മാതൃഭൂമിപഠനം അക്കാദമിക് മേഖലയിൽ ശ്രദ്ധിയ്ക്കപ്പെടുന്നു; ആർ പി ശിവകുമാറിന്റെ കുറിപ്പ്

മാധ്യമപ്രവർത്തകനും കൈരളി ന്യൂസ് ഡയറക്ടറുമായ എൻ പി ചന്ദ്രശേഖരൻ രചിച്ച ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക വായന’യെ കുറിച്ച് ആർ പി ശിവകുമാർ തന്റെ ഫേസ്ബുക്കിൽ എഴുതുന്നു.

1932 ജനുവരി 18 ന് ആദ്യത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിറങ്ങുമ്പോൾ അതിലെ പ്രതിവാര ചിന്തകൾ പംക്തിയിൽ പത്രാധിപർ എഴുതി : “ഒരു വായനക്കാരന്റെ ജിജ്ഞാസകളെ നിറവേറ്റുന്നതിന് ഒരു ദിനപത്രത്തിനു സാധ്യമല്ല. ദിനപത്രങ്ങൾ മുഖേന സാധ്യമല്ലാതെ വരുന്ന കാര്യങ്ങളുടെ നിർവഹണത്തിന്നു പ്രത്യേകമായ ആഴ്ചപ്പതിപ്പുകൾകൂടി പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം ഇതരഭാഷകളിൽ സർവസാധാരണമായിട്ടുണ്ട്.” – ആ ലക്ഷ്യമാണ് ഇവിടെയും ആഴ്ചപ്പതിപ്പുകൊണ്ട് ഉദ്ദേശിക്കുന്നതെന്നായിരുന്നു അതിലെ സൂചന.

നാൽപ്പതു വർഷങ്ങൾക്കു ശേഷം 1973-ൽ പ്രസിദ്ധീകരിച്ച ‘മാതൃഭൂമിയുടെ ചരിത്രം’ എന്ന പുസ്തകത്തിൽ ‘വായനക്കാരുടെ ജിജ്ഞാസകളെ നിറവേറ്റുക എന്ന ലക്ഷ്യം മാറുകയും ‘സാംസ്കാരികവിഭാഗത്തെ പ്രതിനിധാനം ചെയ്യുക’ എന്നായിത്തീരുകയും ചെയ്തു. ജിജ്ഞാസയിൽനിന്ന് സാംസ്കാരികതയിലേക്കുള്ള 40 കൊണ്ടുണ്ടായ മാറ്റത്തെ ജ്ഞാനപരതയിൽനിന്ന് ആഘോഷപരതയിലേക്കുള്ള പരിണാമമായാണ് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക വായന’ എന്ന പുസ്തകത്തിൽ ഡോ. എൻ പി ചന്ദ്രശേഖരൻ വ്യാഖ്യാനിക്കുന്നത്.

മലയാളത്തിലെ സാഹിത്യ മുഖ്യധാരയിൽ കാനോനിക പദവി മാതൃഭൂമിയ്ക്കുണ്ട്. ‘തലമുറയുടെ ഭാവുകത്വം കരുപ്പിടിപ്പിക്കുന്നതിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വഹിച്ച പങ്ക് ചെറുതല്ലെന്ന് സച്ചിദാനന്ദനും എല്ലാത്തിന്റെയും അവസാന വാക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ കണ്ടിരുന്ന കാലം ഉണ്ടായിരുന്നതായി ഡോ. സബാസ്റ്റ്യൻ പോളും എഴുതിയിട്ടുണ്ട്. മാതൃഭൂമിയുടെ നവതി വേളയിൽ എഴുതിയ ലേഖനത്തിൽ, ഇക്കാലത്തും മലയാളത്തിലെ സാഹിത്യമുഖ്യധാരയെ നിർവചിക്കുന്നതു മാതൃഭൂമിതെന്നെ എന്ന് സച്ചിദാനന്ദൻ തുടർന്നെഴുതുന്നു. 90 വർഷമായി തുടരുന്ന ഈ പ്രാമാണികത പ്രശ്നരഹിതമാണോ എന്ന് സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ട് എൻ പി ചന്ദ്രശേഖരൻ നടത്തുന്ന അന്വേഷണമാണ് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക വായന’ എന്ന പുസ്തകം. സാധാരണ പഠനപ്രബന്ധങ്ങൾ അതതു മേഖലയിൽ താത്പര്യമുള്ളവർക്കു മാത്രമാണ് രസിക്കുകയെങ്കിൽ ‘മാതൃഭൂമിയുടെ സാംസ്കാരിക വായന’യുടെ കാര്യം അങ്ങനെയല്ല. അതിനു കാരണങ്ങൾ പലതാണ്.

ഒന്ന്, കാര്യമാത്രപ്രസക്തമായിട്ടാണ് (അതിവാചാലതയില്ലാത്ത) വസ്തുതകൾ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട്, അന്വേഷണത്തിനു അടിസ്ഥാനമായ കരുത്തുള്ള സൈദ്ധാന്തിക തലം രൂപീകരിച്ചിട്ടുണ്ട്
മൂന്ന്, സമാനമായ ചരിത്രസന്ദർഭങ്ങളെ മറ്റ് ആനുകാലികങ്ങൾ അതതുകാലത്ത് കൈകാര്യം ചെയ്ത രീതിയുമായി താരതമ്യം ചെയ്തിരിക്കുന്നത് വസ്തുതകളെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുന്നു.

നാല്, പട്ടികകൾ കൊണ്ട് പറയുന്ന കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്
അഞ്ച്, ആദ്യന്തം ഗവേഷണസ്വഭാവം പുലർത്തുന്ന പഠനമാണ്.
ആറ്, ഉചിതമായ സാങ്കേതിക പദങ്ങളും ആസകലം പ്രകടിപ്പിക്കുന്ന അപഗ്രഥനപാടവവും വ്യക്തതയുള്ള നിഗമനങ്ങളും വായനയെ അനായാസവും ചിന്തോദ്ദീപകവും ആക്കിത്തീർക്കുന്നു.
കേരളത്തിലെ ശരാശരി വായനക്കാർക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പുമായുള്ള വൈകാരികവും വൈചാരികവുമായ ഇഴയടുപ്പം ഈ വിശകലനവായനയെ കൂടുതൽ പ്രസക്തമാക്കിത്തീർക്കുന്നു എന്നതാണ് ഇതിനെല്ലാം മേലെ നിൽക്കുന്ന മറ്റൊരു പ്രധാനകാരണം.

അവതാരികയിൽ സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യമുണ്ട്, അടിയന്തിരാവസ്ഥയുടെ കാലത്ത് ഓ വി വിജയന്റെ ധർമ്മപുരാണം മലയാളനാട് വാരിക നീട്ടി വയ്ക്കാൻ നിർബന്ധിതരാവുകയും, അത് പിൻ വലിച്ചയുടൻ ആഘോഷത്തോടെ അതു പ്രസിദ്ധീകരിക്കുകയും ചെയ്ത ഉദാഹരണത്തെ മുന്നിൽ വച്ചുകൊണ്ട് എസ് ഹരീഷിന്റെ ‘മീശയുടെ’ പ്രസിദ്ധീകരണം മാതൃഭൂമി നിർത്തിവച്ച സംഭവമാണ് അത്. എന്തായിരുന്നു മാതൃഭൂമിയുടെ ഭൂതകാലം, അത് എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണ് പരിണമിച്ചെത്തിയത് എന്ന് ആലോചിക്കാൻ പ്രേരണ നൽകുന്ന ഉദാഹരണമാണ്. (ഇക്കാര്യം ഗ്രന്ഥകർത്താവിന്റെ ആലോചനാവിഷയമല്ല) ആഴ്ചയിലാഴ്ചയിൽ വായിച്ചു മാറ്റി വയ്ക്കുന്ന മാധ്യമങ്ങൾ നൽകുന്ന ചിത്രമല്ല, അവയുടെ ആകസ്മിക ലക്കങ്ങളും മാതൃകാലക്കങ്ങളും എടുത്തുവച്ചുകൊണ്ടുള്ള പരിശോധനയും അന്വേഷണവൂം മറ്റു ആനുകാലികങ്ങളുമായുള്ള താരതമ്യവും മുന്നിൽ കൊണ്ടുവരുന്നത് എന്ന യാഥാർത്ഥ്യം നമുക്കു മുന്നിലുണ്ട്. ആ നിലയ്ക്കുള്ള അന്വേഷണങ്ങൾ അധികം മലയാളത്തിൽ ഇല്ല. (ഒരാഴ്ചത്തെ ടെലിവിഷൻ പരിപാടികൾ സസൂക്ഷ്മം വീക്ഷിച്ച് റെയ്മണ്ട് വില്യം സ് എഴുതിയ ടെലിവിഷൻ സാങ്കേതികതയും സാംസ്കാരികരൂപവും എന്ന പുസ്തകമാണ് ഈ പഠനത്തിന്റെ ഒരു പൂർവമാതൃക.) എൻ പി യുടെ പുസ്തകത്തെ ഏറ്റവും പ്രസക്തവും അതിന്റെ വായനയെ വേറിട്ട അനുഭവവുമാക്കുന്ന ഘടകം ഈ ചരിത്രവത്കരണമാണ്.
പ്രഭവകാലം മധ്യകാലം നവകാലം എന്നിങ്ങനെ മൂന്നായി തിരിച്ച്, അതതു കാലങ്ങളിലുണ്ടായ പ്രധാന സാമൂഹിക സംഭവങ്ങളെ മാതൃഭൂമിയുടെ മാതൃകാലക്കങ്ങൾ എങ്ങനെയാണ് സ്ഥാനപ്പെടുത്തിയതെന്ന് പരിശോധിക്കുകയാണ് പഠനത്തിൽ. (അച്ചടിക്കപ്പെടുന്ന വിഭവങ്ങളുടെ സ്വഭാവമനുസരിച്ച് സാഹിത്യം – സാഹിത്യേതരം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി സാമൂഹിക പ്രസിദ്ധീകരണം സാഹിത്യപ്രസിദ്ധീകരണമായി പ്രമാണീകരിക്കപ്പെടുന്നതെങ്ങനെയെന്നും എൻ പി ആലോചിക്കുന്നുണ്ട്) പ്രഭവകാലത്തിൽ, (1930-1950) അധഃകൃതർക്ക് സംവരണമണ്ഡലങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ ഗാന്ധിജി നടത്തിയ നിരാഹാരസമരത്തെയും കൽക്കത്ത സർവകലാശാലയിൽ വച്ചുനടന്ന ബിരുദദാന ചടങ്ങിൽ ബംഗാൾ ഗവർണ്ണറായിരുന്ന ഫ്രാൻസിസ് സ്റ്റാൻലി ജാക്സണെ കൊല്ലാനായി ശ്രമിച്ച ബീനാദാസ് എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ വാർത്തയെയും (ചരിത്രം ഇരുട്ടിലാക്കിയ ഒരു സ്ത്രീ പോരാളിയാണ് ബീനാദാസ്) പുന്നപ്ര -വയലാർ സമരത്തെയും മാതൃഭൂമി കൈകാര്യം ചെയ്ത വിധമാണ് അപഗ്രഥിക്കുന്നത്. ഗാന്ധിജിയുടെ സമരത്തോടു പുലർത്തിയ അനുകൂല ഭാവം മറ്റു രണ്ടു സംഭവങ്ങളോടും മാതൃഭൂമി സ്വീകരിച്ചില്ലെന്നും അത് അഹിംസാത്മകമായ നിലപാടിന്റെ പ്രതിഫലനമല്ലെന്നും ( ക്വിറ്റിന്ത്യാസമരം പലവിധത്തിലും ഹിംസാത്മകമായിരുന്നു. എന്നിട്ടും അതിനു മാതൃഭൂമി പിന്തുണ നൽകിയിരുന്നു) കോൺഗ്രസ്സിന്റെ രാഷ്ട്രീയത്തിനനുകൂലമായ നിലപാടായിരുന്നു മാതൃഭൂമിയെ പ്രചോദിപ്പിച്ചിരുന്നതെന്നുമാണ് മനസിലാക്കാൻ കഴിയുന്നത്.

അടിയന്തിരാവസ്ഥയ്ക്കും മണ്ഡൽ സമരത്തിനും ബാബറി മസ്ജിദ് വിഷയത്തിനും ആഴ്ചപ്പതിപ്പു നൽകിയ പ്രാധാന്യത്തെ മുൻ നിർത്തിയാണ് മധ്യകാലത്തെ (1960- 1999) ആനുകാലികത്തെ വിശകലനം ചെയ്യുന്നത്. അടിയന്തിരാവസ്ഥയിൽ മാതൃഭൂമിയുടെ സമീപനം ആശാസ്യമായിരുന്നില്ലെന്നാണ് എൻ പി കണ്ടെത്തുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സ്വാതന്ത്രദിനത്തിനു വന്ന വാരികയുടെ മുഖചിത്രം ബെൽബോട്ടം പാൻസും ട്ടോപ്പുമിട്ട പെൺകുട്ടി നഖം കടിച്ചു നിൽക്കുന്നതിന്റെയായിരുന്നു. ശീർഷകം മധുരസ്മരണകൾ എന്നും. 1976 ലെ റിപ്പബ്ലിക് പതിപ്പിൽ വന്ന ലേഖനത്തിന്റെ ശീർഷകം : അരാജകത്വം അകലെ. ഉപശീർഷകം : അടിയന്തിരാവസ്ഥ അച്ചടക്കത്തിന്. മണ്ഡൽ പ്രക്ഷോഭത്തിൽ താരതമ്യേന സവർണ്ണപക്ഷാഭിമുഖ്യം പുലർത്തുകയും ചെയ്തു. എന്നാൽ ബാബറി മസ്ജിദിന്റെ കാര്യത്തിൽ ഹിന്ദുത്വപക്ഷത്തുനിന്നുള്ള ഒരു വിഭവവും (ചിത്രമോ കത്തോ പോലും) പ്രസിദ്ധീകരിച്ചില്ല.

മുത്തങ്ങാസമരവും ചുംബനസമരവും പ്രമേയമാക്കിയ പതിപ്പുകളും ചെമ്മീൻ സിനിമയുടെ സുവർണ്ണ ജൂബിലി പതിപ്പുമാണ് നവകാല മാതൃകകളായി (2000-2015) തെരെഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്. മുത്തങ്ങാ സമരത്തിൽ ആദിവാസികൾക്ക് അനുകൂലമായി 7 ഇനങ്ങളും എതിരായി 2 ഇനങ്ങളും ചുംബനസമരത്തിൽ അനുകൂലിച്ചുകൊണ്ട് 13 ലേഖനങ്ങളും 17 കത്തുകളും നൽകി. ചെമ്മീൻ സിനിമ ഇറങ്ങിയ കാലത്ത് (1965) സാധാരണ സിനിമയുടെ പദവിമാത്രം നൽകിയ മാതൃഭൂമി വർഷങ്ങൾക്കുശേഷം 2015 ൽ 8 ലേഖനങ്ങളും 58 ഫോട്ടോകളുമായി ഒരു പതിപ്പുതന്നെ നീക്കിവച്ചത് എന്തിനെന്ന ചോദ്യം നിലനിൽക്കുന്നുവെങ്കിലും വ്യത്യസ്തമായ രണ്ടു കാലങ്ങളിൽ ഒരു സിനിമയെക്കുറിച്ചുണ്ടായ രണ്ടു പ്രതീതികളാണ് ആഴ്ചപ്പതിപ്പിന്റെ ഈ രണ്ടു സമീപനങ്ങളെന്നും അതിന്റെ പ്രശ്നവത്കരണത്തിനാണ് പ്രസക്തിയെന്നുമാണ് ചന്ദ്രശേഖരൻ വാദിക്കുന്നത്.

ഏറ്റുമുട്ടുന്ന സാമൂഹിക ദ്വന്ദ്വങ്ങളിൽ നീതി കിട്ടേണ്ടവരോടൊപ്പം നിലയുറപ്പിക്കുന്ന പ്രതിബദ്ധതയല്ല മാതൃഭൂമിയെ നയിക്കുന്നതെന്നും അതുകൊണ്ട് സൃഷ്ട്യുന്മുഖമായ രാഷ്ട്രീയമല്ല മാതൃഭൂമി ആഴ്ചപ്പതിപ്പിനുള്ളതെന്നും ആണ് ചന്ദ്രശേഖരൻ നിരീക്ഷിക്കുന്നത്. ഒറ്റ വാക്യത്തിൽ, ആത്മകേന്ദ്രിതമായ യാന്ത്രികരാഷ്ട്രീയതയുടെ പ്രത്യയശാസ്ത്രമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിനുള്ളതെന്ന്. പൂർവനിശ്ചിതമായ ധാരണകൾ ഈ നോട്ടപ്പാടിലുണ്ടെന്ന കാര്യം എഴുത്തുകാരൻ തുറന്നു പറഞ്ഞിട്ടുണ്ട്. അന്വേഷണവും കണ്ടെത്തലും അതിനെ ശരിവയ്ക്കുകയാണത്രേ ചെയ്തത്. തുരുമ്പിച്ച കപ്പിയുടെ മുഖചിത്രംതന്നെ ആ ധാരണയെ ഉറപ്പിക്കുന്ന ചൂണ്ടുപലകയാണല്ലോ. ബാബറി മസ്ജിദ് വിഷയത്തിൽ എതിർപക്ഷത്തെ പൂർണ്ണമായി അവഗണിച്ച ആഴ്ചപ്പതിപ്പ് ചുംബനസമരത്തിൽ സമരത്തിനെതിരായ 10 കത്തുകൾ പ്രസിദ്ധീകരിച്ച് വിപരീതാഭിപ്രായങ്ങൾക്കും ഇടം നൽകി എന്നും കാണാം. ഈ രണ്ടു വിഷയത്തിലും പ്രതിസ്ഥാനത്ത് ഒരേ പ്രത്യയശാസ്ത്രചട്ടക്കൂടുകളായിരുന്നു എന്ന പ്രത്യേകതയുണ്ട്. ഹിന്ദുത്വശക്തികൾ. (അഥവാ അതിനു മേൽക്കോയ്മയുള്ള വിശാലമായ പ്രത്യയശാസ്ത്രകൂട്ടായ്മ) എന്നാൽ ചുംബനസമരത്തെ മാതൃഭൂമി കണക്കിലെടുത്ത രാഷ്ട്രീയമായല്ല, ആധുനികതയും ആധുനികോത്തരതയും തമ്മിലുള്ള വൈരുദ്ധ്യമായാണ് എന്നാണ് ഗ്രന്ഥകർത്താവിന്റെ നിരീക്ഷണം. ആ നിലപാടിൽ രാഷ്ട്രീയത്തിന്റെ അഭാവം ഉള്ളതുകൊണ്ടാണ് ഭീരുത്വം മാതൃഭൂമിയെ ബാധിച്ചതെന്നും മസ്ജിദ് പ്രശ്നത്തിലെന്നപോലെ എതിരാളികളെ അവഗണിക്കാൻ കഴിയാതാക്കിയതെന്നും അദ്ദേഹം പറയുന്നു.

ആഴ്ചപ്പതിപ്പ് കൈകാര്യം ചെയ്ത സംഭവങ്ങളും പരിശോധനയ്ക്കെടുത്ത മാതൃകാലക്കങ്ങളും മാറിയാൽ ഒരു പക്ഷേ മറ്റൊരു ഫലമായിരിക്കില്ലേ ലഭിക്കുക എന്ന ന്യായമായും സംശയിക്കാം. മാറി മാറി വരുന്ന ആനുകാലികാധിപന്മാരുടെ താത്പര്യങ്ങളും കാലാന്തരത്തിൽ സാമൂഹികസംഭവങ്ങളോടുള്ള മനോഭാവത്തിൽ ആളുകൾക്കുണ്ടാവുന്ന മാറ്റങ്ങളും പൊതുജനമനോഭാവത്തോട് ഇണങ്ങി നിൽക്കാനുള്ള ആനുകാലികങ്ങളുടെ പ്രവണതയും സാമ്പത്തിക താത്പര്യങ്ങളും എല്ലാം പ്രധാനമാണെങ്കിലും വ്യക്തി അധിഷ്ഠിതമായ സമീപനമല്ല പഠനത്തിൽ അവലംബിച്ചിരിക്കുന്നത്. സർഗപ്രക്രിയകൾ അവ നിലനിൽക്കുന്ന ഭൗതികതയുടെ സൃഷ്ടിയാണെന്ന നിലപാടിൽ നിന്നുകൊണ്ടുള്ള നോട്ടമാണത്. സംസ്കാരം എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന ഉന്നതസംസ്കാരമാണെന്നും സമൂഹത്തിൽ മേൽക്കോയ്മയുള്ള ആശയങ്ങൾ മാത്രമല്ല, മേൽക്കോയ്മ കിട്ടാനായി വിവിധ ആശയങ്ങൾ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലും ആനുകാലികങ്ങളിൽ കടന്നുവരുമെന്നും അതുകൊണ്ട് പ്രത്യയശാസ്ത്രങ്ങളുടെ സമരവേദികളാണ് ആനുകാലികങ്ങൾ എന്ന ഉപദർശനത്തിലാണ് എൻ പി ചന്ദ്രശേഖരൻ പ്രബന്ധം അവസാനിപ്പിക്കുന്നത്. അനുബന്ധമായി കെ എൻ പണിക്കരുമായി നടത്തിയ അഭിമുഖവും നൽകിയിട്ടുണ്ട്.

ഇനിയും ഇത്തരം വീണ്ടെടുപ്പുകളും കണക്കെടുപ്പുകളും പല നിലയ്ക്കും ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുന്ന, ഉൾക്കാഴ്ചകൾ നൽകുന്ന പഠനഗ്രന്ഥമാണ് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക വായന’. താഴെ വയ്ക്കാതെ വായിക്കാൻ പറ്റുന്ന ഒന്നുമാണ്.

ഈ പുസ്തകം ലഭ്യമാകാൻ ഈ ലിങ്കിൽ അമർത്തുക;

https://store.keralabhashainstitute.org/index.php?route=product/product&product_id=237&search=%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here