൃതമായി ക്രമീകരണങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും കൈരളി എക്സ്ക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രൻ വിശദമാക്കി. പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോയിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ എണ്ണം കുറച്ചത് ജോലിക്കെത്തുന്നവരിൽ അധികഭാരം വരുത്തുന്നു എന്ന് കണ്ട്, കേരളത്തിലെ മാധ്യമങ്ങൾക്ക് പരിചിതമല്ലാതിരുന്ന വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ലാപ്ടോപ്പുകളും മറ്റും അധികമായി വേണ്ടി വന്നു. മറുഭാഗത്ത് അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതും പ്രധാനമായിരുന്നു. മാധ്യമപ്രവർത്തകർക്ക് യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത് കാര്യങ്ങൾ ഏറെക്കുറെ എളുപ്പമാക്കി.

മുഖ്യമന്ത്രിയുടെ ദൈനംദിന വാർത്താസമ്മേളനത്തിലൂടെ ആളുകൾ അന്നന്നുള്ള മാറ്റങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. അതിൽ തന്നെ പ്രാധാന്യമുള്ള കാര്യങ്ങൾ, അതിന്റെ എല്ലാ സത്തയും ഉൾക്കൊള്ളിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ ശ്രദ്ധപുലർത്തി.

അതുവരെ സോളാർ കേസ് പോലെ വിവാദ വിഷയങ്ങൾ സെൻസേഷനലൈസ് ചെയ്യുക മാത്രമാണ് മീഡിയക്കാർ എന്നും മാധ്യമധർമ്മം നിറവേറ്റുന്നില്ലെന്നുമുള്ള ആക്ഷേപം ഉണ്ടായിരുന്നു.വാർത്താചാനലുകളുടെ പോസിറ്റിവിറ്റി ജനങ്ങൾക്ക് നന്നായി ബോധ്യപ്പെട്ട ഒരു കാലമായിരുന്നു കൊവിഡിന്റേത്.

മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തവും ഇതോടെ വർദ്ധിച്ചു. വീടുകളിൽ കുടുങ്ങിക്കിടന്ന ആളുകൾക്ക് ഭയപ്പെടേണ്ടെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നുമുള്ള ആശ്വാസം പകരുന്നതോടൊപ്പം കൃത്യമായ വിവരങ്ങളും എത്തിച്ചുകൊടുക്കേണ്ടിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ ശക്തമാകുമ്പോൾ, അതിനെ ചെറുത്തുകൊണ്ട് സത്യത്തിന്റെ വെളിച്ചം പകരാൻ വാർത്താമാധ്യമങ്ങൾ ശ്രദ്ധിച്ചു.

വ്യക്തിപരമായ ഒരനുഭവം കൂടി പറയാം. കൊവിഡ് വിഷയം മാത്രം പ്രതിപാദിക്കുന്ന ‘വീട്ടിലേക്കുള്ള വാർത്ത’ എന്നൊരു പരിപാടി രാത്രി 7 മണിക്ക് ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളെ മുഖ്യധാരാമാധ്യമങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് അതിലെ സത്യങ്ങൾ മാത്രം വേർതിരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രവണത തുടങ്ങിവച്ചതും ഈ ഒരു സമയത്താണ്. കൂടെ ജോലിചെയ്യുന്നവർ രോഗബാധിതരാകുമ്പോൾ, അത് പടരാതിരിക്കാനുള്ള കരുതലും വേണ്ടി വന്നിരുന്നു.

എങ്ങനെ തിരിച്ചിട്ടാലും വാർത്തകൾ കൊവിഡിനെക്കുറിച്ച് തന്നെയായിട്ടും, അതിൽ മടുപ്പ് തോന്നിയിരുന്നില്ല. കാര്യങ്ങൾ ഓരോന്നും കൂടുതൽ പേരിൽ എത്തേണ്ടത് അത്രമാത്രം ഗൗരവമുള്ളതാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു.രോഗപ്രതിരോധത്തിൽ കേരളം കൈക്കൊണ്ട സമീപനങ്ങളെ ലോകം ഉറ്റുനോക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്.

ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും നമ്മുടെ സംസ്ഥാനം മുന്നിലായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഓക്‌സിജൻ സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ട അവസ്ഥയിലും, ഓക്സിജൻ ലഭ്യതയുടെ കണക്കുകൾ പുറത്തുവിടാനുള്ളത്ര ആർജവത്തോടെ ആയിരുന്നു കേരളത്തിലെ മെഡിക്കൽ സംവിധാനങ്ങൾ നിന്നത്. കൂടുതലായി ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള മാർഗങ്ങളും കണ്ടെത്തി നടപ്പാക്കി. ഈ മുന്നേറ്റങ്ങൾ ജനങ്ങളെ അറിയിക്കുന്നതോടൊപ്പം തന്നെ ന്യുനതകളും പിഴവുകളും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാണിച്ച് പരിഹാരം കണ്ടെത്താനും സംസ്ഥാനത്തെ മാധ്യമങ്ങൾ ശ്രമിച്ചതിന്റെ കൂടി ഫലമായാണ് കൊവിഡ് നിയന്ത്രണവിധേയമായത്.

വിദേശ രാജ്യങ്ങളിൽ രോഗം നിയന്ത്രണവിധേയമാകാതിരുന്നതിന്റെ കാരണങ്ങൾ വിലയിരുത്താനും ‘ഡിലേ ദി പീക്ക്’ എന്ന രീതി പിന്തുടരാനും ജനങ്ങൾക്ക് നിർദ്ദേശം നൽകാൻ സംസ്ഥാനസർക്കാറിനൊപ്പം മാധ്യമങ്ങളും സവിശേഷമായ പങ്കുവഹിച്ചു. കൊവിഡ് ചികിത്സയ്ക്ക് ദില്ലിയിൽ 4 ലക്ഷം രൂപ ബിൽ വന്ന വാർത്ത മുൻപിൽ നിൽക്കെ, കേരളത്തിൽ സൗജന്യ ചികിത്സ നൽകാനായി. ലോക്‌ഡൗണിൽ ജോലിക്കുപോകാനാകാതെ വീടുകളിൽ പട്ടിണി വരുമായിരുന്ന സാഹചര്യത്തിൽ, സർക്കാർ ഭക്ഷ്യകിറ്റ് നൽകുന്നു എന്ന വാർത്ത ജനങ്ങൾക്ക് നൽകി ആശ്വാസം പകർന്നു.

മാധ്യമപ്രവർത്തകർക്ക് ഐ ഡി കാർഡ് കാണിച്ച് പുറത്തിറങ്ങാമായിരുന്നെങ്കിലും സാമൂഹിക ബന്ധം പുലർത്താൻ സാധിക്കാത്തതിന്റെ പിരിമുറുക്കം അനുഭവപ്പെട്ടിരുന്നു. വീടുവിട്ട് ജോലി ചെയ്യുന്നവർക്ക് തിരികെ വീട്ടിലേക്ക് മടങ്ങാനാകാതെ വന്നു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കെ വല്ലാത്ത മാനസിക സംഘർഷമുണ്ടായിട്ടുണ്ട്. വിപിൻചന്ദ്, ഡി. വിജയമോഹൻ അടക്കം ചില മാധ്യമസുഹൃത്തുക്കൾ കൊവിഡ് ബാധിച്ച് മരണപ്പെട്ടതും വേദനിപ്പിക്കുന്ന ഓർമ്മകളിൽപ്പെടും.

കെ.ആർ. ഗൗരിയമ്മയുടെ സംസ്കാരച്ചടങ്ങ് അടക്കം പല സന്ദര്ഭങ്ങളിലും, ജോലിയുടെ അപകടം അറിഞ്ഞിട്ടും കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാനാകാതെ കർമ്മനിരതരാകേണ്ടി വന്നിട്ടുണ്ട് മാധ്യമപ്രവർത്തകർക്ക്. പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കൊവിഡ് കേസുകൾ ഉയർത്തിയെങ്കിലും ഭരണ സംവിധാനത്തിന്റെയും ഡോക്ടർമാരുടെയും ആശുപത്രിയിലെ സൗകര്യങ്ങളുടെയും മികവ്, നമ്മെ കരകയറ്റി. പൊതുസമൂഹത്തിന്റെ ജാഗ്രത മാധ്യമങ്ങളുടെ സ്വാധീനം മൂലം വന്നിട്ടുള്ളതാണ്.

2018 മുതൽ പ്രളയം, നിപ തുടങ്ങി കൊവിഡ് വരെ തിരിച്ചടികൾ ഏറെ നേരിട്ടാണ് കേരളത്തിലെ മാധ്യമങ്ങൾ നീങ്ങുന്നത്. കൊവിഡ് ആഗോളതലത്തിൽ സമാനതകളില്ലാത്ത മാറ്റം മാധ്യമരംഗത്ത് സംഭാവന ചെയ്തു.പ്രകൃതിക്ഷോഭങ്ങളുടെ നിലയ്ക്കാത്ത തുടർച്ചകളിലൂടെയാണ് കേരളമിപ്പോഴും നീങ്ങുന്നത്. വിമർശനങ്ങളും വിവാദങ്ങളും നിലനിൽക്കെ തന്നെ മാധ്യമങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്.” ശരത്ചന്ദ്രൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News