ഖത്തറിലെ റാസ് അബു അബൂദ് സ്റ്റേഡിയം ഇനി മുതല്‍ ‘സ്റ്റേഡിയം 974’

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിനുളള ഏഴാമത് സ്റ്റേഡിയമായ റാസ് അബു അബൂദ് സ്റ്റേഡിയം ‘സ്റ്റേഡിയം 974’ ആയി പുനര്‍നാമകരണം ചെയ്തു. നവംബര്‍ 21ന് ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന ദിനത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സും സിറിയയും തമ്മില്‍ ഏറ്റുമുട്ടുക ഈ സ്‌റ്റേഡിയത്തിലാണ്.

സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പൂര്‍ത്തിയാക്കിയ ഏഴാമത്തെ ടൂര്‍ണമെന്റ് വേദിയാണ് സ്റ്റേഡിയം 974. ഖലീഫ ഇന്റര്‍നാഷണല്‍, അല്‍ ജനൂബ്, എജ്യുക്കേഷന്‍ സിറ്റി, അഹ്‌മദ് ബിന്‍ അലി, അല്‍ ബൈത്ത്, അല്‍ തുമാമ എന്നിവയാണ് മറ്റു സ്‌റ്റേഡിയങ്ങള്‍.

ഫിഫ ലോകകകപ്പ് 2022 ആരംഭിക്കാന്‍ ഒരു വര്‍ഷം ശേഷിക്കവെയാണ് ഏഴാമത് സ്റ്റേഡിയവും സജ്ജമായ കാര്യം സംഘാടകര്‍ ഔദ്യോഗികമായി അറിയിച്ചത്. ലുസൈല്‍ സ്‌റ്റേഡിയം മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. വെസ്റ്റ് ബേ സ്‌കൈലൈനിന് നേരെ എതിര്‍വശത്ത് ദോഹ തുറമുഖത്തിന് സമീപമാണ് സ്റ്റേഡിയം 974 സ്ഥിതി ചെയ്യുന്നത്. ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ റാസ് ബു അബൗദ് സ്റ്റേഷനില്‍ നിന്ന് 800 മീറ്റര്‍ അകലെയാണ് സ്റ്റേഡിയത്തിന്റെ സ്ഥാനം.

പ്രാഥമികമായി ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ കൊണ്ടാണ് ദോഹ തുറമുഖത്തിന് സമീപമുള്ള ആ സ്റ്റേഡിയം നിര്‍മ്മിച്ചത്. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ പൂര്‍ണമായും ‘ഡീമൗണ്ടബിള്‍’ സ്റ്റേഡിയം കൂടിയാണ് 974. സ്റ്റേഡിയത്തിന്റെ പുതിയ പേര് നിര്‍മാണത്തില്‍ ഉപയോഗിച്ച ഷിപ്പിംഗ് കണ്ടെയ്നറുകളുടെ എണ്ണത്തെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിംഗ് കോഡ് കൂടിയാണിത്.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദോഹ എയര്‍പോര്‍ട്ട്, ഹമദ് തുറമുഖം എന്നിവയ്ക്ക് സമീപമുള്ള ഖത്തറിലേക്കുള്ള പ്രവേശന കവാടമെന്ന നിലയില്‍ സ്റ്റേഡിയത്തിന്റെ സ്ഥാനവും ഈ പേര് പ്രതിഫലിപ്പിക്കുന്നു. 2022-ലെ ഖത്തറില്‍ 16-ാം ഘട്ടം വരെയുള്ള ഏഴ് മത്സരങ്ങള്‍ക്ക് സ്റ്റേഡിയം 974 ആതിഥേയത്വം വഹിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് മത്സരത്തില്‍ 40,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ആദ്യ സെമിയും മൂന്നാംസ്ഥാന പ്ലേ ഓഫും ഉള്‍പ്പെടെ ആറ് മത്സരങ്ങള്‍ നടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News