മോഡലുകളുടെ മരണം; ഡി വി ആര്‍ കണ്ടെത്തുന്നതിനായി കൊച്ചി കായലില്‍ വീണ്ടും പരിശോധന

മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ ഡി വി ആര്‍ കണ്ടെത്തുന്നതിനായി കൊച്ചി കായലില്‍ വീണ്ടും പരിശോധന.കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നലെ ഫയര്‍ഫോഴ്‌സ് സ്‌ക്കൂബ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഡി വി ആര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന ഡി വി ആര്‍ കാണാതായതാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്.കാരണം ഇവര്‍ അപകടത്തില്‍പെടുന്നതിനു മുന്‍പ് ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.ഇവിടെ വെച്ചുണ്ടായ എന്തെങ്കിലും പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണൊ കാര്‍ ചേസിംഗും അപകടവുമെല്ലാം സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കണം.

ഈ ദൃശ്യങ്ങളടങ്ങുന്ന ഡി വി ആര്‍ ഹോട്ടലുടമ റോയിയുടെ നിര്‍ദേശപ്രകാരം കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്. അതിനാല്‍ ഇത് ഏതു വിധേനയും കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് ഫയര്‍ഫോഴ്‌സ് സ്‌ക്കൂബ ടീമിനെക്കൊണ്ട് പൊലീസ് ഇന്നലെ കായലില്‍ തിരച്ചില്‍ നടത്തിയത്.പക്ഷേ ഫലം കണ്ടില്ല.ഇതെത്തുടര്‍ന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയതെന്ന് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു താഴെ കോസ്റ്റ്ഗാര്‍ഡ് പരിശോധനയാരംഭിച്ചത്.ആധുനിക സംവിധാനങ്ങളോടെയായിരുന്നു പരിശോധന.അതേ സമയം കേസന്വേഷണം അന്തിമഘട്ടത്തിലാണെന്ന് കമ്മീഷണര്‍ പറഞ്ഞു.അപകടത്തില്‍ പ്പെട്ട വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെയും ഇവരെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന ഷൈജുവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News