ഐ എസ് എല്‍; ഇന്ന് ഹൈദരാബാദ് – ചെന്നൈയിൻ പോരാട്ടം

ഐ എസ് എല്ലിൽ ഇന്ന് ഹൈദരാബാദ് – ചെന്നൈയിൻ പോരാട്ടം. രാത്രി 7:30 ന് ഗോവയിലെ ബംബോളിം ജി എം സി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്.സിക്ക് പ്ലേ ഓഫ് നഷ്ടമായത് നേരിയ മാർജിനിലാണ്. പക്ഷെ ഇക്കുറി കരുതലോടെയാണ് നൈസാമുകളുടെ ഒരുക്കം.

എല്ലാ പൊസിഷനുകളിലും പ്രതിഭാശാലികളായ യുവ താരങ്ങളുടെ സാന്നിധ്യമാണ് ഹൈദരാബാദ് ടീമിന്റെ കരുത്ത്. പരിചയ സമ്പന്നരായ ഒത്തിരി താരങ്ങളെയും നടപ്പ് സീസണിൽ ടീമിലെത്തിച്ചിട്ടുണ്ട്.

ബാർത്തലോമിയോ ഒഗ്ബെച്ചെ, എഡു ഗാർഷ്യ, ജുവാനൻ എന്നിവരാണ് ശ്രദ്ധേയ സൈനിങ്ങുകൾ. ഗോൾ വല കാക്കുന്നത് ലക്ഷ്മികാന്ത് കട്ടിമണിയാണ്. പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും എല്ലാം ഒന്നാന്തരം താരങ്ങൾ അണിനിരക്കുന്നത് മാനുവൽ റോക്ക പരിശീലകനായ ക്ലബ്ബിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് കണക്ക് തീർക്കാൻ ഉറച്ചാണ് ചെന്നെയിൻ എഫ്.സി എത്തുന്നത്. പുതിയ പരിശീലകൻ ബോസിദാർ ബന്ദോവിച്ചിന് കീഴിൽ ശുഭപ്രതീക്ഷയിലാണ് രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈയിൻ ടീമിന്റെ പടയൊരുക്കം.

നടപ്പ് സീസണിൽ 5 പുതിയ വിദേശ താരങ്ങളെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാഫേൽ ക്രിവെല്ലാരോ , മിർലാൻ മുർസേവ് എന്നിവരാണ് ശ്രദ്ധേയ വിദേശ താരങ്ങൾ. മലയാളി താരം ജോബി ജസ്റ്റിനും റഹിം അലിയും ഉൾപ്പെട്ട ആക്രമണ നിരയും ശക്തമാണ്.

ഏതായാലും ഐ എസ് എല്ലിലെ അതി വാശിയേറിയ പോരിനായിരിക്കും ഇന്ന് ബംബോളിം സ്റ്റേഡിയം വേദിയാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here