“കണ്ണടച്ച് ഇരുട്ടാക്കരുത്”; കെ സുധാകരനെതിരെ എ കെ ബാലന്‍

മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന കെ പി സി സി പ്രസിഡൻറ് കെ. സുധാകരന്റെ പ്രസ്താവന ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ളതാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ .

മുല്ലപ്പെരിയാർ പ്രശ്നത്തിൽ എൽ ഡി എഫ് ഗവൺമെൻറ് നയം വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇതിൽ വ്യക്തമായ നയമുണ്ട്. നിയമസഭയിൽ നവമ്പർ എട്ടിന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി വനം വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ശക്തമായി മറുപടി പറഞ്ഞതാണ്. ഒരു മന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞാൽ, അതു തന്നെ വീണ്ടും വീണ്ടും മുഖ്യമന്ത്രി ആവർത്തിക്കണമെന്ന് പറയുന്നതിൽ അർഥമില്ല. ഇത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. അത് നിരവധി തവണ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പിന്നെ എന്തിനാണ് ഈ വിവാദം ഉണ്ടാക്കുന്നത് ? അത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഒരു ഉയർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. അതിൻറെ ഭാഗമായി ഭരണതലത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. ഇതും നിയമസഭയിൽ പ്രഖ്യാപിച്ചതാണ്. ഒരേ കാര്യം തന്നെ എല്ലാ ദിവസവും മുഖ്യമന്ത്രി പറയുക എന്നത് മുഖ്യമന്ത്രിയുടെ സ്വഭാവമല്ല.

മുല്ലപ്പെരിയാറിലെ ഈ പ്രശ്നം ഉണ്ടാക്കിയത് യുഡിഎഫ് ആണ് . 2006 ലെയും 2014ലെയും സുപ്രീം കോടതി വിധി ചോദിച്ചുവാങ്ങിയതാണ്. അത് യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ്. മാത്രമല്ല, മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി ഡാമിന് താങ്ങാൻ ശേഷിയുണ്ടെന്ന് യു ഡി എഫ് സർക്കാരിന്റെ കാലത്ത്, തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലവിഭവ മന്ത്രിയായിരിക്കുമ്പോഴാണ് അഡ്വക്കേറ്റ് ജനറൽ കേരള ഹൈക്കോടതിയിൽ മൊഴി കൊടുത്തത്. അന്ന് പ്രതിപക്ഷം അതായത് ഇന്നത്തെ ഭരണകക്ഷി, ഇതിനെ ശക്തമായി എതിർത്തതാണ്. ഈ അഫിഡവിറ്റാണ് ജയലളിത പരസ്യമായി കൊടുത്തത്.

ഇത് തന്നെയാണ് സുപ്രീം കോടതിയിലും അവർ പറഞ്ഞത്. ഡാം സുരക്ഷിതമാണെന്നും ഡാം പൊട്ടിയാലും ഇടുക്കി ഡാമിന് താങ്ങാൻ ശേഷിയുണ്ടെന്നാണ് കേരളം തന്നെ പറഞ്ഞിരിക്കുന്നതെന്നുമാണ് തമിഴ്നാട് സുപ്രീം കോടതിയിൽ പറഞ്ഞത്. ഇത് യു ഡി എഫ് ഗവണ്മെന്റിന്റെ കാലത്ത് കേരളം കൊടുത്ത അഫിഡവിറ്റിനെ ആധാരമാക്കിയാണ്. ഇത് മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് യു ഡി എഫ് നേതാക്കൾ ഇപ്പോൾ നടത്തുന്നത്. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള കുറ്റബോധം കൊണ്ടാണ് ഇടയ്ക്കിടക്ക് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഡാം പണിയുന്നത് വരെ സമരം നടത്തുമെന്നാണ് ഇപ്പോൾ യു ഡി എഫ് പറയുന്നത്. ഇതിൽ കേരളത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്ര സർക്കാരിൻറെ അനുമതിയില്ലാതെ അവിടെ ഒരു കല്ലിടാൻ പോലും കഴിയില്ല. കേന്ദ്ര വനം – പരിസ്ഥിതി വകുപ്പിന്റെയും കേന്ദ്ര സർക്കാരിന്റെയും അനുമതിയില്ലാതെ ആരു വിചാരിച്ചാലും അവിടെ ഒരു പുതിയ ഡാം കെട്ടാൻ കഴിയില്ല.

കേന്ദ്രത്തിനെതിരെ തിരിയേണ്ട ജനവികാരത്തെ എൽഡിഎഫിനെതിരായി തിരിക്കാൻ ശ്രമിക്കുകയാണ്. ഇതുതന്നെയാണ് പെട്രോൾ ഡീസൽ വില വർധനവിന്റെ കാര്യത്തിലും യുഡിഎഫ് നിലപാട്. കേരളം വർധിപ്പിക്കാത്ത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന യുഡിഎഫ്, കേന്ദ്രം വർദ്ധിപ്പിച്ച നികുതി പിൻവലിക്കണമെന്ന് പറയുന്നതേയില്ല. ഇത് ശുദ്ധ അസംബന്ധമാണ്. ഇനിയെങ്കിലും ഈ രൂപത്തിലുള്ള അഭിപ്രായപ്രകടനങ്ങളിൽ നിന്ന് കെപിസിസി പ്രസിഡന്‍റ് പിന്മാറണമെന്നും എ കെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here