സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ലക്നൗവിൽ മഹാപഞ്ചായത്ത് നടത്തി കർഷകർ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലക്നൗവിൽ മഹാപഞ്ചായത്ത് നടത്തി കർഷകർ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ആണ് മഹാ പഞ്ചായത്ത് നടത്തിയത്. ലഖിംപൂർ ഖേരി സംഭവത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകണം എന്നും കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നും ആവശ്യപ്പെട്ട് നടന്ന മഹാപഞ്ചായത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

സമരത്തിൽ നിന്ന് പിന്മാറില്ല എന്ന പ്രഖ്യാപനത്തിന് പിന്നാലെ ആണ് സംയുക്ത കിസാൻ മോർച്ച ലക്നൗവിൽ മഹാപഞ്ചായത്ത് നടത്തിയത്. മുസഫർ നഗറിനും വാരണാസിക്കും പിന്നാലെ ഉത്തർ പ്രദേശ് കണ്ട ഏറ്റവും വലിയ മൂന്നാമത്തെ മഹാപഞ്ചായത്തിനാണ് ലക്നൗ സാക്ഷ്യം വഹിച്ചത്.

വിവിധ കർഷക സംഘടനകളിലെ നേതാക്കൾ സമര വേദിയിലെത്തിയ ആയിരക്കണക്കിന് കർഷകരോട് സംസാരിച്ചു. ലഖിംപൂർ ഖേരി സംഭവത്തിൽ കൊല്ലപ്പെട്ട കർഷകർക്ക് കൃത്യമായ അന്വേഷണത്തിലൂടെ നീതി ഉറപ്പാക്കണം എന്ന് മഹാപഞ്ചായത്തിൽ കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഒപ്പം ഇവരുടെ പുനരധിവാസവും ഉറപ്പ് വരുത്തണം. കർഷകരുടെ മരണത്തിന് കാരണക്കാരനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നും കർഷകർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന കർഷക സമരത്തിൽ രക്തസാക്ഷികളായ കർഷകർക്ക് സിംഘു അതിർത്തിയിൽ സ്മാരകം നിർമിക്കാൻ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് തുറന്ന കത്ത് നൽകിയിരുന്നു. കർഷക സമരം ആരംഭിച്ച ഘട്ടത്തിൽ കർഷക സംഘടനകൾ മുന്നോട്ട് വെച്ച മറ്റ് രണ്ട് ആവശ്യങ്ങൾ ആയിരുന്നു വൈദ്യുതി ഭേദഗതി നിയമം റദ്ദ് ചെയ്യുക, ഉത്പാദന ചെലവിൻ്റെ ഒന്നര മടങ്ങ് അടിസ്ഥാന താങ്ങ് വില നിയമം മൂലം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ.

ഇക്കാര്യങ്ങളിൽ ഉറപ്പ് ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കാൻ കഴിയില്ല എന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിന് ശേഷം സംയുക്ത കിസാൻ മോർച്ച അറിയിച്ചത്. അതെസമയം കിഴക്കൻ പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ നിന്നുള്ള കൂടുതൽ കർഷകരുടെ മഹാപഞ്ചായത്തിലെ സാന്നിധ്യം ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ന്യൂനപക്ഷ കർഷകരും ജാട്ട് കർഷകരും മഹാപഞ്ചായത്തിന് എത്തിയതോടെ ബിജെപിയുടെ ഉത്തർ പ്രദേശിലെ വോട്ട് ബാങ്കിൽ വിള്ളൽ വീഴുമെന്ന് ഉറപ്പായി. പാർലമെൻ്റ് സമ്മേളനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കാർഷിക കരിനിയമങ്ങൾ പിൻവലിക്കുന്ന കാര്യം ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രി സഭാ യോഗം ചർച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News