ലോക മത്സ്യബന്ധന ദിനം; സന്ദേശവുമായി മന്ത്രി സജി ചെറിയാൻ

ലോക മത്സ്യബന്ധനദിനത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സന്ദേശം.

മത്സ്യമേഖലയുടെ പ്രസക്തിയും സുസ്ഥിരതയിലൂന്നിയ വികസനത്തിന്റെ അനിവാര്യതയും ഓര്‍മിപ്പിച്ചു കൊണ്ട് മറ്റൊരു മത്സ്യബന്ധന ദിനം കൂടെ വന്നെത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുരോഗതിയും ഉറപ്പ് വരുത്തേണ്ട കടമ പൊതുസമൂഹത്തിനുണ്ട്. പൊതു സമൂഹത്തിന്റെ സാമൂഹ്യ- സാമ്പത്തിക പുരോഗതിയുടെ കാര്യം പരിശോധിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളും തീരദേശവും എന്നും പുറകില്‍ നില്‍ക്കുന്നതായാണ് നാം കാണുന്നത്. ഈ വിടവ് നികത്തുവാനും മത്സ്യമേഖലയുടെയും അതുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന തൊഴിലാളികളുടെയും പ്രാധാന്യം ഓര്‍മിപ്പിക്കാനുമായാണ് മത്സ്യബന്ധന മേഖലയ്ക്കായി ഒരു പ്രത്യേകദിനമെന്ന നിലയില്‍ നവംബര്‍ 21 മത്സ്യബന്ധനദിനമായി ലോകമെമ്പാടും ആചരിച്ചുവരുന്നത്.

മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങൾ സംരക്ഷിക്കുക, മത്സ്യബന്ധനത്തിന്റെയും ജല സ്രോതസ്സുകളുടേയും നിലവാരം ഉയർത്തുക, പൊതുജനങ്ങളിൽ മത്സ്യബന്ധനമേഖലയെ കുറിച്ചുള്ള അവബോധം വളർത്തുക എന്നിവയാണ് മത്സ്യബന്ധനദിനാചരണത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് നിലവിലെയും കഴിഞ്ഞ തവണത്തെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തില്‍ നടത്തിയതും നടത്തിവരുന്നതും.

നമ്മുടെ സംസ്ഥാനം പരമ്പരാഗതമായി ഒരു സമുദ്ര മത്സ്യോദ്പാദന ഉപഭോഗ സംസ്ഥാനമാണ്. നമ്മുടെ സമ്പത് വ്യവസ്ഥയിൽ മത്സ്യമേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി നമുക്കുള്ള പ്രത്യേകതയും വൈവിധ്യമാര്‍ന്ന ജലസ്രോതസുകളും ഇക്കാര്യത്തില്‍ നമുക്ക് സഹായകരമാണ്. 590 കിലോമീറ്റര്‍ നീളത്തിലുള്ള കടല്‍തീരം, 39,139 ചതുരശ്ര കിലോമീറ്റര്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ്, 53 വലുതും ചെറുതുമായ കായലുകള്‍, 44 നദികള്‍, നിരവധി തണ്ണീര്‍തടങ്ങള്‍ തുടങ്ങി പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട സംസ്ഥാനമാണ് നമ്മുടേത്.

മലയാളികള്‍ പൊതുവേ മത്സ്യപ്രിയരാണ് എന്നത് എടുത്തുപറയേണ്ടതില്ല. ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ജന്തുജന്യ പ്രോട്ടീനുകളുടെ 75% ശതമാനത്തോളം വരുന്നത് മത്സ്യാഹാരത്തിലൂടെയാണ്. പോഷക സമൃദ്ധമായ ആഹാരത്തിന്റെ ഉറവിടം എന്ന നിലയില്‍ മാത്രമല്ല കയറ്റുമതി രംഗത്തും തൊഴിൽ രംഗത്തും പ്രധാന പങ്കുവഹിക്കുന്ന ഒരു മേഖലയാണ് മത്സ്യബന്ധന മേഖല. കേരളത്തില്‍ 11 ലക്ഷത്തോളം പേര്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നുണ്ട്.

ശരീരികാധ്വാനത്തിന്റെ കാര്യമെടുത്താല്‍ ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ജോലികളില്‍ ഒന്നാണ് മത്സ്യബന്ധനം. ഖനികളിലെ ജോലി മാത്രമായിരിക്കും വലിയ തൊഴില്‍മേഖലകളുടെ കൂട്ടത്തില്‍ ഇത്രയും ശരീരികാധ്വാനം ആവശ്യപ്പെടുന്നതും വെല്ലുവിളികള്‍ നേരിടുന്നതുമായ മറ്റൊരു തൊഴില്‍മേഖലയുണ്ടാകില്ല . എന്നാലും അതിനനുസരിച്ചുള്ള വരുമാന നേട്ടം മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. മറ്റേത് ജോലിയിൽ ഏർപ്പെട്ടാലും നിശ്ചിത വരുമാനം ഉറപ്പാക്കാൻ കഴിയും, എന്നാല്‍ മത്സ്യബന്ധനത്തിനു അത്തരമൊരു സാമ്പത്തിക സുരക്ഷിതത്വമില്ല. മത്സ്യലഭ്യതയിലെ അനിശ്ചിതാവസ്ഥയും കാലാവസ്ഥ വ്യതിയാനങ്ങളും മത്സ്യ ആവാസവ്യവസ്ഥകളുടെ നശീകരണവുമെല്ലാം ഈ മേഖലയിൽ പണിയെടുക്കുന്നവർക്ക് ജോലിയിൽ സുരക്ഷിതത്വമില്ലായ്മയ്ക്ക് കാരണമാകുന്നുണ്ട്. പരിസ്ഥിതി സൗഹൃദവും ജൈവ വൈവിധ്യം നിലനിർത്തിയും ശാസ്ത്രീയ മുറകൾ മാത്രം അവലംബിച്ചുമുള്ള ഒരു മത്സ്യബന്ധന രീതി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്.

കയറ്റുമതിയിലൂടെ രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ പ്രദാനം ചെയ്യുന്നതുമായ മത്സ്യബന്ധന മേഖലയിലുടെ ആദ്യ കണ്ണികള്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ്. മൊത്തം മത്സ്യത്തൊഴിലാളികളില്‍ 20% ത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ സ്വന്തമായുള്ളൂ. മറ്റുള്ളവര്‍ മത്സ്യബന്ധനോപകരണങ്ങള്‍ സ്വന്തമായുള്ള ഇടനിലക്കാരെ ആശ്രയിക്കുന്നവരാണ്. ഈ സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങള്‍ പൊതുവേ ലോകത്ത് എല്ലായിടത്തും പരിതാപകരമാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാണെങ്കിലും പൊതുസമൂഹത്തിലുണ്ടായ സാമ്പത്തികസാമൂഹിക പുരോഗതിയുടെ പ്രതിഫലനം മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇടനിലക്കാരും കയറ്റുമതിക്കാരും വലിയ രീതിയില്‍ വരുമാനവും സാമ്പത്തികപുരോഗതിയും കൈവരിക്കുമ്പോള്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു നേട്ടവും കൈവരിക്കുവാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനത്തിന്റെ പകുതിയില്‍ താഴെയാണ് മത്സ്യതൊഴിലാളികളുടെ ആളോഹരി വരുമാനം എന്നത് ഈ വൈരുധ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇത്തരത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൻറെ പുരോഗതിക്കായി ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇടതുപക്ഷ സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിയത്. മത്സ്യമേഖലയ്ക്കായി സമഗ്രമായ സംസ്ഥാന ഫിഷറീസ് നയം കൊണ്ടുവന്നതാണ് എടുത്തുപറയേണ്ടുന്ന കാര്യം. മത്സ്യകൃഷിയില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, മൂല്യ വര്‍ധനവ് നടത്തി വിളവിന് പരമാവധി വില ലഭ്യമാക്കുക , മത്സ്യകര്‍ഷകരുടെ ആളോഹരി വരുമാനം ഇരട്ടിയാക്കുക, സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തി മത്സ്യതൊഴിലാളികളുടെ ആളോഹരി വരുമാനം പൊതുസമൂഹത്തിന്റെ ആളോഹരി വരുമാനത്തിന് തുല്യമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നിവയാണ് ഫിഷറീസ് നയം വഴി നാം വിഭാവനം ചെയ്യുന്നത്.

അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ ശുപാർശ ചെയ്ത എല്ലാ ക്ഷേമപദ്ധതികളും ആദ്യമായി നടപ്പിലാക്കിയ ക്ഷേമനിധി ബോർഡ് നമ്മുടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡാണ്. കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കും ഭീഷണി നേരിടുന്നവര്‍ക്കുമായി പുനരധിവാസ പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്. ഇതിനെല്ലം പുറമേ കാലാവസ്ഥാ വ്യതിയാനവും മറ്റും മൂലം കടലോരത്ത് അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി 2450 കോടിരൂപയുടെ പുനര്‍ഗേഹം പദ്ധതി ഇടതുസര്‍ക്കാര്‍ നടപ്പിലാക്കി. മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് മുട്ടത്തറയിലും പൊന്നാനിയിലും ബീമാപള്ളിയിലും കാരോടും ഫ്ലാറ്റുകൾ നിർമിച്ചു കൈമാറി. മത്സ്യത്തൊഴിലാളികളുടെ ഇൻഷൂറൻസ് പരിരക്ഷ 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്തി. സമ്പാദ്യ സമാശ്വാസ പദ്ധതി 2700 രൂപയിൽ നിന്നും 4500 രൂപയായി വർധിപ്പിച്ചു. തൊഴില്‍സംരംഭങ്ങളും വിദ്യാഭ്യാസ സഹായ പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കി.

മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ട് വരുന്ന മത്സ്യത്തിന് ഇടനിലക്കാരുടെ ചൂഷണം മൂലം ന്യായവില ലഭിക്കാത്തത് മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിച്ചിരുന്ന പ്രധാനപ്രശ്നങ്ങളില്‍ ഒന്നായിരുന്നു. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ട് വരുന്ന മത്സ്യത്തിന് ന്യായവില ലഭിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കി മത്സ്യവിപണനം സാധ്യമാക്കുന്നതിനും ഉതകുന്ന ‘മത്സ്യസംഭരണവും വിപണനവും ഗുണനിലവാരപരിപാലനവും’ നിയമത്തിനു കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഈ നിയമത്തിലൂടെ ഇന്ന് തീരദേശത്ത് നിലവിലുള്ള 10 മുതല്‍ 15% വരെയുള്ള ലേല കമ്മീഷന്‍ ഇല്ലാതാകും. പകരം ലേലം ചെയ്യുന്നതിന് പ്രദേശത്തെ മത്സ്യത്തൊഴിലാളി സഹകരണ സംഘം നിര്‍ദേശിക്കുന്ന ലേലക്കാരനും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിക്കും മത്സ്യത്തൊഴിലാളിക്കും സഹകരണ സംഘത്തിനും വീതിക്കാന്‍ കഴിയുന്ന തരത്തില്‍ 5% മായി നിജപ്പെടുത്തും.

ഇതിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കി വരികയാണ്‌. ഈ നിയമം കൊണ്ടുവന്നപ്പോള്‍ പറഞ്ഞ ഏറ്റവും വലിയ ആരോപണം മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് വിപണനം നടത്തുവാന്‍ കഴിയില്ല എന്നതായിരുന്നു. എന്നാല്‍ യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ആരോപണമാണിത്. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം അവര്‍ക്ക് നേരിട്ട് വില്പന നടത്തുന്നതിന് ഒരുതരത്തിലുള്ള തടസവുമില്ല. ഈ നിയമം പൂര്‍ണതോതില്‍ നടപ്പാവുന്നതോടെ മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായവില ലഭിക്കുന്ന സാഹചര്യവും സംജാതമാകും.

കഠിനമായ വെല്ലുവിളികള്‍ നേരിടുന്ന തൊഴിലായതിനാല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന മറ്റൊരു കാര്യം. എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ലൈസന്‍സ് ഉറപ്പാക്കും. അതില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്, യാനങ്ങളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ആധുനിക തരത്തിലുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ (VHF, GPS, സാറ്റലൈറ്റ് ഫോണ്‍) എന്നിവയും ഉറപ്പ് വരുത്തും. എല്ലാ പരമ്പരാഗത യാനങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന പദ്ധതി നിലവിലുണ്ട്. ഇതിന്റെ പ്രീമിയത്തിന്റെ 90% വും സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യബന്ധന മേഖലയ്ക്കും വളരെയേറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.

കടൽ സമ്പത്തിന്റെ സംരക്ഷണവും സുസ്ഥിര വികസനവും, മത്സ്യത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവകാശ സംരക്ഷണവും പുരോഗതിയും, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News