മോഫിയയുടെ മരണം; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി

ആലുവ കീഴ്മാട് ഇടയപ്പുറത്ത് ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് അഭിഭാഷക വിദ്യാര്‍ഥിനി മോഫിയ പര്‍വിന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.

നീതിരഹിതമായ സമീപനം പൊലീസ് സ്റ്റേഷനില്‍നിന്ന് ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് വനിതാ കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുംചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പെണ്‍കുട്ടി റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ പകര്‍പ്പുസഹിതം 17ന് വനിതാ കമീഷനും പരാതി നല്‍കിയിരുന്നു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസിസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നതായും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു.

തിങ്കളാഴ്ച രാത്രി പത്തോടെയാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. പൊലീസില്‍ നല്‍കിയ പരാതിയില്‍ ചര്‍ച്ചക്കായി യുവതിയെയും ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും തിങ്കളാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here