കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സഭ ചേരുന്ന ഈ മാസം 29ന് ലോക്‌സഭയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കും. നാളെ ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇതിന് അന്തിമ രൂപം നല്‍കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം പാര്‍ലമെന്റില്‍ ഇരുസഭകളും പാസാക്കിയ 3 കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാനാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ മാസം 29ന് ശൈത്യകാല സമ്മേളനത്തിന് പാര്‍ലമെന്റ് ചേരുമ്പോള്‍ ബില്‍ ലോക്‌സഭയില്‍ ആദ്യം അവതരിപ്പിക്കും.

തുടര്‍ന്ന് ബില്ലിന്മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ രാജ്യസഭയിലും ബില്ലിന്റെ അവതരണം ഉണ്ടാകും. മൂന്നു നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് നിരക്കില്‍ മിനിമം താങ്ങുവില ഉറപ്പുവരുത്തുക എന്ന കര്‍ഷകരുടെ ആവശ്യവും ഈ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ ചര്‍ച്ച ചെയ്യും.

ശൈത്യകാല സമ്മേളനത്തിനായി പാര്‍ലമെന്റ് സമ്മേളിക്കുന്ന ഈ മാസം 29ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തില്‍നിന്ന് കര്‍ഷക സംഘടനകളെ പിന്തിരിപ്പിക്കാന്‍ കൂടിയാണ് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കിഴക്കന്‍ ഉത്തര്‍പ്രദേശിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും കര്‍ഷകര്‍ കൂട്ടത്തോടെ കേന്ദ്ര സര്‍ക്കാരിന് എതിരായത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ ആരംഭിച്ച സമരം ദേശീയതലത്തില്‍ കര്‍ഷകരെ ബിജെപിക്കെതിരാക്കി മാറ്റിയിട്ടുണ്ട്. അതേസമയം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമംമൂലം ഉറപ്പുവരുത്തുക, വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. ലഘിംപൂര്‍ ഖേരി സംഭവത്തില്‍ സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നുള്ള കര്‍ഷകരുടെ ആവശ്യവും ശക്തമാണ്. ക്യാബിനറ്റ് യോഗത്തില്‍ ബില്ലിന്റെ കരട് രൂപം കേന്ദ്ര സര്‍ക്കാര് തയ്യാറാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News