ഫാത്തിമ തഹ്ലിയക്ക് വിലക്ക്

ഹരിത മുൻ നേതാവ് ഫാത്തിമ തെ​ഹ്ലിയക്ക് വിലക്ക്. ഫാത്തിമക്ക് സ്വീകരണം നൽകരുതെന്ന് കെ എം സി സിയ്ക്ക് ലീ​ഗ് നിർദേശം നൽകി. സ്വീകരണം പാർട്ടിയുടെ അഭിമാനത്തെ തകർക്കുമെന്ന് മണ്ഡലം കമ്മിറ്റി നൽകിയ കത്തിൽ പറയുന്നു. ഇതേത്തുടർന്ന് ഷാർജ കെ എം സി സി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം ഒഴിവാക്കി. വിലക്ക് ലംഘിച്ച് പല കമ്മിറ്റികളും ഫാത്തിമക്ക് സ്വീകരണം നൽകിയതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഷാർജ പുസ്തകോത്സവുമായി ബന്ധപ്പെട്ട് ഗൾഫിലുള്ള ഫാത്തിമ തഹ്ലിയക്ക് അഴീക്കോട് കെ എം സി സി നൽകാനാരുങ്ങിയ സ്വീകരണമാണ് ലീഗ് നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം ഒഴിവാക്കിയത്. പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസും സമൂഹ മാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്തിരുന്നു.

അതിനു ശേഷമാണ് ഷാർജ കെ എം സി സി  സംസ്ഥാന കമ്മിറ്റിയുടെ നിർദേശം വന്നത്. കത്ത് ലഭിച്ചതിനെ തുടർന്ന് മണ്ഡലം കമ്മിറ്റിയുടെ പരിപാടി ഒഴിവാക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ പേരിൽ പദവിയിൽ നിന്ന് ഒഴിവാക്കുകയും ഇപ്പോഴും പാർട്ടിയുടെ നിരീക്ഷണത്തിൽ കഴിയുന്ന മുൻ എം എസ് എഫ് വനിതാ നേതാവായ ഫാത്തിമ തഹ്ലിയയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടി ഒഴിവാക്കണമെന്നാണ് കത്തിൽ പറയുന്നത്.

സമൂഹ മാധ്യമങ്ങളിൽ പാർട്ടിയുടെ അഭിമാനത്തെ വേട്ടയാടുന്നതിനുള്ള ഒരവസരമായി ഇത് മാറുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഫാത്തിമ തഹ്ലിയക്ക് സ്വീകരണം നൽകിയിരുന്നു.

ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം മറികടന്ന് ചില മണ്ഡലം കമ്മിറ്റികളും, ജില്ലാ കമ്മിറ്റികളും വനിതാ നേതാക്കളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഈ വിഷയത്തിൽ കേരളത്തിൽ ഉള്ളതു പോലെ കെ എം സി സിയിലും മുസ്ലീം ലീഗിൽ രണ്ടു ചേരിയിലേക്ക് നേതാക്കൾ തിരിഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

അച്ചടക്ക നടപടിയ്ക്ക് വിധേയമായെങ്കിലും പാർട്ടി വേദികളിലും പരിപാടികളിലും ഇവർക്ക് പങ്കാളിത്തം ലഭിക്കുന്നു എന്നതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. തിരൂരങ്ങാടിയിൽ എം എസ് എഫ് നടത്തിയ പരിപാടിയിൽ ഹരിതയുടെ മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ശീറയെ പങ്കെടുപ്പിക്കരുതെന്ന് നേതൃത്വം നിർദ്ദേശിച്ചിരുന്നെങ്കിലും നജ്മ പങ്കെടുത്തിരുന്നു.

ഇതിനെത്തുടർന്ന് പി എം എ സലാം പരിപാടിയിൽ നിന്നും മാറിനിൽക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പരാതിക്കാരായ പെൺകുട്ടികളെ ഒരു പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന കർശന നിർദേശം കെ എം സി സി  കമ്മിറ്റികൾക്കും ലീഗ് നേതൃത്വം നൽകിയിരിക്കുന്നത്.

കുറ്റക്കാരെ സംരക്ഷിച്ച് പരാതിക്കാരെ മാറ്റിനിർത്തുന്ന നേതൃത്വത്തിൻ്റെ ഈ നിലപാടിൽ ലീഗിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത അമർഷമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel