
ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘപരിവാര്‍ പ്രചരണം നടക്കുന്നതിനിടെ പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം.
ഡി.വൈ.എഫ്.ഐ നേതാക്കളായ വി. വസീഫ്, എല്‍.ജി. ലിജീഷ്, പി. ഷിജിത്ത്, അഖില്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ഭക്ഷണത്തിലും വെറുപ്പ് കലര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രതൈ എന്ന അടിക്കുറിപ്പോടെയാണ് റഹീം ചിത്രം പങ്കുവെച്ചത്.
കഴിഞ്ഞദിവസം ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ പാരഗണ്‍ ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റിന്റെ പോസ്റ്റ്.
ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ പാരഗണ്‍ ഹോട്ടലും അവരുടെ സഹോദര സ്ഥാപനവുമായ സല്‍ക്കാരയും നോണ്‍ ഹലാല്‍ സ്ഥാപനമാണെന്നും ഈ ഹോട്ടലുകളില്‍ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രചാരണം. ‘സോള്‍ജേഴ്‌സ് ഓഫ് ക്രോസ്’ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് ഇതുമായി ആദ്യ പ്രചാരണം ആരംഭിച്ചത്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള, കോഴിക്കോട്ടുള്ള 15 റസ്റ്റോറന്റുകളില്‍ തുപ്പല്‍ രഹിത ഭക്ഷണമാണ് വിളമ്പുന്നതെന്നായിരുന്നു പ്രചാരണം.
ഈ ഹോട്ടലുകളുടെ പട്ടികയില്‍ പാരഗണ്‍ ഹോട്ടലും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാരഗണ്‍ ഗ്രൂപ്പുടമ സംഘപരിവാര്‍ അനുകൂലിയാണെന്നും ഈ അവസരത്തില്‍ മുതലെടുപ്പ് നടക്കുകയാണെന്നുമുള്ള പ്രചാരണം ആരംഭിച്ചത്. മുസ്ലീം വിഭാഗത്തില്‍പ്പെടുന്ന പ്രൊഫൈലുകളില്‍ നിന്നാണ് ഈ പ്രചരണം ആരംഭിച്ചത്. പാരഗണിന്റെ ഹോട്ടലുകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രചാരണത്തില്‍ പറയുന്നു. ഇതോടെയാണ് വിശദീകരണവുമായി പാരഗണ്‍ ഗ്രൂപ്പ് രംഗത്തെത്തിയത്.
‘ഞങ്ങളുടെ പേര് ഉപയോഗിച്ച് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. എട്ട് പതിറ്റാണ്ടിലേറെയായി ജാതിമതഭേദമെന്യേ ജനങ്ങള്‍ക്ക് ഞങ്ങള്‍ ഭക്ഷണം വിളമ്പുന്നു. ആരാണ് ഇതിന് പിന്നിലെന്ന് ഞങ്ങള്‍ക്ക് അറിയില്ല. മതപരമായ അസഹിഷ്ണുതയാണോ ബിസിനസ്സ് വൈരാഗ്യമാണോ ഇത് പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. അതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണെന്ന് പാരഗണ്‍ ഹോട്ടലുടമ സുമേഷ് ഗോവിന്ദ് പറഞ്ഞു.’
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here