”ഇഹലോകവും പരലോകവും സുന്ദരമാക്കിത്തരാം…” മോഹവാഗ്ദാനവുമായി കെജ്‌രിവാൾ ഉത്തരാഖണ്ഡിൽ

2022 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ”വോട്ടു തരൂ… ഇഹലോകവും പരലോകവും സുന്ദരമാക്കിത്തരാം…”

ദില്ലിയിലെ ഭരണനേട്ടങ്ങളും ഭക്തജനങ്ങൾക്ക് സൗജന്യ തീർത്ഥയാത്ര ഒരുക്കിയതും കാണിച്ചാണ് വാർത്താസമ്മേളനത്തിൽ കെജ്‌രിവാളിന്റെ വാഗ്ദാനം. ദേവഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡിലും സൗജന്യ തീർത്ഥ യാത്ര ഒരുക്കുമെന്നാണ് 53 കാരനായ എഎപി നേതാവിന്റെ വാക്ക്.

ഞാൻ ഈയടുത്ത് അയോധ്യയിലെ രാം ലല്ല ദർശനത്തിന് പോയെന്നും എല്ലാവർക്കും അവിടെ ദർശനം നടത്താൻ അവസരം ലഭിക്കാൻ പ്രാർത്ഥിച്ചെന്നും കേജ്‌രിവാൾ പറഞ്ഞു. ദില്ലിയിൽ ഇത്തരം യാത്ര സൗകര്യം ഒരുക്കിയെന്നും ഭരണത്തിലെത്തിയാൽ ഉത്തരാഖണ്ഡിലും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംസഹോദരങ്ങൾക്ക് അജ്മീർ ശരീഫിലേക്കും സിഖ് സഹോദരങ്ങൾക്ക് കാർത്താപൂർ ഇടനാഴിയിലേക്കും യാത്ര ഒരുക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു.

നല്ല വിദ്യാലയങ്ങൾ, റോഡുകൾ, കുടിവെള്ളം, 24 മണിക്കൂർ വൈദ്യുതി, സൗജന്യ വൈദ്യുതി, ജോലി തുടങ്ങിയ സൗകര്യങ്ങൾ നൽകുമെന്നും കേജ്‌രിവാൾ വാക്ക് നൽകി. ഇതിനൊപ്പമാണ് ആധ്യാത്മിക ജീവിത സൗകര്യവും നൽകുമെന്ന വാഗ്ദാനം നൽകിയത്.

എഎപിയെ ബിജെപിക്കും കോൺഗ്രസിനും ഇടയിലായി കാണുന്നില്ലെന്നും അവർ അഴിമതിയിൽ മുഴുകിയിരിക്കുകയാണെന്നും തങ്ങൾ ജനങ്ങൾക്കിടയിലാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലി ഭരിക്കുന്ന എഎപി ദേശീയശക്തിയാകാനൊരുങ്ങി, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സജീവമാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here