കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ജി വിടപറഞ്ഞിട്ട് ഇന്ന് ഒമ്പത് വര്‍ഷം

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിളള വിടപറഞ്ഞിട്ട് ഇന്ന് ഒമ്പത് വര്‍ഷങ്ങള്‍ തികയുകയാണ്. ഒരു മനുഷ്യന്‍റെ തലചോറിലേക്ക് ആവാഹിച്ച വിജ്ഞാനം അത്രയും ശേഖരിച്ച് സൂക്ഷിക്കാന്‍ ക‍ഴിയുന്ന കണ്ടുപിടുത്തം ഭാവിയില്‍ ശാസ്ത്രം നടത്താന്‍ സാധ്യതയുണ്ടോ. മരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ ആശുപത്രിയില്‍ കാണാന്‍ ചെന്ന ഒരു സ്നേഹിതനോട് പി ഗോവിന്ദപിളള ഔല്‍സുക്യത്തോടെ തിരക്കിയത് ഇതായിരുന്നു.

കണക്കില്ലാത്ത അത്രയും അറിവ് സമ്പാദിക്കുകയും അറിഞ്ഞതിന്‍റെ എത്രയോ കുറച്ച് മാത്രം എ‍ഴുതുകയും ചെയ്ത വിജ്ഞാനത്തിന്‍റെ വൈശ്രവണനായിരുന്നു പി ഗോവിന്ദപിളള. അദ്ദേഹം മരണശേഷം പുറത്തിറങ്ങിയ മലയാളത്തിലെ ഒരു പ്രമുഖപത്രത്തിന്‍റെ തലകെട്ട് ഇങ്ങനെയായിരുന്നു.

ചിതയിലെരിഞ്ഞു മഹാ ഗ്രന്ഥം. ഈ മനുഷ്യന്‍ വായിച്ചതിന്‍റെ പകുതിയെങ്കിലും വായിക്കാന്‍ ക‍ഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീ‍ഴടക്കിയേനെ എന്ന് സാക്ഷാല്‍ ഇഎംഎസ് പോലും പിജിയെ പറ്റി പറഞ്ഞു എന്നൊരു കഥയുണ്ട്. പുല്ലുവ‍ഴിയിലെ ജന്‍മി കുടുംബത്തില്‍ ജനിച്ച ഗോവിന്ദപിളളയെ അച്ഛന്‍ ബോംബേയിലെ പ്രശസ്തമായ സെന്‍റ് സ്റ്റീഫന്‍സ് കോളേജിലേക്ക് അയച്ചത് ഡിഗ്രി സമ്പാദിക്കാനായിരുന്നു.

എന്നാല്‍ കമ്മ്യൂണിസം തലക്ക് പിടിച്ച് ബിരുദ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങി വന്ന മകന്‍ അച്ഛന്‍റെ പ്രതീക്ഷ തെറ്റിച്ചിരിക്കാം , പക്ഷെ നിരാലംബരായ ലക്ഷകണക്കിന് മനുഷ്യരുടെ പ്രത്യാശയായി മാറി. 1957 ല്‍ പെരുമ്പാവൂരില്‍ നിന്ന് കോണ്‍ഗ്രസ് കരുത്തനായ കെ എ ദാമോദര മേനോനെ മലര്‍ത്തിയടിച്ച് നിയമസഭയിലെത്തി.

പി ഗോവിന്ദപിളളയും വെളിയംഭാര്‍ഗവനും തോപ്പില്‍ ഭാസിയും എല്ലാം അടങ്ങുന്ന അന്നത്തെ ജിംഞ്ചര്‍ ഗ്രൂപ്പ് പട്ടം താണുപിളളക്കും, പിടി ചാക്കോക്കും ഉണ്ടാക്കിയ തലവേദനകള്‍ ചെറുതായിരുന്നില്ല. 1960കളോടെ ദില്ലിയിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയ പിജി പാര്‍ട്ടിയിലെ പിളര്‍പ്പ് വരെ ദില്ലിയില്‍ തുടര്‍ന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സി അച്യുതമേനോനും, എന്‍ ഇ ബലറാമും, ഉണ്ണിരാജയും കൊളാടി ഗോവിന്ദന്‍കുട്ടിയും അടക്കമുളള മുതിര്‍ന്ന സൈദ്ധാന്തികരെല്ലാം സിപിഐയില്‍. ഇഎംഎസ് ഇപ്പുറത്തും. പ്രത്യയശാസ്ത്ര അപഭ്രംശങ്ങളെ പറ്റി വിശദീകരിക്കാന്‍ ഇഎംഎസിന്‍റെ നിര്‍ദ്ദേശാനുസരണം പിജി മടങ്ങിയെത്തി.

പിന്നീടങ്ങോട് സിപിഐഎമ്മിന്‍റെ രാഷ്ടീയവും പ്രത്യയശാസ്ത്രവും ഉയര്‍ത്തിപിടിച്ച് പേരാടുക എന്ന നിയോഗം ഒരു ദൗത്യമായി പിജി ഏറ്റെടുത്തു. ഒരുപാട് പുസ്തകങ്ങള്‍ ഭംഗിയായി അടുക്കി സൂക്ഷിച്ച ഒരു ലൈബ്രറിയായിരുന്നു പിജി. എന്തിനും എതിനും അവിടെ ഉത്തരമില്ലാതിരിക്കില്ല

ചെറുപ്പത്തില്‍ ആഗമാനന്ദ സ്വാമികളില്‍ നിന്ന് ബ്രഹ്മസൂക്തം പഠിച്ചിട്ടുണ്ട് പിജി. പക്ഷെ ജീവിതത്തില്‍ ഉടനീളം തികഞ്ഞ നാസ്തികനായിരുന്നു അദ്ദേഹം.

മാര്‍ക്സിയന്‍ സൈദ്ധാന്തികനായ അന്തോണിയോ ഗ്രാംഷിയെ മുതല്‍ ഭക്തിപ്രസ്ഥാനത്തിന്‍റെ ഉള്‍പിരിവുകളെ പറ്റി വരെ എ‍ഴുതിയ അദ്ദേഹത്തിന്, പ്രചീനകലകള്‍ മുതല്‍ നാനോ ടെക്നോളജിയെ പറ്റി പോലും വാചാലമായി സംസാരിക്കാനുളള അറിവുണ്ടായിരുന്നു. പിജിയുടെ അസാനിധ്യം കനമുളള ഒരോര്‍മ്മയായി ഒരിക്കല്‍ കൂടി നമ്മളെ തൊട്ട് വിളിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News