റോഡ് പണി നടത്താന്‍ നൂതന സാങ്കേതിക വിദ്യയ്ക്കായുള്ള പരിശ്രമം തുടങ്ങി; മന്ത്രി പി എ മുഹമ്മദ് റിയാസ്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോൾ അതിനെ മറികടക്കാനുള്ള നിർമ്മാണ രീതികൾ ആവശ്യമായി വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഇപ്പോഴത്തെ കാലാവസ്ഥയെ അതിജീവിക്കുന്ന റോ‍ഡുകളെ കുറിച്ചാണ് നമ്മൾ ഇതുവരെ സംസാരിച്ചിരുന്നത്. എന്നാൽ ഈ കാലാവസ്ഥയിൽ എങ്ങനെ റോഡു പണി നടത്താം എന്നതിനെ കുറിച്ചുള്ള ചർച്ചകളിലേക്ക് കൂടി പൊതുമരാമത്ത് വകുപ്പ് കടന്നിരിക്കുകയാണ്.

മഴക്കിടയിലും റോഡ് പണി നടത്താനുള്ള സാങ്കേതിക വിദ്യ വിദേശരാജ്യങ്ങളിലുണ്ടോ എന്ന പരിശോധന ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് നമ്മുടെ നിർമ്മാണ പ്രവൃത്തികളെയാണ് . പ്രത്യേകിച്ചും റോഡ് നിർമ്മാണമേഖലയെ ഇത് ബാധിക്കുന്നുണ്ട്. വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് മാറി കഴിഞ്ഞു .സാധാരണയിൽ മാറി 2021 ൽ മഴപെയ്തതിൽ കാര്യമായ മാറ്റം ഉണ്ടായി.

2021 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ മുൻ വർഷത്തേക്കാളും അധികമഴ ( LARGE EXCESS ) കേരളത്തിന് ലഭിച്ചു. ആ സമയത്ത് എല്ലാ ജില്ലകളിലും ഒരു പോലെ അധിക മഴ ലഭിച്ചതായി കാണാം. മാർച്ച് മുതൽ മെയ് വരെ മാസങ്ങളിലും കേരളത്തിൽ അധിക മഴ ലഭിച്ചുവെന്നാണ് കണക്ക്. ഇപ്പോൾ തുലാവർഷത്തിലേക്ക് എത്തുമ്പോൾ സ്ഥിതി കുറേക്കൂടി രൂക്ഷമാണ്.

ഒക്ടോബർ ഒന്നു മുതൽ നവംബർ പതിനെട്ടു വരെ 874.9 മില്ലി മീറ്റർ മഴയാണ് കേരളത്തിന് ലഭിച്ചത് . സാധാരണ കണക്കനുസരിച്ച് ലഭിക്കേണ്ടത് 422.6 മില്ലി മീറ്ററാണ് . 107 ശതമാനം അധികം . ഇത്തവണ കേരളത്തിന് ലഭിച്ച തുലാ വർഷം സർവ്വകാല റെക്കോർഡാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഈ കാലയളവിൽ എട്ട് ന്യൂനമർദ്ദം രൂപപ്പെടുകയും കനത്ത മഴയായി പെയ്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. മെയ് മാസത്തിൽ എത്തിയ ടൗട്ടെ ചുഴലിക്കാറ്റും യാസ് ചുഴലിക്കാറ്റും കൂടി ചേർത്താൽ ഇതിന്റെ വ്യാപ്തി മനസിലാകും.

ഇത് പൊതുമരാമത്ത് പ്രവൃത്തികളെ താളം തെറ്റിക്കുകയാണ്. നവംബർ പകുതിയോടെ തുടങ്ങി മെയ് മാസം വരെയുള്ള കാലയളവിലാണ് കേരളത്തിൽ വേഗതയിൽ പൊതുമരാമത്ത് പ്രവൃത്തികൾ നടക്കുക. മാർച്ച്, ഏപ്രിൽ , മെയ് മാസങ്ങളിൽ മഴക്കാല പൂർവ്വ പ്രവർത്തനങ്ങളും നടക്കും. കാലവർഷ സമയത്തെ അറ്റകുറ്റപ്പണി സപ്തംബർ , ഒക്ടോബർ മാസങ്ങളിലും നടക്കും.

മഴ ഇതിനെ ഒക്കെ ബാധിച്ചിട്ടുണ്ട്. മഴ മാറി നിൽക്കുന്ന സമയങ്ങളിൽ പ്രവൃത്തി നടത്താനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. എന്നാൽ ഇത്തരമൊരു കാലാവസ്ഥ തുടർന്നാൽ പുതിയ രീതികൾ അവലംബിക്കേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇപ്പോൾ മഴയിൽ തകർന്നു കിടക്കുന്ന റോഡുകൾ മഴ നിൽക്കുമ്പോൾ അറ്റകുറ്റപ്പണി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് നടത്തിയതായും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News