അടിപതറി കോൺഗ്രസ്;  മുകുൾ സാങ്ങ്മയടക്കം 12എം എൽ എമാര്‍ തൃണമുൽ കോൺഗ്രസിലേക്ക്

രാജസ്ഥാൻ പ്രതിസന്ധി മന്ത്രിസഭ വിപുലീകരണത്തിലൂടെ പരിഹരിക്കാൻ ശ്രമിച്ച കോൺഗ്രസിന് മുന്നിൽ പുതിയ വെല്ലുവിളിയായി മേഘാലയ. മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്ങ്മയടക്കം 12 കോൺഗ്രസ് എം എൽ എമാർ തൃണമുൽ കോൺഗ്രസിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ആകെയുള്ള 18എം എൽ എമാരിൽ 12 പേർ ടി എം സിക്ക് ഒപ്പം പോകുന്നതോടെ മുഖ്യ പ്രതിപക്ഷമായി തൃണമൂൽ മാറും. ഇതോടെ മേഖലയായിൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നഷ്ടമാകും.

പഞ്ചാബ്, രാജസ്ഥാൻ പ്രതിസന്ധികൾ ഏറെക്കുറെ മറികടക്കാൻ കഴിഞ്ഞെന്നു വിശ്വസിക്കുന്ന കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ കടുത്ത വെല്ലുവിളിയായി മാറുകയാണ് മേഘാലയ. കോൺഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിലപാട് തള്ളി 18 എം എൽ എമാരിൽ 12 പേരും തൃണമൂൽ പക്ഷത്ത് എത്തുകയാണ്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ പാർട്ടി വിടുമെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ആ വാർത്തകൾ നിഷേധിച്ചിരുന്നു.

എന്നാൽ ഇന്ന് മുകുൾ സാങ്മ ഷിലോങ്ങിൽ വാർത്താ സമ്മേളനം നടത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. കോൺഗ്രസ് വിടുന്നവർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ ഭാഗം ആകുന്നുവെന്നതും പ്രത്യേകതയാണ്. 12 എം എൽ എമാർ എത്തുന്നതോടെ മേഘാലയിൽ തൃണമൂൽ കോൺഗ്രസ് മുഖ്യ പ്രതിപക്ഷ പാർട്ടിയാവും. കോൺഗ്രസിന്റെ പ്രതിപക്ഷ സ്ഥാനം നഷ്ടമാവുകയും ചെയ്യും.

ദീർഘനാളായി ദേശീയ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു സാങ്മ. മുൻ കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പിസിസി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ദീദിയുടെ അടുത്ത ഞെട്ടിക്കൽ.

പാർട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് നേരത്തെ മമത ബാനർജി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളും ലോക്സഭ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് മമതയുടെ നീക്കങ്ങൾ. അതേസമയം ഈ നീക്കങ്ങളും പ്രതിപക്ഷ ഐക്യം ഇല്ലായ്മയും ദേശിയ തലത്തിൽ ബിജെപിക്ക് നേട്ടം ആകുമെന്നാണ് വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News