‘മയ്യനാടിനായി ചരിത്ര സ്മാരകമൊരുക്കും’: മന്ത്രി സജി ചെറിയാന്‍

ഒരു നൂറ്റാണ്ടിലേറെയുള്ള സാംസ്‌കാരിക ചരിത്രം ഉള്‍പ്പെടുത്തി മയ്യനാടിനായി സാംസ്‌കാരിക സമുച്ചയം ഒരുക്കുമെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കാക്കോട്ടുമൂല ഗവ. മോഡല്‍ യു.പി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാമൂഹിക മുന്നേറ്റത്തിന് വിപ്ലവം കുറിച്ച നാടാണ് മയ്യനാട്. ഒരുപാട് സാംസ്‌കാരിക നായകന്മാരെയും സമ്മാനിച്ചു. ഏകദേശം 110 വര്‍ഷത്തെ പഴക്കമുള്ള ചരിത്രം നാടിനുണ്ട്. ഈ ചരിത്രം പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിനായി സ്മാരകമൊരുക്കും. ഇതിനാവശ്യമായ ധനസഹായം സാംസ്‌കാരിക വകുപ്പ് മുഖേന ലഭ്യമാക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ വിദ്യാഭ്യാസമേഖല മികവിന്റെ പാതയിലാണ്. മികച്ച അധ്യാപനവും പഠനാന്തരീക്ഷവും സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കിഫ്ബി ധനസഹായത്തിലാണ് സ്‌കൂളില്‍ മൂന്ന് ക്ലാസ് മുറികള്‍, ഒരു ഹെഡ് റൂം എന്നിവ ഒരുക്കിയത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, ജില്ലാ പഞ്ചായത്ത് അംഗം എസ്.സെല്‍വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ എം.ഡി ഷെയ്ഖ് പരീത്, ഹെഡ്മാസ്റ്റര്‍ കുമാരസേനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News