ഐ എസ് എല്‍; ഇന്ന് ഈസ്റ്റ് ബംഗാൾ – ജംഷെദ്പുർ എഫ്.സി പോരാട്ടം

ഐ എസ് എൽ ഫുട്ബോളിൽ ഇന്ന് ഈസ്റ്റ് ബംഗാൾ – ജംഷെദ്പുർ എഫ്.സി പോരാട്ടം. രാത്രി 7:30 ന് ഗോവ വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ ക്ലബുകളിലൊന്നായ ഈസ്റ്റ് ബംഗാൾ പുത്തൻ സീസണ് ഇറങ്ങുന്നത് നവോന്മേഷത്തോടെയാണ്. പുതിയ സ്പാനിഷ് പരിശീലകൻ ജോസ് മാനുവൽ ഡയസിന്റെ കീഴിലാണ് ക്ലബ്ബിന്റെ പടയൊരുക്കം.

കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് അരിന്ദം ഭട്ടാചാര്യ ക്യാപ്ടനായ ടീമിന് കണക്ക് തീർക്കണം. പ്രീ സീസൺ – സൗഹൃദ മത്സരങ്ങളിലെ മെച്ചപ്പെട്ട പ്രകടനങ്ങളുടെ കരുത്തിലാണ് രണ്ടാം സീസണിലേക്കുള്ള ടീമിന്റെ യാത്ര.

നൈജീരിയൻ സ്ട്രൈക്കർ ഡാനിയൽ ചിമ ചുക്‌വു ,ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ , ആദിൽ ഖാൻ , ഡാരൻ സിഡോയൽ , ടോമിസ്ലാവ് മിർസെല , അമീർ ഡെർവിസെവിച്ച് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ . ഇതിന് പുറമെ അമർജിത് സിംഗ് കിയാമിനെ പോലെ പരിചയസമ്പന്നരായ യുവതാരങ്ങളുടെ സാന്നിധ്യം ടീമിന് ശക്തി പകരും.

അതേസമയം ഓവൻ കോയ്ലെന്ന സ്കോട്ടിഷ് പരിശീലകന്റെ കീഴിലാണ് ജംഷെദ് പുർ എഫ്.സിയുടെ ഒരുക്കം. മലയാളിതാരം അനസ് എടത്തൊടിക , നരേന്ദർ ഗഹ്ലോട്ട്, പീറ്റർ ഹാർട്ട്ലി, എലി സാബിയ എന്നിവർ അണിനിരക്കുന്ന പ്രതിരോധം പോരാളികളുടെ സംഘമാണ്.

ക്രിയേറ്റീവ് മിഡ് ഫീൽഡർ ഇല്ലാത്തതാണ് പോരായ്മ. എങ്കിലും ഇത് പരിഹരിക്കാൻ ഗ്രെഗ് സ്‌റ്റ്യുവാർട്ടിനും പ്രണോയ് ഹാൽഡറിനും കഴിവുണ്ട്. നെറിജസ് വാൽസ്കിസ് , ജോർദാൻ മുറെ , ഇഷാൻ പണ്ഡിത എന്നിവരാണ് ടീമിലെ പ്രധാന സ്ട്രൈക്കർമാർ.

കോമൾ തട്ടാൽ , ബോറിസ് സിംഗ് ഉൾപ്പടെയുള്ള പ്രതിഭാധനരായ താരങ്ങളുടെ സാന്നിധ്യം ടീമിലുണ്ട്. സീസൺ ഗംഭീരമാക്കാൻ ഉറച്ച് റെഡ് മൈനേഴ്സും ഈസ്റ്റ് ബംഗാളും പോരിനിറങ്ങുമ്പോൾ അതി വാശിയേറിയ മത്സരത്തിനാകും വാസ്കോയിലെ തിലക് മൈതാൻ സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News