പ്രതിപക്ഷത്തിന്റേത് വികസനത്തിന് വഴി മുടക്കുന്ന നയം; എ വിജയരാഘവന്‍

കേരളത്തിന്റെ വികസനത്തിന് വഴിമുടക്കുന്ന നയമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആവർത്തിച്ച് പറയുകയാണ് യുഡിഎഫും ബിജെപിയും.

വികസന പദ്ധതികളെ എതിർക്കുമെന്നാണ് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്യുന്നത്. വികസനകാര്യങ്ങൾ അട്ടിമറിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വിജയരാഘവൻ പറഞ്ഞു.

പുതിയ കാലത്തിന് അനുയോജ്യമായ തരത്തിൽ കേരളം നവീകരിക്കപ്പെട്ടില്ലെങ്കിൽ യുവതലമുറ പിന്തള്ളും. എന്നാൽ കേരളത്തെ പിറകോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് കേന്ദ്രസർക്കാർ.

ശബരിമല വിമാനത്താവള പദ്ധതിയോട് കേന്ദ്രം മുഖം തിരിഞ്ഞുനിൽക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രാജ്യാന്തര സർവീസ് ആരംഭിക്കാൻ ഇപ്പോഴും അനുവാദം കൊടുത്തിട്ടില്ല. സിൽവർലൈൻ റെയിൽ പദ്ധതിയിൽ നേരത്തേ പറഞ്ഞ മൂലധനം നിക്ഷേപം നടത്താൻ കഴിയില്ലെന്ന് ഇപ്പോൾ പറയുന്നു.

ഇതൊന്നും യുഡിഎഫിന് ഒരു വിഷയമേയാകുന്നില്ല. ബിജെപിയുടെ വിധേയന്മാരായി ചുരുങ്ങുകയാണ് യുഡിഎഫ്. എന്നാൽ കഴിഞ്ഞ ആറ് മാസത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിൽ വലിയ ആത്മവിശ്വാസും പ്രതീക്ഷയും രൂപപ്പെടുത്തിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

ഇന്ധനവില വർധനയ്‌ക്കിടയാക്കുന്ന കേന്ദ്രനയത്തിനെതിരെ നവംബർ 23ന് എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ 30ന് വൈകിട്ട് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിൽ വർധിച്ചുവരുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ സിപിഐ എം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഡിസംബർ 7ന് സംസ്ഥാന വ്യാപകമായി സിപിഐ എം പ്രതിഷേധപരിപാടി സംഘടിപ്പിക്കും. ജനകീയ ചെറുത്തുനിൽപ്പിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് കർഷക സമരത്തിന്റെ വിജയമെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel