കർഷക സമരം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സംയുക്ത കിസാൻ മോർച്ച

മഹാപഞ്ചായത്തിന് പിന്നാലെ കർഷക സമരം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സംയുക്ത കിസാൻ മോർച്ച. കർഷകർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നിയമം പിൻവലിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രി സഭാ വിഷയം ചർച്ച ചെയ്യും. അതെ സമയം കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ട് വരും എന്ന ബിജെപി നേതാക്കളുടെ പ്രസ്താവന ബിജെപിക്ക് തിരിച്ചടി ആയേക്കും.

അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ മൂന്നാമത്തെ മഹാ പഞ്ചായത്തുമായി കർഷക പ്രതിഷേധം കടുത്തതോടെ ആശങ്കയിലായിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലക്കെടുക്കാത്ത കർഷക സംഘടനകൾ നേരത്തെ ആഹ്വാനം ചെയ്ത സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത മഹാറാലി കൂടി ഉത്തർപ്രദേശിൽ പൂർത്തിയാകുമ്പോൾ പാർലമെൻ്റിൽ നിയമം പിൻവലിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും കേന്ദ്രസർക്കാരിന് മുന്നിൽ ഇല്ല. ഇന്ന് ചേരുന്ന ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷമാകും 29-ന് ശൈത്യകാല സമ്മേളനത്തിനായി പാർലമെൻറ് സമ്മേളിക്കുമ്പോൾ നിയമം പിൻവലിക്കാൻ ആവശ്യമായ സാങ്കേതിക നടപടികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കുന്നത്.

തുറന്ന കത്തിലൂടെ കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങളും ചർച്ച ചെയ്യണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം അല്ല ഇതെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴാകില്ല എന്നും കർഷകർക്ക് മുന്നിൽ തെളിയിക്കണമെന്ന് കൂടിയാണ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടുന്നത്. അതേസമയം നിയമങ്ങൾ പിൻവലിച്ചെങ്കിലും വീണ്ടും അവ കൊണ്ടുവരുമെന്ന ബിജെപി നേതാവ് സാക്ഷി മഹാരാജിൻറെ പ്രസ്താവന ബിജെപിക്ക് തിരിച്ചടിയാണ്.

തെരഞ്ഞെടുപ്പിൽ വോട്ടു ബാങ്കിൽ വിള്ളൽ വരാതിരിക്കാൻ ബിജെപി ശ്രമിക്കുമ്പോഴാണ് കർഷകർക്ക് എതിരായ ബിജെപി നേതാവിൻ്റെ പ്രസ്താവന. ആവശ്യമെങ്കിൽ കർഷക നിയമങ്ങൾ പുനസ്ഥാപിക്കും എന്ന് രാജസ്ഥാൻ ഗവർണറും ബിജെപി നേതാവുമായ കൽരാജ് മിശ്രയുടെ പ്രസ്താവനയും നിയമങ്ങൾ പിൻവലിക്കുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നതിൻറെ സൂചനയാണ് നൽകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News