ടെസ്ലയുടെ ആപ്പ് പണിമുടക്കി; കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാവാതെ കുടുങ്ങി നിരവധിപ്പേര്‍, ക്ഷമാപണം നടത്തി മേധാവി

ടെസ്ലയുടെ കാര്‍മേക്കേഴ്‌സ് ആപ്പ് തകരാറിലായതോടെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ നിരവധിപ്പേര്‍ കുടുങ്ങി. വാഹനവുമായി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാന്‍ സാധിക്കാതെ എറര്‍ മെസേജ് ലഭിച്ചുവെന്നാണ് നിരവധിപ്പേര്‍ ട്വിറ്ററിലൂടെ പരാതിപ്പെടുന്നത്.

അതേസമയം, ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടതിന് പിന്നാലെ തകരാറ് പരിശോധിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് വിശദമാക്കുകയും ചെയ്തു. ആപ്പ് ഓണ്‍ലൈനില്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇലോണ്‍ മസ്‌ക് പരാതികളോട് പ്രതികരിച്ചത്. ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയവരടക്കമാണ് പരാതിപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഞ്ഞൂറില്‍ അധികം കാര്‍ ഉടമകളാണ് പരാതിയുമായി എത്തിയത്. എന്നാല്‍ ഇതില്‍ ഏറിയ പങ്കും തകരാറുകള്‍ പരിഹരിച്ചതായും അറുപതോളം പരാതികളാണ് പരിഹരിക്കാനുള്ളതെന്നുമാണ് ടെസ്ല ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. തകരാറ് നേരിട്ടവരോട് ക്ഷമാപണം നടത്തിയ മസ്‌ക് ഇനി ഇത്തരം പ്രശ്‌നം ഉണ്ടാവില്ലെന്നും ട്വീറ്റിലൂടെ വിശദമാക്കിയിട്ടുണ്ട്.

അതേസമയം, തകരാറിലായ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആപ്പ് മാത്രമല്ല വഴിയെന്നാണ് വാഹന വിദഗ്ധര്‍ പറയുന്നത്. ആപ്പിനെ മാത്രം വിശ്വസിച്ച ഉടമകള്‍ക്കാണ് ഇത്തരത്തില്‍ തകരാറ് പണി കൊടുത്തതെന്നുമാണ് വാഹന വിദഗ്ധര്‍ പറയുന്നത്. പുറത്തുപോകുമ്പോള്‍ എ.ടി.എം കാര്‍ഡ് മറക്കുന്നതു പോലെയാണ് ആപ്പിനെ മാത്രം വിശ്വസിച്ച് കാര്‍ എടുക്കുന്നതെന്നാണ് ബര്‍മിങ്ഹാം ബിനിസ് സ്‌കൂളിലെ പ്രൊഫസറായ ഡേവിഡ് ബെയ്‌ലി പ്രതികരിക്കുന്നത്. എന്നാല്‍ ഇന്നലെയുണ്ടായ തകരാറില്‍ ബെയ്‌ലിയും കുറച്ചുനേരം കുടുങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഓഹരികള്‍ അടുത്ത കാലത്തായി കുതിച്ചുയരുകയാണ്. ഇത് സി.ഇ.ഒ എലോണ്‍ മസ്‌കിന്റെ സമ്പത്ത് എക്കാലത്തെയും ഉയരത്തിലെത്താന്‍ സഹായിക്കുകയും ചെയ്തു. ടെസ്ലയുടെ കുതിച്ചുയരുന്ന ഓഹരി വിലകളും സമ്പത്തും മുകേഷ് അംബാനിയുടെ മൂന്നിരട്ടി സമ്പത്ത് ഉള്ളയാളായി മസ്‌കിനെ മാറ്റിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News