കുടുംബശ്രീയുടെ മുറ്റത്തെ മുല്ല പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച മുറ്റത്തെ മുല്ല പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണമേഖലയുമായി കൈകോര്‍ത്ത് കൂടുതല്‍ സ്ത്രീകള്‍ക്ക് ആശ്വാസമേകുന്ന നിലയില്‍ പദ്ധതിയെ വിപുലപ്പെടുത്തുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

നിര്‍ധനരായ കുടുംബങ്ങളെ വട്ടിപ്പലിശക്കാര്‍ പിഴിയുന്ന വ്യവസ്ഥ ഇല്ലാതാക്കാന്‍ വീടുകളിലേക്കെത്തി ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞപലിശയ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ചതോറുമുളള തിരിച്ചടവിലൂടെ ഗുണഭോക്താക്കളില്‍ നിന്നും വായ്പാ തുക ഈടാക്കുകയും ചെയ്യുന്ന പദ്ധതിയാണ് മുല്ലത്തെ മുല്ല.

സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍, നിര്‍ദ്ധന കുടുംബങ്ങള്‍ തുടങ്ങിയവര്‍ അമിത പലിശ ഈടാക്കുന്ന വായ്പകളില്‍ കുരുങ്ങുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. മുറ്റത്തെ മുല്ലയിലൂടെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയിലാണ് 2018ല്‍ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ ജില്ലാമിഷനും ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളും പദ്ധതിയുമായി സഹകരിച്ചു. തുടര്‍ന്നാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം 535.65 കോടി രൂപയുടെ വായ്പയാണ് സഹകരണ ബാങ്കുകള്‍ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയത്.

39195 കുടുംബങ്ങള്‍ക്ക് ഇതിലൂടെ സഹായം ലഭിച്ചു. 586 സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ, 456 സി ഡി എസുകളിലൂടെ, 2386 അയല്‍ക്കൂട്ടങ്ങളാണ് മുറ്റത്തെ മുല്ല പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കടക്കെണിയില്‍പ്പെട്ട കുടുംബങ്ങളെ കണ്ടെത്തുന്നതിനായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ മണിലെന്‍ഡേഴ്‌സ് സര്‍വേ സംഘടിപ്പിച്ചുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്.

സ്വകാര്യ മൈക്രോഫിനാന്‍സുകാര്‍ 35%ത്തില്‍ കൂടുതല്‍ പലിശ ഈടാക്കുമ്പോള്‍, കുടുംബശ്രീ കുറഞ്ഞ പലിശ നിരക്കില്‍ ഒരാള്‍ക്ക് 1000 മുതല്‍ 50,000 രൂപ വരെ 52 ആഴ്ച കാലാവധിയിലാണ് വായ്പ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ചില ജില്ലകളില്‍ സഹകരണ ബാങ്കുകളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നതില്‍ വേണ്ടത്ര മുന്നേറ്റമുണ്ടായിട്ടില്ല. വരും നാളുകളില്‍ ആ കുറവ് പരിഹരിക്കുന്നതിനായി ഇടപെടുമെന്നും പദ്ധതിയിലേക്കുള്ള അയല്‍ക്കൂട്ടങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News